കഥാപാത്രങ്ങളുടെ പേരിൽ നിരന്തരം വേട്ടയാടപ്പെടുന്ന നടനാണ് സന്തോഷ് കീഴാറ്റൂർ. ഒട്ടുമിക്ക സിനിമകളിലും പെട്ടെന്ന് മരണപ്പെട്ടു പോകുന്ന സന്തോഷിന്റെ കഥാപാത്രങ്ങൾക്ക് നിരവധി ട്രോളുകളും മറ്റും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ കുറിച്ചും നേരിടേണ്ടി വന്ന ട്രോളുകളെക്കുറിച്ചും സംസാരിക്കുകയാണ് നടൻ. കഥാപാത്രം മരിക്കുന്നു എന്ന് വിചാരിച്ച് പടം ചെയ്തില്ലെങ്കിൽ താൻ വിഡ്ഢിയായി മാറുമെന്ന് സന്തോഷ് കീഴാറ്റൂർ പറയുന്നു. ട്രോളുകൾ ഒന്നും താൻ മൈന്റ് ചെയ്യാറില്ലെന്നും, എന്നിലെ നടന്റെ മെറിറ്റിനെ കുറിച്ച് എന്തുകൊണ്ട് ആരും എഴുതുന്നില്ലെന്നും സന്തോഷ് കീഴാറ്റൂർ വ്യക്തമാക്കുന്നു.
ALSO READ: ‘ആ കുഞ്ഞ് അഞ്ചാം മാസത്തിൽ തന്നെ എന്റെ ഉദരത്തിൽ വെച്ച് മരണപ്പെട്ടു’: വെളിപ്പെടുത്തലുമായി റാണി മുഖർജി
സന്തോഷ് കീഴാറ്റൂർ പറഞ്ഞത്
തമിഴിൽ ഞാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് പോർ തൊഴിൽ. അതിന്റെ പ്ലോട്ടൊക്കെ കേട്ടപ്പോൾ നല്ല സബ്ജക്ട് ആയിട്ട് തോന്നി. കുറച്ച് സമയമേ സ്ക്രീനിൽ ഉള്ളൂവെങ്കിലും പ്രധാന കഥാതന്തുവിൽ തന്നെ പ്രധാന്യമർഹിക്കുന്ന റോളാണത്. ഇതിന് മുൻപ് ഞാൻ കുറച്ച് സിനിമകൾ അഭിനയിച്ചു. അതിൽ മിക്കതിലും പെട്ടെന്ന് മരിച്ച് പോകുന്ന കഥാപാത്രം ആണ്. അതിനെ ചിലർ ട്രോളുകളാക്കി. അതൊന്നും തന്നെ ഞാൻ മൈന്റ് ചെയ്യുന്നില്ല. കാരണം കഴിഞ്ഞ പത്ത് മുപ്പത്തി മൂന്ന് വർഷമായിട്ട് ഞാനൊരു കലാകാരനാണ്. നാടക രംഗത്തും സിനിമയിലും ജീവിക്കുന്ന ആളാണ്.
പോർ തൊഴിൽ എന്നൊരു സിനിമ. അതിൽ ഞാൻ മരിക്കുന്നു എന്ന് മാത്രം വിചാരിച്ച്, പടം ചെയ്തില്ലെങ്കിൽ ഞാൻ വിഡ്ഢിയായി മാറും. തമിഴിൽ അടുത്തകാലത്ത് ഇറങ്ങിയ അത്രയും മികച്ചൊരു സിനിമയാണത്. പുലിമുരുകനിൽ എനിക്ക് കുറച്ച് ഭാഗമേ ഉള്ളൂ. അതിലും മരിക്കുന്നുണ്ട്, ആ സിനിമയിൽ ഞാൻ അഭിനയിച്ചില്ലെങ്കിൽ ആർക്കും ഒരു നഷ്ടവും ഇല്ല. വൈശാഖ് എന്ന് പറയുന്ന സംവിധായകന് അഭിനേതാക്കളെ കിട്ടാൻ ഒരുപാടും ഇല്ല. ലാലേട്ടനെ പോലെ അത്രയും വിലപിടിപ്പുള്ള താരത്തിന്റെ സിനിമയാണത്. ഞാൻ അഭിനയിച്ച് കഴിഞ്ഞാൽ ആ കഥാപാത്രം ഓക്കെ ആകും എന്ന് തോന്നിയത് കൊണ്ടാണ് വൈശാഖ് എന്നെ വിളിക്കുന്നത്. തമിഴിൽ മുൻപ് ഞാൻ അഭിനയിച്ചിട്ട് പോലും ഇല്ല. പക്ഷേ ആ വേഷം ഞാൻ അവതരിപ്പിച്ചാൽ നന്നാവുമെന്ന് സംവിധായകൻ വിഗ്നനേഷ് രാജയ്ക്ക് തോന്നിയത് കൊണ്ടാണ് എന്നെ വിളിച്ചതും ഞാൻ അഭിനയിച്ചതും.
ALSO READ: ‘ഒരു നല്ല വാര്‍ത്ത വരാൻ പോകുന്നു’ വെന്ന് നടൻ ബാല; ആകാംക്ഷയില്‍ ആരാധകർ
ആളുകൾക്ക് ട്രോളുണ്ടാക്കാം കളിയാക്കാം. മനസിനെ വിഷമിപ്പിക്കുന്ന രീതിയിൽ കമന്റിടുന്നവരൊക്കെ ഉണ്ട്. ഇന്ന് കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദേശനാടുകളിൽ പോയി നാടകം കളിക്കുന്ന വ്യക്തി ഞാനാണ്. അവയെ പറ്റി ആർക്കും സംസാരിക്കാനും പറയാനുമില്ല. എന്നിലെ നടന്റെ മെറിറ്റ് എന്തുകൊണ്ട് ആരും എഴുതുന്നില്ല. ഞാൻ മുഴുനീളെ കഥാപാത്രങ്ങൾ അവതരിപ്പിച്ച സിനിമകളൊന്നും മെയിൻ സ്ട്രീമിലേക്ക് എത്തിയിട്ടില്ല. നല്ല വിമർശനങ്ങളെ ഉൾക്കൊള്ളുന്ന ആളാണ് ഞാൻ. ട്രോളുകൾക്ക് താഴെ വന്ന് ചിലരിടുന്ന കമന്റ് കാണുമ്പോൾ, ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നു. ഇപ്പോൾ അതൊന്നും ഞാൻ കാര്യമാക്കാറില്ല. എന്നാല്‍ ചില സിനിമകളിൽ നമ്മളെ ആ വേഷത്തിൽ തന്നെ തളച്ചിടുമ്പോൾ വിഷമം തോന്നാറുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here