‘മെല്ലെയൊന്നു പാടി നിന്നെ ഞാനുറക്കിയോമനേ’, ഇളയരാജയുടെ ആത്മാവിൽനിന്ന് ഒരു ഗാനം ഒഴുകിവരുന്നത് ഞാൻ നേരിട്ട് കണ്ടു; പാട്ടിന് പിന്നിലെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട്

മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന ഒരു സിനിമയാണ് മനസിനക്കരെ. ഷീല, ജയറാം, ഇന്നസെന്റ്, കെപിഎസി ലളിത തുടങ്ങിയ താരങ്ങൾ ഭംഗിയായി അഭിനയിച്ച ചിത്രം ഇപ്പോഴും ആവർത്തിച്ചു കാണുന്നവർ നിരവധിയാണ്. എന്നും ഓർത്തുവെക്കാൻ തക്ക മനോഹര ഗാനങ്ങളും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ ‘മനസിനക്കരെ’ എന്ന സിനിമയിൽ ‘മെല്ലെയൊന്നു പാടി നിന്നെ ഞാനുറക്കിയോമനേ’ എന്ന പാട്ട് ഉണ്ടായതിന് പിറകിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് സത്യൻ അന്തിക്കാട്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മാതൃഭൂമി സ്റ്റാർ & സ്റ്റൈലിൽ പ്രസിദ്ധീകരിച്ച കുറിപ്പ് സത്യൻ അന്തിക്കാട് കുറിച്ചത്.

‘മെല്ലെയൊന്നു പാടി നിന്നെ ഞാനുറക്കിയോമനേ’ പാട്ട് വന്ന കഥ

ALSO READ: പ്രണയം നടിച്ച് ലൈംഗികാതിക്രമത്തിനിരയാക്കി വീഡിയോ പകർത്തി, ദൃശ്യങ്ങൾ പെൺകുട്ടിയുടെ അമ്മയ്ക്ക് അയച്ച് പണം തട്ടി വീണ്ടും പീഡനം; യുവാവ് അറസ്റ്റിൽ

മുന്നിൽ വിശാലമായി പരന്നുകിടക്കുന്ന വേമ്പനാട്ടുകായൽ. ഓളപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ഹൗസ് ബോട്ടിന്റെ മുനമ്പിൽ ജലഭംഗി കണ്ടുനിൽക്കുകയാണ് ഇളയരാജ. ‘മനസ്സിനക്കരെ’യിലെ പാട്ടുകളൊരുക്കാൻ രാവിലത്തെ ഫ്‌ളൈറ്റിൽ എത്തിയതാണ്. സാധാരണ ചെന്നെയിലെ പ്രസാദ് സ്റ്റുഡിയോവിൽ സ്വന്തം കമ്പോസിങ് റൂമിൽ ഇരുന്നുമാത്രമാണ് അദ്ദേഹം ഈണങ്ങൾ ചിട്ടപ്പെടുത്താറുള്ളത്. കുടിയേറ്റ കർഷകനായ മാത്തുക്കുട്ടിച്ചായന്റെ നാട്ടിൻപുറത്തുകാരിയായ ഭാര്യ കൊച്ചുത്രേസ്യയുടെ കഥയ്ക്ക് നാട്ടിലിരുന്നു തന്നെ സംഗീതം പകരണമെന്നത് എന്റെയൊരു മോഹമായിരുന്നു. മണ്ണിന്റെ മണമുള്ള പാട്ടുകൾ എന്നൊക്കെ പറയാറില്ലേ. അതിനുവേണ്ടിയൊരു അന്തരീക്ഷമൊരുക്കാം എന്നൊരു തോന്നൽ. കേട്ടപ്പോൾ ഫാസിൽ പറഞ്ഞു. ”നടക്കില്ല സത്യാ, തന്റെ സ്വന്തം മുറിയിലിരുന്നേ രാജാ സാർ കമ്പോസ് ചെയ്യൂ. രജനീകാന്തും കമലഹാസനുമടക്കം പലരും പലതവണ ശ്രമിച്ചിട്ടുണ്ട്. അവരുടെ ക്ഷണമൊക്കെ വിനയപൂർവം അദ്ദേഹം നിരസിച്ചിട്ടുമുണ്ട്.”

