ഐ പി എല്ലിന്റെ 16 ആം സീസണ്‍ മാര്‍ച്ച് 31 ന് തുടങ്ങാനിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. കഴിഞ്ഞ സീസണിലും ആകാശ് ചോപ്ര സഞ്ജുവിന്റെ പ്രകടനത്തെ കുറിച്ചും രാജസ്ഥാന്‍ റോയല്‍സിന്റെ കളിശൈലിയെ കുറിച്ചും നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ ഐപിഎല്‍ തുടങ്ങുന്നതിനു മുന്നേ തന്നെ മലയാളി താരത്തെയും ടീമിനെയും വിമര്‍ശിക്കാന്‍ തുടങ്ങുകയാണ് ആകാശ് ചോപ്ര. ജിയോ സിനിമയിലെ ആകാശ് വാണി പരിപാടിയിലാണ് ആകാശ് ചോപ്ര സഞ്ജുവിനെതിരെ പിന്നെയും വിമര്‍ശനം ഉന്നയിച്ചത്.
‘ഐഎസ്എല്‍ പതിനാറാം പതിപ്പിലും സഞ്ജുവിന്റെ രാജസ്ഥാന്‍ കപ്പ് ഉയര്‍ത്താന്‍ പോകുന്നില്ല. ടീമിന്റെ ബാലന്‍സിംഗ് ഇല്ലായ്മ അവര്‍ക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷവും അവര്‍ പരമാവധി ശ്രമിച്ചിരുന്നു. നടന്നില്ല. ഇത്തവണയും അത് തന്നെയായിരിക്കും ഫലം. രാജസ്ഥാന്‍ റോയല്‍സിന്റെ ബോളിങ് ലൈന്‍ അപ്പ് ദുര്‍ബലം ആണ്. നിര്‍ണായകമായ അവസാന ഓവറുകള്‍ എറിയാനുള്ള ബൗളേഴ്സിന്റെ അഭാവം ടീമിനെ ബാധിക്കും. ട്രെന്‍ഡ് ബോള്‍ട്ട് ഡെത്ത് ബൗളിങ്ങില്‍ അത്ര മികച്ചു നില്‍ക്കുന്ന താരമല്ല. ടീമിന്റെ ഭാഗമായ പ്രസിദ്ധ് കൃഷണയും ഒബെഡ് മക്കോയും പരിക്കിന്റെ പിടിയിലാണ്. കുല്‍ദീപ് സെന്നിന്റെ പ്രകടനം അത്ര മികച്ചതല്ല. ഇതൊക്കെയും ടീമിന്റെ പ്രകടനത്തെ ബാധിക്കും.’
ബാറ്റിങ്ങിലും പ്രശ്‌നങ്ങളുണ്ട് ജയ്സ്വാളും ബട്‌ലറും ബാറ്റിംഗ് ഓപ്പണിങ് ചെയ്യും. പിന്നീട് സഞ്ജുവും നാലാമനായി ദേവദത്ത് പടിക്കലും , അഞ്ചാമനായി ഷിംറോണ്‍ ഹെട്‌മെയറും കളിക്കും. നാലാമത്തെ ബാറ്റിംഗ് പൊസിഷനില്‍ കളിക്കുന്ന ദേവദത്ത് പടിക്കല്‍ ആ പൊസിഷനില്‍ കളിയ്ക്കാന്‍ യോഗ്യനല്ല എന്നാണ് ആകാശ് ചോപ്രയുടെ വാദം. ആറാമതായി ഇറങ്ങുന്ന റിയാന്‍ പരാഗ് ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെങ്കിലും ഐഎസ്എല്ലില്‍ മികവ് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ഗ്രൂപ് എ യില്‍ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരോടൊപ്പമാണ് രാജസ്ഥാന്‍ റോയല്‍സ്. ഏപ്രില്‍ രണ്ടിന് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here