ചോദ്യം കൊള്ളാം പക്ഷേ എനിക്കറിയില്ല; അവതാരകന് സഞ്ജുവിന്റെ മറുപടി

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ജയിച്ചെന്ന് ഉറപ്പിച്ച മത്സരം തോറ്റതിനെക്കുറിച്ച് പ്രതികരിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ സന്ദീപ് ശര്‍മ എറിഞ്ഞ പന്തില്‍ അബ്ദുള്‍ സമദ് പുറത്തായെങ്കിലും അവസാന പന്ത് നോ ബോളായി. തുടര്‍ന്ന് വീണ്ടുമെറിഞ്ഞ പന്തില്‍ അബ്ദുള്‍ സമദ് സിക്‌സ് പറത്തി ഹൈദരാബാദിന് ജയം സമ്മാനിക്കുകയും ചെയ്തു. മത്സരം തോറ്റതിന്റെ നിരാശ മത്സരശേഷം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ പ്രതികരണത്തിലും വ്യക്തമായിരുന്നു.

തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും ഐപിഎല്‍ മത്സരങ്ങളില്‍ അവസാന പന്തുവരെ ജയിക്കുമെന്ന്് ഒരു ടീമിനും ഉറപ്പിക്കാനാവില്ലെന്നതിന്റെ തെളിവാണിതെന്ന് സഞ്ജു മത്സരശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ പറഞ്ഞു. ഐപിഎല്ലില്‍ ഇങ്ങനെയാണ്. ഇതുപോലെയുള്ള മത്സരങ്ങളാണ് ഐപിഎല്ലിലെ സ്‌പെഷലാക്കുന്നത്. കളിയുടെ ഒരു ഘട്ടത്തിലും ജയിച്ചുവെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാനാവില്ല എന്നും സഞ്ജു ചൂണ്ടിക്കാട്ടി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ സന്ദീപ് ശര്‍മ അവസാന ഓവര്‍ വളരെ മികച്ച രീതിയില്‍ എറിഞ്ഞിരുന്നു. ആ വിശ്വാസമുള്ളതുകൊണ്ടാണ് ഇത്തവണയും സന്ദീപിനെ പന്തേല്‍പ്പിച്ചത്. അവസാന പന്തിലെ ആ നോ ബോളാണ് മത്സരം ഞങ്ങളുടെ കൈയില്‍ നിന്ന് നഷ്ടമാക്കിയത്. ജയിച്ചുവെന്നറിഞ്ഞശേഷം നോ ബോളായ പന്ത് വീണ്ടും എറിയേണ്ടിവന്നത് സന്ദീപിനെയും ബാധിച്ചിരിക്കാം. നോ ബോളാണെന്ന് അറിഞ്ഞപ്പോള്‍ എന്തു തോന്നിയെന്ന ചോദ്യത്തിന് ഒന്നും തോന്നിയില്ലെന്നും നോ ബോളായതിനാല്‍ വീണ്ടും എറിയുക എന്നത് മാത്രമെ ചെയ്യാനുള്ളുവെന്നും സഞ്ജു പറഞ്ഞു.

അതിനെപ്പറ്റി കൂടുതല്‍ ചിന്തിച്ചിട്ട് കാര്യമൊന്നുമില്ല. രാജസ്ഥാന്‍ റോയല്‍സ് നേടിയ ടോട്ടലില്‍ സംതൃപ്തനായിരുന്നോ എന്ന ചോദ്യത്തിന് ജയിച്ചിരുന്നെങ്കില്‍ സംതൃപ്തനാവുമായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. കുറച്ചുകൂടി റണ്‍സ് നേടാമായിരുന്നില്ലെ എന്ന ചോദ്യത്തിന് ചോദ്യം നന്നായിട്ടുണ്ട്, എന്നാല്‍ എനിക്കറിയില്ല, എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News