ഇളയരാജയ്ക്ക് എന്നെ പരിചയപ്പെടുത്തിയ വ്യക്തിയാണ് ഫാസിൽ. പറയുന്നത് നൂറുശതമാനം സത്യവുമാണ്. എങ്കിലും എനിക്കൊരു തോന്നൽ ഞാൻ വിളിച്ചാൽ വരുമെന്ന്. അതിനുമുൻപ് ഒരേയൊരു സിനിമയിലേ ഞങ്ങളൊരുമിച്ച് പ്രവർത്തിച്ചിട്ടുള്ളൂ. ”കൊച്ചു കൊച്ചു സന്തോഷങ്ങൾ”. പക്ഷേ, ആ പടത്തിന്റെ ജോലികൾക്കിടയിൽ ഞങ്ങൾ തമ്മിലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു. സൗഹൃദമെന്നല്ല പറയേണ്ടത്. എന്നോട് അദ്ദേഹത്തിനൊരു വാത്സല്യമുള്ളതായി തോന്നിയിരുന്നു. ആ വിശ്വാസത്തിൽ ഞാനദ്ദേഹത്തെ ഫോണിൽ വിളിച്ചു. ”ഒന്ന് ആലപ്പുഴയിലേക്ക് വരാമോ? രണ്ടുമൂന്ന് ദിവസം ചെന്നെയിലെ തിരക്കുകളിൽനിന്ന് വിട്ടുനിൽക്കാം. കായലിന്റെ തീരത്തുള്ള റിസോർട്ടിൽ മുറിയെടുക്കാം. ഇടയ്ക്ക് ഹൗസ്‌ബോട്ടിലൊന്ന് കറങ്ങാം .”അദ്ദേഹം ചിരിച്ചു.”ക്ലൈമറ്റ് എപ്പടിയിരുക്ക്?” ”നല്ല ക്ലൈമറ്റാണ് സാർ, ചൂട് അധികമില്ല. ചില ദിവസങ്ങളിൽ മഴയുമുണ്ട്.”
എന്റെ സ്‌നേഹത്തിൽ അദ്ദേഹം വീണു. എയർപോർട്ടിൽനിന്ന് നേരേ ഹൗസ് ബോട്ടിലേക്കാണ് എത്തിയത്. കൂടെ ഹാർമോണിയവുമായി സഹായി സുന്ദരരാജനുമുണ്ട്. ഗിരീഷ് പുത്തഞ്ചേരി അതിനുമുൻപുതന്നെ വന്നിരുന്നു.

ഹൗസ് ബോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ ഞാൻ പറഞ്ഞു. ”ഇന്ന് നമുക്ക് പാട്ടിന്റെ ജോലിയൊന്നു വേണ്ട. കായലിലൂടെ കുറേ നേരം ചുറ്റിയടിക്കാം. കഥകൾ പറയാം. നല്ല വെജിറ്റേറിയൻ ഊണ് ഏർപ്പാടാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മയങ്ങാനും സൗകര്യമുണ്ട്.” രാജാ സാർ ശരിക്കും സന്തോഷവാനായി. സ്റ്റുഡിയോ, വീട്, തിയേറ്റർ എന്നതുവിട്ട് മറ്റൊരു ലോകം അദ്ദേഹത്തിനില്ലായിരുന്നു. എപ്പോഴെങ്കിലും പുറത്തുപോകുന്നത് തിരുവണ്ണാമലയിലേക്കാണ്. ആത്മീയഗുരുവായ രമണ മഹർഷിയുടെ ആശ്രമത്തിലേക്ക്. അവിടെ അദ്ദേഹം സന്ന്യാസിതുല്യനാണ്.

