ബോളിവുഡ് സിനിമ ഗാനങ്ങളിലൂടെ സാരംഗിയെ ജനപ്രിയമാക്കിയ അപൂർവ പ്രതിഭ റാം നാരായൺ (96) വിട പറഞ്ഞു. മുംബൈയിലെ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ ആയിരുന്നു അന്ത്യം. രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച രാം നാരായൺ സാരംഗിയെന്ന സംഗീത ഉപകരണം ലോകത്ത് ജനപ്രിയമാക്കിയ സംഗീത വിദഗ്ധരിൽ ഒരാളായിരുന്നു.
രാജസ്ഥാനിലെ ഉദയ്‌പുരിനടുത്ത് അംബർ ഗ്രാമത്തിൽ നിന്നുള്ള കൊട്ടാരം ഗായകരുടെ കുടുംബത്തിലാണു റാം നാരായൺ ജനിച്ചത്. ആറാം വയസ്സിൽ സാരംഗി അഭ്യസിക്കാനാരംഭിച്ചു. അച്ഛനായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ ഗുരു. പിന്നീട് ഉദയ് ലാലിന്‍റെ ശിഷ്യനായി. 1943ൽ ലഹോറിലെ ഓൾ ഇന്ത്യ റേഡിയോയിൽ സാരംഗി ആർട്ടിസ്‌റ്റായി ചേർന്നു. ഇന്ത്യാ വിഭജനത്തിനു ശേഷം നാരായൺ ഡൽഹിയിലെത്തി.
ALSO READ; ദില്ലി ഗണേഷ് അന്തരിച്ചു
ആമിർ ഖാൻ, ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, പണ്ഡിറ്റ് ഓംകാരനാഥ് താക്കൂർ, ഹീരാബായ് ബരൊദേക്കർ തുടങ്ങിയ ഇതിഹാസ ഗായകരുടെ റേഡിയോ കച്ചേരികളിൽ അദ്ദേഹം സാരംഗി വായിച്ചിട്ടുണ്ട്. മൂന്ന് സാരംഗി ആൽബങ്ങൾ എച്ച്എംവി ഇറക്കിയതും അദ്ദേഹത്തിന്‍റെ കരിയറിൽ വഴിത്തിരിവായി.
തബല വിദഗ്‌ധനായ ജ്യേഷ്ഠൻ ചതുർലാലുമൊത്ത് 1960കളിൽ യൂറോപ്പിൽ റാം നാരായൺ നടത്തിയ കച്ചേരികൾ സാരംഗിക്ക് ആഗോളശ്രദ്ധ നേടിക്കൊടുത്തിരുന്നു. പ്രശസ്ത സാരംഗി കലാകാരിയായ അരുണ നാരായൺ സരോദ് വാദകനായ ബ്രിജ് നാരായൺ എന്നിവർ മക്കളാണ്. മൃദദേഹം ശനിയാഴ്ച മുംബൈയിലെ ശിവാജി പാർക്ക് ശ്‌മശാനത്തിൽ സംസ്കരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here