സന്തോഷ് ട്രോഫിയിൽ എട്ടാം തവണ മുത്തമിടാനായി ഫൈനൽ ലക്ഷ്യം വെച്ച് കേരളം സെമിയിൽ ഇന്ന് മണിപ്പൂരിനെ നേരിടും. ഇന്ന് രാത്രി 7.30ന് ഹൈദരാബാദ് ഗച്ചിബൗളിയിലെ ജിഎൻസി ബാലയോഗി അത്‌ലറ്റിക് സ്‌റ്റേഡിയത്തിലാണ് കളി. കശ്‌മരിന്റെ പ്രതിരോധ കോട്ട തകർത്ത് നസീബ് റഹ്മാൻ നേടിയ ഏക ഗോളിലാണ് സെമിയിലേക്ക് കേരളം മുന്നേറിയത്.
ഫൈനൽ പ്രവേശനം നേടിയാൽ അത് കേരളത്തിന്റെ സന്തോഷ്ട്രോഫിയിലെ 16-ാം ഫൈനലാണ്. ഏഴുതവണ സന്തോഷ്ട്രോഫി കിരീടം നേടിയ കേരളം എട്ട് തവണ റണ്ണറപ്പായി. 2022ലാണ് അവസാനമായി കേരളം കപ്പുയർത്തിയത്.
Also Read: ടെസ്റ്റിൽ 200 വിക്കറ്റ് എന്ന നാഴികകല്ല് പിന്നിട്ട് ബുംറ
പ്രധാന സ്‌ട്രൈക്കർ ഗനി അഹമ്മദ് നിഗം പരിക്കിൽനിന്ന് മുക്തനാകാത്തതും കഴിഞ്ഞ കളിയിൽ മുഹമ്മദ് അജ്‌സൽ നിറംമങ്ങിയതുമാണ് സെമി പോരാട്ടത്തിന് ഇറങ്ങുന്ന കേരളത്തിന്റെ ആശങ്ക. മുതിർന്ന താരം നിജോ ഗിൽബർട്ട് ചെറിയ പനിമൂലം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. എന്നാൽ, സെമിയിൽ നിജോയുണ്ടാകും. . പെനൽറ്റി ഷൂട്ടൗട്ടിന് പ്രത്യേക പരിശീലനം നടത്തിയാണ് കേരളം മൈതാനത്തേക്ക് ഇറങ്ങുന്നത്.
മുഴുവൻസമയവും ഒരേവേഗത്തിൽ കളിക്കാൻ സാധിക്കുന്നു എന്നതാണ് മണിപ്പൂരിന്റെ കരുത്ത്. വേഗംകൊണ്ട് എതിർ പ്രതിരോധനിരയിൽ വിള്ളല് വീഴ്ത്തിയാണ് സെമിയിലേക്കുള്ള പാത മണിപ്പൂർ സൃഷ്ടിച്ചത്.
Also Read: ബുംറ മാജിക്കിൽ ഇന്ത്യ; നാലാം ദിനത്തിൽ പ്രതിരോധ കോട്ട തീർത്ത്
ഒരേസമയം പ്രതിരോധവും ആക്രമണവും പുറത്തെടുക്കുന്ന എതിരാളികൾക്കെതിരെ മത്സരം കടുക്കും. മണിപ്പുരിനെ മറികടക്കാനുള്ള കരുത്ത് കേരളത്തിനുണ്ട്. എന്ന് കേരള ടീം കോച്ച് ബിബി തോമസ് പറഞ്ഞു.
ശക്തരായ കേരളത്തിന്റെ കളിശൈലി മനസ്സിലാക്കിയാണ് ഒരുക്കം നടത്തിയത്. കേരളത്തെ മറികടക്കാനാകുമെന്ന പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങുന്നത് എന്ന് മണിപ്പുർ കോച്ച് കമേയ് ജോയ് റോങ്‌മേ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here