മാരക രോഗത്തിന് മുന്നിലും കുലുങ്ങാത്ത മഹാനടൻ; സത്യൻ എന്ന അത്ഭുതം!

മലയാളസിനിമയിലെ എക്കാലത്തേയും മികച്ച നടന്മാരിലൊരാളായ സത്യന്‍റെ ചരമവാർഷിക ദിനമാണ് ജൂൺ 15. അദ്ദേഹം ഓർമ്മയായിട്ട് കഴിഞ്ഞെങ്കിലും “ ആലങ്കാരികമായി പറഞ്ഞാല്‍ ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു.നൂറ്റാണ്ടുകള്‍ പിന്നിട്ടാലും സത്യന്‍ എന്ന നടനെ മലയാള സിനിമാ പ്രേക്ഷക ലോകം മറക്കുകയില്ല. സിനിമയുളള കാലമത്രയും സത്യൻ സിനിമയിലെ ചരിത്രപുരുഷന്‍ തന്നെയായി നില നിൽക്കും.

തിരുവനന്തപുരത്ത് ആറാമിട ചെറുവിളാകത്ത് വീട്ടില്‍ മാനുവലിന്‍റെയും ലില്ലിയമ്മയുടെയും മൂത്തമകനായി 1912 നവംബര്‍ ഒന്‍പതിന് മാനുവേൽ സത്യനേശന്‍ എന്ന സത്യന്‍ ജനിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം അന്നത്തെക്കാലത്തെ വിദ്വാന്‍പരീക്ഷ പാസ്സായി.

വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടാനും സഹോദരങ്ങളെ ഉന്നത നിലയിലെത്തിക്കാൻ വേണ്ടി വിദ്യാഭ്യാസം കഴിഞ്ഞയുടനെ ജീവിത രംഗത്തേക്കിറങ്ങുകയായിരുന്നു സത്യൻ.ആദ്യം സെന്‍റ് ജോസഫ് സ്കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. കുറെ കഴിഞ്ഞപ്പോള്‍ രണ്ടു വര്‍ഷം സെക്രട്ടേറിയേറ്റില്‍ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. തുടര്‍ന്ന് അദ്ദേഹം പട്ടാളത്തില്‍ ചേര്‍ന്നു. ചിട്ടയുളള ജീവിതവും പ്രത്യേകം എടുത്തു പറയാവുന്നത്ര ധൈര്യവും, സാഹസിതകയും, സാമര്‍ത്ഥ്യവും കൊണ്ടു തന്നെ ആ പട്ടാളക്കാരന്‍ രണ്ടാലോകം മഹായുദ്ധകാലത്ത് സൈനിക സേവന രംഗത്ത് പടിപടിയായി ഉയരുകയായിരുന്നു.

സേവനകാലാവധി കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ സത്യന്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. പൊലീസ് ജീവിതത്തിനിടയില്‍ അമച്വര്‍ നാടകങ്ങളില്‍ ഒരു രസത്തിനുവേണ്ടി അഭിനയിച്ചിട്ടുണ്ട്. ആ നാടകങ്ങള്‍ എല്ലാം തന്നെ കാക്കിക്കുളളിലെ ഉജ്ജ്വല നടനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തിരുന്നു,

സ്കൂള്‍ വിദ്യാഭ്യാസാനന്തരം കരസേനയിലും അധ്യാപനവൃത്തിയിലും പൊലീസുദ്യോഗത്തിലും ഏര്‍പ്പെട്ടു. സിനിമാനടനാവാന്‍ വേണ്ടി പൊലീസുദ്യോഗം രാജിവെച്ചു. ആദ്യചിത്രമായ ത്യാഗ സീമ(1951) നിര്‍മ്മാണം പൂര്‍ത്തിയായില്ല. അത്മസഖി (1952)യാണ് ആദ്യ വെളിച്ചം കണ്ട ചിത്രം. ഇതിലെ നായക വേഷം ശ്രദ്ധ നേടികൊടുത്തു. പ്രസിഡണ്ടിന്‍റെ വെളളിമെഡല്‍ നേടിയ നീലക്കുയില്‍ അംഗീകാരത്തിനു വഴിയൊരുക്കി.

