ശരത് ചന്ദ്രൻ
കൈരളിന്യൂസ്, ന്യൂസ് ഡയറക്ടർ
വെറുപ്പിന്റേയും അപരമത വിദ്വേഷത്തിന്റയും പ്രചാരകനായ തീവ്ര ഹിന്ദുത്വ വാദി സന്ദീപ് വാര്യർ കോൺഗ്രസിലെത്തി. കോൺഗ്രസ് ബിജെപി ബന്ധം സജീവ ചർച്ചയായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന നാളുകളിലാണ് സന്ദീപ് വാര്യരെ കോൺഗ്രസ് നേത്യത്വം ഏറ്റെടുത്തത്. കാവി ട്രൗസറിൽ ഖദറുടുപ്പിച്ചാൽ സന്ദീപ് വാര്യരെ വെളുപ്പിച്ചെടുക്കാനാവുമോ ?
ആർ എസ് എസ് ശാഖയ്ക്ക് കാവൽ നിന്നെന്ന് അഭിമാനത്തോടെ പറയുന്ന കെ സുധാകരനും ഗോൾവാൾക്കറുടെ ചിത്രത്തിന് കീഴെ വിളക്ക് കൊളുത്തി മനസ്സിലിരുപ്പ് മറച്ചുവെയ്ക്കാത്ത വി ഡി സതീശനും ഒരിടവേളയ്ക്കു ശേഷം യോജിപ്പോടെ നീങ്ങിയത് സന്ദീപ് വാര്യർക്കു വേണ്ടിയായിരുന്നു. ഇരുവരുടേയും വാർത്താ സമ്മേളനത്തിലേക്ക് കയറിവന്ന സന്ദീപ് വാര്യർ കൊടിമാറ്റത്തിന്റെ അണിയറ നീക്കങ്ങൾ സ്വയം വെളിപ്പെടുത്തി. കോൺഗ്രസ് ബിജെപി ബന്ധം സജീവ ചർച്ചയായ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പല ചോദ്യങ്ങളും ഉയരുകയാണ്.
മനുഷ്യത്വമില്ലാത്ത സുരേന്ദ്രന്റെ നേതൃത്വത്തോട് മാത്രമല്ലേ സന്ദീപ് വാര്യരുടെ എതിർപ്പ് ? എന്നുവെച്ചാൽ ആർ എസ് എസ് ആശയങ്ങളോട് എതിർപ്പ് അശേഷമില്ല എന്നല്ലേ?മഹാത്മാഗാന്ധിയെ ചെറുതായി വെടിവെച്ചുകൊന്നെന്ന് നിർലജ്ജം പറഞ്ഞ സന്ദീപ് വാര്യർ ഇന്നും ആർ എസ് എസ് അല്ലേ?ഗാന്ധി ഘാതകരെ ന്യായീകരിച്ച കോൺഗ്രസുകാരനായിട്ടാണോ സന്ദീപ് ഇനി ജീവിക്കുക? അതിന് മറുപടി പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണ്. മുസ്ലീങ്ങളും , ക്രിസ്ത്യാനികളും , കമ്മ്യൂണിസ്റ്റുകളും ആഭൃന്തര ശത്രുക്കളാണെന്ന് ഹിന്ദുത്വവാദികളെ പഠിപ്പിച്ച ഗോൾവാൾക്കറുടെ വിചാരധാരയേയും മുറുകെപ്പിടിച്ചല്ലേ സന്ദീപ് വാര്യർ കോൺഗ്രസുകാരനായത്?ലക്ഷണമൊത്ത സംഘിയെ കോൺഗ്രസുകാരനായി കാണാൻ കെ സുരേന്ദ്രനോടുള്ള സൗന്ദര്യപ്പിണക്കം മതിയോ എന്ന ചോദൃമാണ് കേരളം ചോദിക്കുന്നത്.സന്ദീപ് വാര്യരുടെ വരവോടെ പരസ്യമായ കോൺഗ്രസ് നേതൃത്വത്തിന്റെ ഹിന്ദുത്വ അഭിനിവേശം പാലക്കാട്ട് മതന്യൂനപക്ഷങ്ങൾക്കിടയിൽ ആ പാർട്ടിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നു. സന്ദീപ് വാര്യരും വി ഡി സതീശനും കെ സുധാകരനും ചേർന്ന് വെട്ടിലാക്കിയ മറ്റു ചിലരെക്കുറിച്ച് കൂടി പറയാം.
പാലക്കാട്ട് യുഡിഎഫിനെ പിന്തുണക്കുന്ന ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ് ഇക്കൂട്ടർ. ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങളിലൂടെ സന്ദീപ് വാര്യർ ഇടത്തേക്കെന്ന് വലിയ തോതിൽ പ്രചരിപ്പിച്ചിരുന്നു. ഖദറിട്ട സന്ദീപിനെ വെളിപ്പിക്കാൻ മാധ്യമ ഇരുട്ടുമുറികളിൽ കുരുട്ടുബുദ്ധി തന്ത്രം മെനയുന്നതും ഇനി കാണാം. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും ഒരുപോലെ ചേർത്ത് നിർത്തുന്ന കോൺഗ്രസിനെ തുറന്നുകാട്ടാൻ സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശത്തോടെ പാലക്കാട്ട് ഇടതുപക്ഷത്തിന് കൂടുതൽ വഴിയൊരുങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here