സന്തോഷ് ട്രോഫിയിൽ 16-ാം തവണ ഫൈനൽ കളിക്കാൻ കേരളം ഇറങ്ങുന്നു. ഇന്ന് രാത്രി 7.30ന് ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിലാണ് മത്സരം. അപരാജിതരായി ഫൈനലിലേക്ക് കുതിച്ച കേരളത്തിന് ഇനി കിരീടത്തിലേക്ക് എത്താൻ ബംഗാൾ കടമ്പ കടന്നാൽ മതിയാകും.
എതിരാളികളുടെ വല നിറച്ച് മുന്നേറുന്ന കേരളം ഗ്രൂപ്പ് ഘട്ടംമുതൽ 10 കളിയിൽ 35 ഗോൾ അടിച്ചു കൂട്ടിയിട്ടുണ്ട്. 47-തവണ ഫൈനൽ കളിക്കുകയും 32 തവണ കിരീടം നേടുകയും ചെയ്ത ബംഗാൾ സർവീസസിനെ 4-2ന് മറികടന്നാണ് ഫൈനലിലേക്കെത്തിയത്. സെമിയിൽ മണിപ്പുരിനെ 5-1ന് തകർത്ത ആത്മവിശ്വാസത്തോടെയാണ് കേരളം ഫൈനലിനായി ബൂട്ട് കെട്ടുന്നത്.
Also Read: ബോക്സിങ് ഡേ ടെസ്റ്റിൽ ഇന്ത്യയെ ഇടിച്ചിട്ട് ഓസീസ്
തുല്യ ശക്തികൾ മാറ്റുരക്കുന്നു
ഫൈനൽ റൗണ്ടിലെ മത്സരങ്ങളുടെ കണക്കെടുത്താൽ കേരളവും ബംഗാളും തുല്യശക്തികളാണ്. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായി ബംഗാളും, ഗ്രൂപ്പ് ബി യിൽ ഒന്നാം സ്ഥാനക്കാരായിയാണ് കേരളവും ക്വാർട്ടറിലേക്കെത്തിയത്. സന്തോഷ്ട്രോഫിയുടെ ചരിത്രത്തിൽ അഞ്ചാംതവണയാണ് ഇരു ടീമുകളും ഫൈനലിൽ എത്തുന്നത്. 1989 ൽ ഗുവാഹത്തിയിലാണ് ആദ്യമായി ഫൈനലിൽ ഏറ്റുമുട്ടിയത്. നാലുതവണയും ഷൂട്ടൗട്ടാണ് വിജയികളെ നിശ്ചയിച്ചത്. രണ്ട് തവണ ബംഗാൾ ജയിച്ചപ്പോൾ രണ്ട് തവണ കേരളവും കപ്പിൽ മുത്തമിട്ടു.
സന്തോഷ്ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ ഇതുവരെ 32 മത്സരങ്ങൾ കേരളം ബംഗാളിനെതിരെ കളിച്ചിട്ടുണ്ട്. ഇതിൽ 9 തവണ കേരളം ജേതാക്കളായപ്പോൾ 8 തവണ സമനിലയിലായി.
ടർഫ് ഗ്രൗണ്ടിൽനിന്ന് സ്വാഭാവിക പുൽമൈതാനത്തേക്ക് കളി മാറിയതും കാലാവസ്ഥയും കേരളത്തിന് അനുകൂലമാണ്. പകരക്കാരായെത്തുന്ന താരങ്ങൾ മികച്ച പ്രകടനത്തോടെ കളിപിടിക്കുന്നത് ആവേശകരം. ക്വാർട്ടറിൽ വിജയഗോളിന് അവസരമൊരുക്കിയ വി അർജുനും സെമിയിൽ ഹാട്രിക് നേടിയ മുഹമ്മദ് റോഷാലും ഉദാഹരണം. പ്രതിരോധനിരയിൽ മനോജിന് കളിക്കാനാകാത്തതും നിജോ ഗിൽബർട്ടിന്റെ പരിക്കും കേരളത്തിന് ആശങ്കയാണ്.
അർധാവസരങ്ങൾപോലും ഗോളാക്കാൻ മിടുക്കുള്ള മുന്നേറ്റനിരയാണ് ബംഗാളിന്റെ ശക്തി. 11 ഗോളുമായി കുതിക്കുന്ന റോബി ഹാൻസ്‌ദ, നരോഹരി ശ്രേഷ്‌ഠ എന്നിവരാണ് ബംഗാളിനെ ഫൈനലിലേക്ക് നയിച്ചത്. ഗോളടിക്കുന്നതിനൊപ്പം ഗോളവസരം സൃഷ്ടിക്കുന്നതിലും നരോഹരിക്ക് മിടുക്കുണ്ട്. ശാരീരികക്ഷമതയും എടുത്തുപറയണം. മനോറ്റോസ് മാജി ഇരുവർക്കും മികച്ച പിന്തുണയും നൽകുന്നു. വിങ്ങുകളിൽ തിളങ്ങുന്ന സുപ്രിയ പണ്ഡിറ്റിനെയും വിക്രം പ്രധാനെയും പൂട്ടാനായില്ലെങ്കിൽ കേരളത്തിന് തിരിച്ചടിയായേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here