അനന്യമായ അഭിനയശൈലി ആയിരുന്നു സത്യന്‍റേത്. പൗരുഷവും പ്രതിഭയും അദ്ദേഹത്തെ മറ്റു നടന്മാരില്‍ നിന്നും വേർതിരിച്ചു നിർത്തുന്നു.. ഒരു മൂളലില്‍ പോലും അഭിനയത്തിന്‍റെ മര്‍മ്മം നിറക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു

സത്യന്‍ എന്ന അനുഗ്രഹീത നടന്‍റെ കഴിവുകള്‍ കണ്ടറിയുകയും ആ കഴിവുകള്‍ക്ക് ഏറ്റവുമധികം അവസരങ്ങള്‍ നല്‍കുകയും ചെയ്തത് കെ.എസ്.സേതുമാധവന്‍, വിന്‍സന്‍റ്, രാമു കാര്യാട്ട് തുടങ്ങിയവരാണ് .

സത്യന്‍റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും തിളക്കമുള്ള വേഷങ്ങളാണ് അനുഭവങ്ങള്‍ പാളിച്ചകളിലെ സഖാവ് ചെല്ലപ്പനും, രാമുകാര്യാട്ടിന്‍റെ ചെമ്മീനിലെ പളനിയും, കടല്‍പ്പാലത്തിലെ അന്ധനായ കൈമളും, സേതുമാധവന്‍റെ “ഓടയില്‍ നിന്നി’ലെ പപ്പുവും “ദാഹത്തിലെ’ ജയരാജനും,”യക്ഷി’യിലെ പ്രഫ. ശ്രീനിയും, “വാഴ് വേമായ’ത്തിലെ സുധിയും മറ്റും.

പപ്പുവിന്‍റെ ധാര്‍ഷ്ട്യവും, ഭാര്യയുടെ ജാരസംസര്‍ഗം കണ്ടെത്തുന്ന ജയരാജന്‍റെ ദൈന്യതയും, മിഥ്യാ ലോകത്തിലെ മായിക ഉണ്മകളില്‍ താളം തെറ്റുന്ന ശ്രീനിയുടെ അന്തഃസംഘര്‍ഷങ്ങളും, സംശയത്തിന്‍റെ ഞരമ്പുരോഗത്തില്‍ കുടുംബബന്ധം തന്നെ താറുമാറാകുന്ന വാഴ് വേമായത്തിലെ ഗൃഹനാഥനുമെല്ലാം പ്രേക്ഷകനു മായാത്ത നോവു സമ്മാനിക്കുന്നുവെങ്കില്‍ അതില്‍ സത്യന്‍ എന്ന നടന്‍റെ കറതീര്‍ത്ത അഭിനയത്തിന്‍റെ വിരല്‍പ്പാടുകളുണ്ട്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷം തന്നെ (1969) ഏറ്റവും മികച്ച നടനുളള അവാര്‍ഡ് സത്യൻ നേടി. 1971 ല്‍ വീണ്ടും അതേ അവാര്‍ഡ് മരണാനന്തര ബഹുമതിയായി നല്‍കി..

മലയാളത്തിലെ നായകസങ്കല്‍പ്പത്തിന് പ്രഹരമേല്‍പ്പിച്ച ചിത്രമാണ് “യക്ഷി’.
പ്രേം നസീറിനെപ്പോലെ സ്ത്രൈണസ്വഭാവം പുലര്‍ത്തുന്ന കോമള കളേബരമില്ലെങ്കിലും സുന്ദരനായ നായകന്‍ എന്ന സങ്കല്‍പ്പമായിരുന്നു സത്യനെ സംബന്ധിച്ചുണ്ടായിരുന്നത്.

സത്യന്‍ അഭിനയിക്കുന്നകഥാപാത്രത്തിന്‍റെ മുഖത്തിന്‍റെ ഒരു വശം കരിഞ്ഞു വികൃതമായ നിലയിലാണ് യക്ഷിയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. എഴുപതുകളുടെ സിനിമയില്‍ വികൃതമുഖങ്ങള്‍ നായകസ്ഥാനത്തു വരുന്നത് അത്ഭുതമല്ലെങ്കിലുംഅറുപതുകളില്‍ അസാമാന്യ ധീരതയായിരുന്നു.

കടല്‍പ്പാലത്തിലെ കേന്ദ്ര കഥാപാത്രമായ അച്ഛന്‍ൻ്റെയും മകന്‍റെയും വേഷത്തില്‍ വരുന്ന സത്യന്‍റെ അന്യൂനമായ ഭാവപ്രകടനങ്ങളും കടല്‍പ്പാലത്തെ ഒരു വിജയമാക്കി മാറ്റാന്‍ ഏറെ സഹായിച്ചു.

