എം.ടി. വാസുദേവൻ നായരുടെ വിയോഗം വല്ലാത്തൊരു ശൂന്യതയാണ് അനുഭവിപ്പിക്കുന്നതെന്നും എംടിയിനി ലോകത്ത് ഇല്ല എന്നത് വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും സംവിധായകൻ സത്യൻ അന്തിക്കാട്.
ചെറുപ്പം തൊട്ടേ വലിയ പ്രചോദനമാണ് അദ്ദേഹമെന്നും എംടി സാഹിത്യത്തിലുള്ളതിനാൽ സാഹിത്യത്തിൽ ഒരു ശ്രമം നടത്താനും സിനിമയിൽ ഉള്ളതിനാൽ സിനിമയിൽ ഒരു ശ്രമം നടത്താനും അക്കാലത്ത് തോന്നിച്ചിരുന്നെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ഞങ്ങളുടെ തലമുറയ്ക്ക് അദ്ദേഹം ഒരു ഗുരുനാഥനായിരുന്നു.
അതുകൊണ്ട് തന്നെ എപ്പോഴും ആ ഒരു ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളൂ. പലപ്പോഴും നമ്മൾ പറയണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളാണ് എംടി പറഞ്ഞിട്ടുള്ളത്. ഇത്രയും വർഷത്തെ നീണ്ട യാത്രയിൽ എല്ലാവരോടുമുള്ള പെരുമാറ്റത്തിലായാലും സ്വഭാവത്തിലായാലും അദ്ദേഹം ഒരു മാതൃകയായിരുന്നു സത്യൻ അന്തിക്കാട് പറഞ്ഞു. എംടി ഒരു വാക്ക് പോലും അനാവശ്യമായി പറഞ്ഞിട്ടില്ല.
ആവശ്യമില്ലാത്ത ഒരു കാര്യങ്ങളിലും ഇടപെടാറുമില്ല. അത്തരത്തിൽ ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു കൊണ്ടാണ് അദ്ദേഹം വിടവാങ്ങിയിട്ടുള്ളത്. അതുകൊണ്ട് തന്നെ മലയാളി ഉള്ളിടത്തോളം അദ്ദേഹം കാലാതീതനായി നിലനിൽക്കും- സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here