തെളിഞ്ഞ മനുസ്സുമായി ഇരുന്ന അദ്ദേഹത്തിനോട് ഞാൻ ‘മനസ്സിനക്കരെ’യുടെ കഥ പറഞ്ഞു. എവിടെയൊക്കെ ഗാനങ്ങൾ വേണ്ടിവരുമെന്നും സൂചിപ്പിച്ചു. രഞ്ജൻ പ്രമോദാണ് തിരക്കഥാകൃത്ത്. എഴുത്ത് പൂർത്തിയായിട്ടില്ല. അതുകൊണ്ട് രഞ്ജൻ എറണാകുളത്തെ ഹോട്ടൽ മുറിയിൽ തലയ്ക്ക് തീപിടിച്ച് ഇരിക്കുകയാണ്. കുറച്ചുനേരം കൊച്ചുവർത്തമാനമൊക്കെ പറഞ്ഞ്, കിട്ടിയ സമയംകൊണ്ട് ഗിരീഷിനെ കുറച്ച് ഉപദേശിച്ച് രാജാ സാർ ബോട്ടിന്റെ മുനമ്പിലേക്ക് നടന്നു. ശാന്തമായ കായൽ. സുഖമുള്ള കാറ്റ്. അവിടവിടെയായി വല വീശുന്ന വള്ളക്കാർ. പറന്നകലുന്ന പലതരം പക്ഷികൾ. പെട്ടെന്ന് ഇളയരാജ പറഞ്ഞു ”സുന്ദരരാജാ ആ ഹാർമോണിയം ഇങ്ങെടുക്ക്.” സുന്ദരരാജൻ ഹാർമോണിയം അദ്ദേഹത്തിന്റെ മുന്നിലേക്കെടുത്തുവെച്ചു. അപ്പോഴും ഞാൻ പറഞ്ഞു ”മ്യൂസിക്കൊന്നും ഇന്നു ചെയ്യണ്ട സാർ, റിലാക്‌സ് ചെയ്യൂ. ഫ്രഷായി നമുക്ക് നാളെ തുടങ്ങാം.” ”ഏയ്. ഇത് വെറുമൊരു രസത്തിന്.” എന്നുപറഞ്ഞ് അദ്ദേഹം ഹാർമോണിയത്തിലൂടെ വിരലോടിച്ചു. എന്നിട്ട് അധികം ശബ്ദമില്ലാതെ ഒരു ഈണം മൂളി.

അതിമനേഹരമായ ഒരു പല്ലവി. സുന്ദരരാജൻ അത് ടേപ്പ്‌റെക്കോർഡറിൽ പകർത്തി.”നല്ല രസമുണ്ട് കേൾക്കാൻ” എന്ന് അതിശയത്തോടെ ഞാൻ പറഞ്ഞു. ചിരിച്ചുകൊണ്ടദ്ദേഹം ചോദിച്ചു ”ജയറാം അമ്മച്ചിയേയുംകൊണ്ട് വാകത്താനത്തേക്ക് പോകുമ്പോൾ, ആ പള്ളിയുടെ പടിക്കെട്ടിൽനിന്ന് പാടുന്ന പാട്ടിന് ഇത്തരമൊരു ഈണം മതിയോ?” ”ഇത്തരമല്ല. ഇതുതന്നെ മതി”യെന്നു ഞാൻ പറഞ്ഞു. ഗിരീഷ് അത് സ്വയമൊന്ന് മൂളിനോക്കി തലകുലുക്കി. ”മെല്ലെയൊന്നു പാടി നിന്നെ ഞാനുറക്കിയോമനേ” എന്ന പാട്ട് പിറവിയെടുക്കുകയായിരുന്നു. പിന്നെ ഹാർമോണിയമില്ലാതെ കായലിലേക്ക് നോക്കി ഉറക്കെ അദ്ദേഹം അതിന്റെ തുടർച്ച പാടി. അത് ചരണമായി മാറി. ഇളയരാജയുടെ ആത്മാവിൽനിന്ന് ഒരു ഗാനം ഒഴുകിവരുന്നത് ഞാൻ നേരിട്ട് കാണുകയായിരുന്നു.