പട്ടാളക്കാരനായിരുന്നപ്പോള്‍ കറതീര്‍ന്ന പടയാളി. പൊലീസായിരുന്നപ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത നിയമപാലകന്‍, നടനായിരുന്നപ്പോള്‍ ഒരിക്കലും തെറ്റാത്ത സമയനിഷ്ടയുളള പ്രവര്‍ത്തകന്‍ അതായിരുന്നു ആ ജീവിതം.

പാവപ്പെട്ട തൊഴിലാളിയുടെ വേഷമെടുക്കുമ്പോഴും നായകന് അലക്കിത്തേച്ച വസ്ത്രങ്ങള്‍ കൊടുത്തെന്നിരിക്കും. പക്ഷേ സത്യന്‍ അത് “ചുക്കിപ്പിരിച്ച്’ ചുളുക്കി തറയില്‍തേച്ച് മുഷിച്ചേ ഉപയോഗിക്കുമായിരുന്നൂളളൂ.

കഥാപാത്രത്തെ അറിഞ്ഞ് അഭിനയിക്കുന്നതിനോടൊപ്പം അതിനൊത്ത വസ്ത്രധാരണത്തിലെ ലാളിത്യം പാലിക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരു പേജ് ഡയലോഗ് പറഞ്ഞ് ഫലിപ്പിക്കേണ്ട വികാരങ്ങളത്രയും ഒരു നോക്കിലും ഒരു മൂളലിലും ഒതുക്കി അവതരിപ്പിക്കാന്‍ മാസ്റ്റര്‍ക്കുണ്ടായിരുന്ന അത്ഭുതകരമായ കഴിവ് അപാരം തന്നെയായിരുന്നു.

മാരകമായ രോഗം തന്നെ ബാധിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ തെല്ലും കുലുങ്ങാതെ ധീരതയോടെ ജീവിതം നയിച്ച മാസ്റ്റര്‍ അവസാന ദിവസം വരെ വരെ അഭിനയിച്ചു . ഷൂട്ടിംഗിനിടയില്‍ വായില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും രക്തസ്രാവമുണ്ടായപ്പോഴും അതു തുടച്ച് കളഞ്ഞിട്ട് അഭിനയം പൂര്‍ത്തിയാക്കാനുളള ചങ്കൂറ്റം മറ്റാര്‍ക്കുമുണ്ടായെന്നുവരില്ല.

ആ ദിവസത്തെ കാള്‍ഷീറ്റ് തീരും വരെ അഭിനയിച്ചിട്ട് സ്വന്തം കാര്‍ സ്വന്തമായി ഡ്രൈവ് ചെയ്ത് ആശുപത്രിയിലെത്തി അഡ്മിറ്റായ സത്യൻ അവിടെവച്ച് അന്ത്യശ്വാസം വലിക്കുകയായിരുന്നു. തൻ്റെ സിനിമാ ജീവിതത്തിൽ സ്നേഹ സീമ, നായരുപിടിച്ച പുലിവാല്, മുടിയനായ പുത്രന്‍, അമ്മയെകാണാന്‍, മണവട്ടി, ആദ്യകിരണങ്ങള്‍, കണ്ണും കരളും, ഭാര്യ, ശകുന്തള, കായംകുളം കൊച്ചുണ്ണി, ചെമ്മീന്‍, യക്ഷി, അടിമകള്‍, നായരു പിടിച്ച പുലിവാല്, മിടുമിടുക്കി, അന്വേഷിച്ചു കണ്ടെത്തിയില്ല, കരിനിഴല്‍, ഒരു പെണ്ണിന്‍റെ കഥ തച്ചോളി ഒതേനന്‍ കടല്‍പ്പാലം, വാഴ്വേമായം, ക്രോസ്ബെല്‍റ്റ്, അരനാഴികനേരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കരകാണാക്കടല്‍ തുടങ്ങിയവ ഉള്‍പ്പൈടെ നൂറ്റമ്പതിലേറേ മലയാള ചിത്രങ്ങളിലും രണ്ടു തമിഴ്ചിത്രങ്ങളിലും അഭിനയിച്ചു. 1971 ജൂൺ 15 ന് ആ മലയാളത്തിൻ്റെ മഹാനടനൻ സിനിമയിൽ നിന്നും ജീവിതത്തിൽ നിന്നും അരങ്ങൊഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News