കർഷകൻ്റെ മകനാണ്… പേടിപ്പിക്കാൻ നോക്കേണ്ട !! സിബിഐയെ ഇറക്കി മോദി, വണങ്ങില്ലെന്ന് സത്യപാൽ മാലിക്ക്

പുല്‍വാമയിലെ ഭീകരാക്രമണം സുരക്ഷാ വീഴ്ചയാണ്, ഹരിയാനയിലെ നൂഹില്‍ നടന്ന സംഘപരിവാറിന്റെ വംശീയ ആക്രമണം ആസൂത്രിതമാണ് എന്നൊക്കെ വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയ വ്യക്തി, മറ്റാരുമല്ല സംസ്ഥാനമായിരുന്ന ജമ്മുകാശ്മീരിന്റെ അവസാനത്തെ ഗവര്‍ണര്‍. സത്യപാൽ മാലിക്ക്. അദ്ദേഹമാണിപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരട്.

ALSO READ: സൗണ്ട്പോഡ് സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍ പേ

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ഷക സമരം, മണിപ്പൂര്‍ കലാപം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ വീണ്ടും കേന്ദ്ര ഏജന്‍സികള്‍ രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് വിവിധ കമ്പനികളില്‍ നിന്നും ബിജെപി കോടികള്‍ സംഭാവനകള്‍ പിരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. 30 കമ്പനികളില്‍ നിന്നായി 335 കോടി രൂപ ബിജെപിക്ക് സംഭാവനകള്‍ നല്‍കിയതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. ഇടയ്ക്കിതൊന്ന് ഓര്‍മിപ്പിച്ചെന്ന് മാത്രം.
സത്യപാല്‍ മാലിക്ക് ഇപ്പോള്‍ സിബിഐയുടെ നിരീക്ഷണവലയത്തിലാണ്.

ALSO READ: കർഷകസമരം; ഹരിയാനയിലെ ഏഴ് ജില്ലകളിൽ ഇന്റർനെറ്റ്‌ പുന:സ്ഥാപിച്ചു

ജലവൈദ്യുത പദ്ധതി അഴിമതിക്കേസില്‍ മാലികുമായി ബന്ധപ്പെട്ടയിടങ്ങളില്‍ ഉള്‍പ്പെടെ മുപ്പതോളം സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടന്നിരിക്കുകയാണ്. 2200 കോടിയുടെ കിരു ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ടിന്റെ നിര്‍മാണ ജോലികള്‍ക്ക് കരാര്‍ നല്‍കിയതില്‍ അഴിമതി നടന്നുവെന്നാണ് കേസ്. 2018 ഓഗസ്റ്റ് 23 മുതല്‍ 2019 ഒക്ടോബര്‍ 30 വരെ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ ആയിരുന്ന സത്യപാല്‍ മാലിക്കിന്, രണ്ടു ഫയലുകള്‍ക്ക് അംഗീകാരം നല്‍കാന്‍ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടെന്നാണ് ആരോപണം. 624 മെഗാവാട്ടിന്റെ കിറു പദ്ധതിയും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ രണ്ട് ഫയലുകളില്‍ നിയമാനുസൃതമായല്ലാതെ ഇടപെടാന്‍ തനിക്ക് 300 കോടി വാഗ്ദാനം ചെയ്ത കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്ന് സത്യപാല്‍ മാലിക്ക് 2022-ല്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. അഴിമതിക്കെതിരേ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിര്‍ദേശമാണ് ലഭിച്ചതെന്നും അതനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിച്ചതെന്നും സത്യപാല്‍ മാലിക്ക് വ്യക്തമാക്കിയിരുന്നു. പക്ഷേ മോദി വിമര്‍ശകന്‍ എന്ന ലേബല്‍ വന്നതോടെ അദ്ദേഹം കേന്ദ്ര ഏജന്‍സികളുടെ ഇരയായി തീര്‍ന്നിരിക്കുന്നു.

ALSO READ: ലീഗിന് മൂന്നാം സീറ്റിനല്ല അഞ്ചും ആറും സീറ്റിന് വരെ അർഹതയുണ്ട്: ജിഫ്രി മുത്തുക്കോയ തങ്ങൾ

‘സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ഏകാധിപതി തന്നെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്, താനൊരു കര്‍ഷകന്റെ മകനാണ്; പേടിച്ച് ആരെയും വണങ്ങില്ല’ ഇത്രയും ആത്മവിശ്വാസത്തോടെ മാലിക്ക് തനിക്കെതിരെയുള്ള ആരോപണങ്ങളെ നേരിടുമ്പോള്‍ കേന്ദ്രം മറ്റെന്തെങ്കിലും അടവിറക്കേണ്ടി വരും. പുല്‍വാമ ഭീകരാക്രമണത്തില്‍ സൈനികരുടെ മൃതദേഹം കൊണ്ടാണ് 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി പോരാടിയതെന്നും സംഭവത്തില്‍ യാതൊരു അന്വേഷണവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും തുറന്നടിച്ച വ്യക്തിയാണ് സത്യപാല്‍ മാലിക്ക്. അന്വേഷണം നടന്നിരുന്നുവെങ്കില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രാജിവെയ്‌ക്കേണ്ടി വരുമായിരുന്നു. നിരവധി ഉദ്യോഗസ്ഥരെ ജയിലില്‍ അടക്കേണ്ടി വരുമായിരുന്നു, വലിയ വിവാദം തന്നെ ഉണ്ടാകുമായിരിന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. തീര്‍ന്നില്ല ബാക്കിയും ശ്രദ്ധിച്ച് കേള്‍ക്കണം. പുല്‍വാമ ആക്രമണം നടക്കുമ്പോള്‍ ജിം കോര്‍ബറ്റ് നാഷ്ണല്‍ പാര്‍ക്കില്‍ ഒരു ഷൂട്ടിംഗ് പരിപാടിയിലായിരുന്നു പ്രധാനമന്ത്രി. അത് കഴിഞ്ഞെത്തി അദ്ദേഹം തന്നെ വിളിച്ചു. നമ്മുടെ സൈനികര്‍ കൊല്ലപ്പെട്ടെന്നും നമ്മുടെ വീഴ്ച കൊണ്ടാണ് അത് സംഭവിച്ചതെന്നും താന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ മൗനം പുലര്‍ത്താനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. ആയിരത്തോളം ജവാന്‍മാരെ റോഡിലൂടെ വാഹന വ്യൂഹത്തില്‍ കൊണ്ട് പോകരുതെന്ന് സി ആര്‍ പി എഫ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യം തള്ളുകയായിരുന്നുവെന്നും സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്നും സത്യപാല്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.