വെറുതേയല്ല എ.ആർ. റഹ്‌മാൻ ഒരിക്കൽ പറഞ്ഞത് ”ഞാനൊക്കെ ഒരു പാട്ടിനുവേണ്ടി മാസങ്ങളോളം തപസ്സിരിക്കാറുണ്ട്. ഇളയരാജ ഹാർമോണിയത്തിൽ കൈവെച്ചാൽ അത് സംഗീതമാണ്.”
‘കൊച്ചുകൊച്ചു സന്തോഷങ്ങ’ളുടെ പാട്ടുകൾ കമ്പോസ് ചെയ്യാൻ ചെന്നൈയിലേക്ക് പോകുമ്പോൾ ഞാൻ വീട്ടിൽ പറഞ്ഞത് ഒന്നോ രണ്ടോ ആഴ്ചകഴിഞ്ഞേ തിരിച്ചുവരൂ എന്നാണ്. നൃത്തത്തിനും സംഗീതത്തിനുമൊക്കെ പ്രധാന്യമുള്ള സിനിമയാണ്. ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സംഗീതസംവിധായകനോടൊപ്പം ആദ്യമായാണ് ഒരു സിനിമയ്ക്കുവേണ്ടി ഇരിക്കുന്നത്. എത്ര ദിവസങ്ങൾ വേണ്ടിവരുമെന്ന് ഒരു പിടിയുമില്ല.ഇളയരാജയെ പരിചയപ്പെടുത്തിയ ഫാസിൽ ആദ്യമേതന്നെ പറഞ്ഞിരുന്നു ”രാവിലെ കൃത്യം ഏഴുമണിക്കുതന്നെ അദ്ദേഹം സ്റ്റുഡിയോവിലെത്തും. ആറേമുക്കാലാകുമ്പോഴേക്കും സത്യൻ അവിടെ ചെന്നിരിക്കണം. ”ഞാൻ ആറരയ്ക്കുതന്നെയെത്തി. പറഞ്ഞതുപോലെ ഏഴുമണിക്ക് തൂവെള്ള വസ്ത്രമണിഞ്ഞ് പ്രസന്നമായ ചിരിയോടെ രാജാസാർ എത്തി. ഒരു വെൺമേഘം ഭൂമിയിലേക്ക് ഇറങ്ങിവന്നതുപോലെ. മൂകാംബികയുടെ മുന്നിൽ വിളക്കുകൊളുത്തി പ്രാർഥിച്ചശേഷം കഥ കേൾക്കാനിരുന്നു. കഷ്ടപ്പെട്ട് തമിഴിൽ കഥ പറഞ്ഞുതുടങ്ങിയ എന്നോട് ശുദ്ധമായ മലയാളത്തിൽ അദ്ദേഹം പറഞ്ഞു.”മലയാളം മതി. എനിക്ക് മനസ്സിലാകും.”

ALSO READ: സവാളയും കൊച്ചുള്ളിയും വേണ്ട; ഇതാ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം ഒരു റിച്ച് ഓംലറ്റ്

കഥയും ഗാനസന്ദർഭങ്ങളും അരമണിക്കൂറുകൊണ്ട് ഞാൻ വിവരിച്ചുകൊടുത്തു. അല്പനേരം ധ്യാനിച്ചിരുന്നശേഷം അദ്ദേഹം ഹാർമോണിയമെടുത്ത് റ്റിയൂണുകൾ മൂളാൻ തുടങ്ങി. ഒരു സന്ദർഭത്തിനുതന്നെ ഒന്നിലേറെ ഈണങ്ങൾ. ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് പറഞ്ഞാൽ അടുത്ത പാട്ട്. അതും മിനിറ്റുകൾക്കകം. പത്തുമണി കഴിഞ്ഞപ്പോൾ ഞാൻ പുറത്തിറങ്ങി ഫാസിലിനെ വിളിച്ചു ”ഫാസിലേ, മണി പത്തായതേയുള്ളൂ. അഞ്ച് പാട്ടുകളുടെയും കമ്പോസിങ് കഴിഞ്ഞു. എനിക്കൊരു സംശയം. അദ്ദേഹത്തിനോടുള്ള ആരാധനകൊണ്ട് പാട്ടുകളെല്ലാം സന്ദർഭത്തിന് അനുയോജ്യമാണെന്ന് എനിക്ക് വെറുതേ തോന്നുന്നതാണോ?” ചിരിച്ചുകൊണ്ട് ഫാസിൽ പറഞ്ഞു. ”അതാണ് ഇളയരാജ. സരസ്വതീദേവി അദ്ദേഹത്തിന്റെ വിരൽത്തുമ്പത്താണ്.”

