വാഹാനാപകടത്തെ തുടര്‍ന്ന് അന്തരിച്ച തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗ് കണ്ണീരോര്‍മയാകുകയാണ്. പത്താംക്ലാസ് പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ലഭിച്ച സന്തോഷവാര്‍ത്ത അറിയാതെയാണ് സാരംഗ് യാത്രയായത്. ഫുട്‌ബോളില്‍ റൊണാള്‍ഡോയെ പോലെ മികച്ച കളിക്കാരനാകണമെന്നായിരുന്നു സാരംഗിന്റെ ആഗ്രഹം. ചെറുപ്പം മുതലുള്ള പ്രയത്‌നം സാരംഗിനെ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാംപ് വരെയെത്തിച്ചു. പരിശീലനത്തിനായി വിദേശത്തേക്ക് പറക്കാനിരിക്കെയാണ് അപകടം വില്ലനായെത്തിയത്.
പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയില്‍ സാരംഗിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചിരുന്നു. ഏറെ കൊതിച്ചുവാങ്ങിയ ജേഴ്‌സി സാരംഗിനെ പുതപ്പിച്ചത് കണ്ണീര്‍ കാഴ്ചയായി. ഏറെ പ്രിയപ്പെട്ട ബൂട്ടും ഫുട്‌ബോളും അവനൊപ്പം ചേര്‍ത്തുവെച്ചതും കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
ആറാം തീയതി വൈകിട്ടീണ് സാരംഗും അമ്മയും സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സാരംഗ് ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മകനെ നഷ്ടപ്പെട്ട തീവ്ര വേദനക്കിടയിലും അവയവദാനത്തിന് മാതാപിതാക്കള്‍ സമ്മതം നല്‍കിയതോടെ മരണത്തിലും സാരംഗ് മാതൃകയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here