ALSO READ: ടിക്കറ്റ് വിൽപനയിലും മുന്നിൽ തന്നെ; മത്സരവുമായി ‘പ്രേമയുഗം ബോയ്സ്’

അവിടെയും തീര്‍ന്നില്ല. ഹരിയാനയിലെ നൂഹില്‍ നടന്ന ആക്രമം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതല്ലെന്നും വ്യത്യസ്ത ഇടങ്ങളിലുണ്ടായ ആക്രമണങ്ങള്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നന്നായി ഏകോപിപ്പിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ അടക്കിനിര്‍ത്തിയില്ലെങ്കില്‍ രാജ്യം മുഴുവന്‍ മണിപ്പൂരിനെപ്പോലെ ചുട്ടെരിക്കുമെന്നും മാലിക് ചൂണ്ടിക്കാട്ടിയിരുന്നു. പുല്‍വാമ ആക്രമണത്തിനു ശേഷം വോട്ട് ചെയ്യുമ്പോള്‍ പുല്‍വാമയെ ഓര്‍ക്കാന്‍ മോദി ജനങ്ങളോട് പറഞ്ഞു. ഒരിക്കല്‍ കൂടി ഇക്കാര്യം നിങ്ങളോട് ഞാന്‍ പറയുന്നു. ഇത്തവണ നിങ്ങള്‍ വോട്ട് ചെയ്യുമ്പോള്‍ പുല്‍വാമയെ ഓര്‍ക്കുക,” എന്നാണ് മാലിക് പറഞ്ഞത്. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. അത്രയും വലിയ സുരക്ഷാ മുന്‍കരുതലുകളുള്ള പുല്‍വാമയില്‍ ആര്‍ഡിഎക്സ് എങ്ങനെയെത്തി? സിആര്‍പിഎഫ് ജവാന്മാര്‍ക്ക് എന്തുകൊണ്ടാണ് വിമാനം നിഷേധിച്ചത്? ഗവര്‍ണര്‍ എന്ന നിലയില്‍, തനിക്ക് ഒരു ദിവസം മൂന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിക്കാറുണ്ടായിരുന്നു. പലതിലും തനിക്കെതിരെയോ ഓഫീസിനെതിരെയോ ആക്രമണമുണ്ടാകുമെന്നായിരുന്നു. റോഡിലൂടെ യാത്ര ചെയ്യരുതെന്നും ഹെലികോപ്ടറും മറ്റും ഉപയോഗിക്കണമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സൈനിക വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടാകുമെന്ന ഒരു ഇന്റലിജന്‍സ് റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല എന്നും മാലിക് പലയിടങ്ങളിലും ചൂണ്ടിക്കാട്ടിയിരുന്നു.

ALSO READ: കേരളത്തിൻ്റെ ഇടതുപക്ഷ മനസ്സാണ് മറ്റെങ്ങും ഇല്ലാത്ത പുരോഗതി ഇവിടെ സൃഷ്ടിച്ചത്: മുഖ്യമന്ത്രി

ഈ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയില്‍ സത്യപാല്‍ മാലിക്കിനെ വേട്ടയാടാന്‍ സിബിഐ എത്തിയിരിക്കുകയാണ്. കിരു ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ നടത്തുമ്പോള്‍ ഇ- ടെണ്ടര്‍ പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്. കേന്ദ്രസര്‍ക്കാരും മാലികും തമ്മിലുള്ള ബന്ധം വഷളാവാന്‍ തുടങ്ങിയിട്ട് നാളേറെയായി. കര്‍ഷക സമരം ഉള്‍പ്പെടെ പല വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാന്‍ ഇഡിയും സിബിഐയും എത്തുമ്പോള്‍, കോണ്‍ഗ്രസ് നേതാക്കളായിരുന്ന സമയം ബിജെപി അഴിമതികള്‍ ആരോപിച്ചിരുന്ന പല പ്രമുഖ നേതാക്കളും ബിജെപിയിലെത്തിയപ്പോള്‍ നല്ലവരായ കഥകളും നമ്മള്‍ ഓര്‍ക്കണം. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പണം വാരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ സത്യപാല്‍ മാലിക്കും ഇരയായതില്‍ അത്ഭുതപ്പെടേണ്ടതില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News