ആ സിനിമയും പാട്ടുകളും സൂപ്പർ ഹിറ്റായി. ‘കോടമഞ്ഞിൻ താഴ്‌വരയി’ലും ‘ഘനശ്യാമ വൃന്ദാരണ്യ’വുമൊക്കെ ഇപ്പോഴും പുതുമ മാറാത്ത പാട്ടുകളാണ്. ഞാൻ പലപ്പോഴും പറയാറുള്ള ഒരു കാര്യമുണ്ട്. സിനിമ ഒരുപാട് സൗഭാഗ്യങ്ങൾ എനിക്ക് കൊണ്ടുതന്നിട്ടുണ്ട്. അതിൽ ഏറ്റവും വലിയ മൂന്ന് ഭാഗ്യങ്ങളിൽ ഒന്ന് യേശുദാസ് എന്ന ഗന്ധർവഗായകൻ ജീവിക്കുന്ന കാലത്ത് ജീവിച്ചിരിക്കാൻ സാധിക്കുന്നു എന്നതാണ്. ഞാനെഴുതിയ ഗാനങ്ങൾ അദ്ദേഹം പാടുന്നത് കാണാനും കേൾക്കാനും കഴിയുക എന്നത് എന്റെ സങ്കൽപത്തിനുമപ്പുറത്താണ്. മറ്റൊന്ന് മോഹൻലാൽ എന്ന അതുല്യനടനെ ക്യാമറയ്ക്ക് മുന്നിൽ നിർത്തി അഭനയിപ്പിക്കാൻ സാധിച്ചതാണ്. മൂന്നാമത്തെ ഭാഗ്യം ഇളയരാജയോടൊപ്പമിരുന്ന് പ്രവർത്തിക്കാനയതും. ഒരു സിനിമയിലെങ്കിലും അദ്ദേഹത്തിന്റെ സംഗീതമുണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് സംവിധാനം തുടങ്ങിയ കാലത്ത്. ഒന്നിന് പകരം പത്ത് സിനിമകളിൽ ഞങ്ങൾക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു. വാസ്തവത്തിൽ അതിനെ ഭാഗ്യമെന്നല്ല, അനുഗ്രഹമെന്നുവേണം പറയാൻ. ഓരോ സിനിമയും ഓരോ പാട്ടും പശ്ചാത്തല സംഗീതമൊരുക്കിയ ഓരോ രംഗവും അപൂർവമായ അനുഭവങ്ങളാണ് എനിക്ക് നൽകിയത്. ‘അച്ചുവിന്റെ അമ്മ’ യുടെ അവസാനഭാഗത്ത് ഉർവശി തന്റെ അമ്മയല്ല എന്ന് തിരിച്ചറിഞ്ഞതിനുശേഷം മീരാജാസ്മിൻ കാണാൻ വരുന്ന രംഗമുണ്ട്. വീടിന് മുന്നിലെത്തി വിതുമ്പി നിന്നുകൊണ്ട് അവൾ ഗേറ്റ് തള്ളിത്തുറക്കുമ്പോൾ നമ്മൾ ആദ്യം കേൾക്കുക അമ്പലമണികളുടെ മുഴക്കമാണ്. അത് ഒരു സംഗീതമായി മാറുന്നു.

”ഈ വീട് അവൾക്കിപ്പോൾ ഒരു കോവിൽ മാതിരി” എന്നാണ് അത് റെക്കോഡ് ചെയ്യുമ്പോൾ ഇളയരാജ പറഞ്ഞത്. ചിത്രത്തിലെ രംഗങ്ങളിലൂടെയല്ല, കഥാപാത്രത്തിന്റെ ആത്മാവിലൂടെയാണ് ഒരു സംഗീതസംവിധായകൻ സഞ്ചരിക്കേണ്ടത് എന്ന് ഇളയരാജ ഓർമ്മിപ്പിക്കുന്നു. കായൽപോലെത്തന്നെ കടലും അദ്ദേഹത്തിന് ഒരുപാട് പ്രിയപ്പെട്ടതാണ്. ചില സിനിമകൾക്കുവേണ്ടി കടൽതീരത്ത് ഞങ്ങൾ താമസിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ആളൊഴിഞ്ഞ കടപ്പുറത്ത് വെറുതെ നടക്കും. ഒരിക്കൽ കൈതപ്രവും ബെന്നി പി.നായരമ്പലവും കൂടെയുണ്ടായിരുന്നു. അന്ന് തിരമാലകളുടെ സംഗീതം രാഗമായി രാജാസാർ പാടി. കൈതപ്രം അതേറ്റുപാടി. അതിനൊക്കെ സാക്ഷിയാകാൻ കഴിയുക എന്നതുതന്നെ പുണ്യമാണ്. ഇത്രയേറെ അടുപ്പമുണ്ടായിട്ടും ഒരു പരിധിക്കപ്പുറത്തേക്ക് ഞാൻ സ്വതന്ത്ര്യമെടുക്കാറില്ല. അത്യാവശ്യത്തിനല്ലാതെ ഫോണിൽ വിളിക്കില്ല, മെസേജ് ചെയ്യില്ല. അൽപം അകന്നുനിന്ന് ആ മഹാവ്യക്തിത്വത്തെ നോക്കിക്കാണാനാണ് എനിക്കിഷ്ടം. നക്ഷത്രങ്ങളെ നക്ഷത്രങ്ങളായിത്തന്നെ കാണണം. എങ്കിലേ ആ ശോഭ നമുക്ക് ആസ്വദിക്കാൻ കഴിയൂ. കുറച്ച് ദിവസങ്ങൾക്കുമുൻപ് ഞാനദ്ദേഹത്തിന്റെ നമ്പറിലൊന്ന് വിളിച്ചു. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട മകൾ ഭവതരണിയുടെ വിയോഗ വാർത്ത കേട്ടപ്പോൾ. അച്ഛൻ ജീവിച്ചിരിക്കെ മക്കൾ ഈ ലോകത്തോട് വിടപറയുന്നത് താങ്ങാനാവാത്ത സങ്കടമാണ്; ഏത് പിതാവിനും. രണ്ടുമൂന്ന് തവണ ബെല്ലടിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ ഞാനൊരു ശബ്ദസന്ദേശമയച്ചു. ”സമാധാനിപ്പിക്കാൻ വാക്കുകളൊന്നുമില്ല. മറ്റുള്ളവർ വേദനിക്കുമ്പോൾ അവരെ ആശ്വസിപ്പിക്കാറുള്ള രാജാസാറിന് ഈ സങ്കടം നേരിടാൻ ഈശ്വരൻ ശക്തിതരട്ടെ” എന്നുമാത്രമേ ഞാൻ പറഞ്ഞുള്ളൂ. മറുപടി വന്നു. തളർന്ന ശബ്ദത്തിൽ. ”നന്ദി…. സത്യൻ” എന്നുമാത്രം. അത്രയും വേദനനിറഞ്ഞ ശബ്ദം ഞാനിന്നുവരെ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഞാനാ മെസേജ് മായ്ച്ചുകളഞ്ഞില്ല. അതൊരു അച്ഛന്റെ ആത്മനൊമ്പരത്തിന്റെ ശബ്ദമാണ്. ഇളയരാജ എന്ന പച്ചമനുഷ്യന്റെ ശബ്ദം!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News