സവർക്കർ ജയന്തിയിലെ രാഷ്ട്രീയ അശ്ലീലം; സവർക്കർ വീരനോ വില്ലനോ?

ആർ.രാഹുൽ

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സംഭവിച്ച ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായിരുന്നു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധം. ആ കൊടും ക്രൂരകൃത്യം ചെയ്തത്‌ ആദ്യഘട്ടത്തിൽ അർഎസ്എസുമായും പിന്നീട്‌ ഇന്ന് വീരനാക്കാൻ ശ്രമിക്കുന്ന സവർക്കറുടെ ഹിന്ദുമഹാസഭയുമായും ഗാഢബന്ധം പുലർത്തി പ്രവർത്തിച്ചുവന്നിരുന്ന ഹിന്ദു രാഷ്ട്രവാദിയും ചിത്പാവൻ ബ്രാഹ്മണ സമുദായാംഗവുമായ നാഥുറാം വിനായക്‌ ഗോഡ്സേ എന്ന മറാത്തക്കാരനായിരുന്നു. ഗോഡ്സേയ്ക്ക്‌ ഹിന്ദുമഹാസഭയും സവർക്കറും തമ്മിലുളള ബന്ധം എത്രത്തോളം തീക്ഷ്ണവും ഗാഢവുമായിരുന്നെന്ന്‌ ഗാന്ധിവധവുമായി ബന്ധപ്പെട്ട വിചാരണവേളയിൽ ഗോഡ്സേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

ചെങ്കോട്ടയിലെ പ്രത്യേക കോടതിയിൽ നടന്ന വിചാരണയുടെ അവസാനത്തിൽ കോടതി മുമ്പാകെ നാഥുറാം വിനായക് ഗോഡ്‌സെ നൽകിയ മൊഴിയിൽ ഗാന്ധിവധത്തിലേക്കു നയിച്ച സംഭവവികാസങ്ങളെ ഗോഡ്‌സെ അക്കമിട്ടു നിരത്തുന്നുണ്ട്. സവർക്കറുമായി തനിക്കുണ്ടായിരുന്ന ബന്ധവും അദ്ദേഹം കോടതി മുമ്പാകെ നൽകിയ മൊഴിയിൽ വ്യക്തമാക്കി.

“ഞാൻ നിരവധി വർഷം ഹിന്ദു മഹാസഭയിൽ ഹിന്ദുത്വത്തിന്റെ കൊടിക്കീഴിൽ പോരാടി. വീരസവർക്കർ ഹിന്ദുമഹാസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദുത്വത്തിന്റെ പ്രഗത്ഭനും അനിഷേധ്യനുമായ നായകനുമായി ഹിന്ദുത്വ പ്രവർത്തകർ അദ്ദേഹത്തെ കണ്ടു. ഞാനും അവരിലൊരാളായി “- എന്നായിരുന്നു ഗോഡ്സേ കോടതിയിൽ വ്യക്തമാക്കിയത് (ഗോഡ്സേയുടെ മൊഴി-പേജ്‌-24) ഇതിൽ കൂടുതലൊരു തെളിവും ഗാന്ധി ഘാതകനും ഹിന്ദുമഹാസഭയും വീരസവർക്കറും തമ്മിലുളള ബന്ധത്തെ വ്യക്തമാക്കാൻ ആവശ്യമില്ല.

ഇനി ആർഎസ്‌എസുമായി ഗോഡ്സേയ്ക്ക്‌ ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റി വ്യക്തമാക്കുവാൻ ആർഎസ്‌എസിന്റെ രണ്ടാമത്തെ സർസംഘചാലകനായിരുന്ന ഗോൽവാർക്കർ പറഞ്ഞ വാക്കുകൾ തന്നെ ഉദ്ധരിക്കാം. ഗോൽവാർക്കർ പറയുന്നു ‘ഗോഡ്സേ ഏതോ കാലത്ത്‌ സംഘത്തിലെ അംഗമായിരുന്നു. പിൽക്കാലത്ത്‌ (പത്തു വർഷം മുമ്പ്‌) അയാൾ സംഘത്തിൽ നിന്ന്‌ വിട്ടുപോയിരുന്നു.’ (ഗുരുജി സാഹിത്യ സർവസ്വം. വോള്യം-9-പേജ്‌ 7)

ഗാന്ധിജിയെ കൊന്നകുറ്റത്തിന്‌ തൂക്കിലേറ്റപ്പെടുമ്പോൾ ഗോഡ്സേയുടെ വയസ്‌ കോടതി രേഖകൾ പ്രകാരം 37. എന്നുവച്ചാൽ ഇരുപത്തിയേഴാം വയസുവരെ ഗോഡ്സേ ആർഎസ്‌എസ്‌ അംഗത്വത്തിൽ ഉണ്ടായിരുന്നു. നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെപ്പോലെ സ്വാതികനായ ഒരു സനാതന ഹിന്ദുവിനെ കൊല്ലാനുളള മനസ്‌ ഗോഡ്സേ എന്ന യുവാവിന്‌ ഉണ്ടാക്കിയെടുത്തതിൽ ആർഎസ്‌എസും ഹിന്ദുമഹാസഭയും ഉൾപ്പെടുന്ന ഹിന്ദു രാഷ്ട്രവാദ പ്രത്യയശാസ്ത്ര പ്രസ്ഥാനങ്ങൾക്കുളള പങ്ക് ഒഴിവാക്കാനാവാത്തതാണ് എന്ന് മേൽ പറഞ്ഞ വാക്യങ്ങളിൽ നിന്നുതന്നെ വ്യക്തമാകുന്നു.

വീരനായിരുന്നോ സവർക്കർ?

”സവര്‍ക്കറെ വിശ്വസിക്കരുത്.അവന്‍ ബ്രിട്ടീഷുകാരുടെ ചാരനാണ്.സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ നിരവധി ദേശാഭിമാനികളെ അവന്‍ ഒറ്റു കൊടുത്തിട്ടുണ്ട്. നിങ്ങളാരും അവനുമായി ഒരു ബന്ധവും സ്ഥാപിക്കരുത്. ഏത് വിധേനയും ചതിക്കാന്‍ ശ്രമിക്കും. സൂക്ഷിക്കണം.” (ക്യാപ്റ്റൻ ലക്ഷ്മി അവസാനമായി കേരളത്തിൽ എത്തിയപ്പോൾ നൽകിയ അഭിമുഖത്തിൽ നിന്നും)

സ്വാതന്ത്ര്യത്തിനായിട്ടുള്ള സമര പോരാട്ടങ്ങള്‍ ഇന്ത്യയിലൊട്ടുക്കും കത്തി നില്‍ക്കെ നാല്‍പ്പതുകളില്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എന്‍..എ ക്യാമ്പുകളില്‍ നടത്തിയതാണ് ഈ ആഹ്വാനം.ബ്രിട്ടീഷ് സേനയുടെ പിടിയിലാകു മുമ്പ് സര്‍വക്കര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്നു.പക്ഷെ, പിന്നീട് ആന്റമാന്‍ ജയിലിലടക്കപ്പെട്ട സര്‍വക്കര്‍ ബ്രിട്ടീഷുകാരുടെ ചാരനായി മാറുകയായിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്ന് ഉറപ്പ് നല്‍കുകയും മാപ്പ് ചോദിക്കുകയും ചെയ്തു. മാത്രമല്ല ബ്രിട്ടീഷ്‌കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് സൂചന നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

സവർക്കറിൻ്റെ മാപ്പപേക്ഷ

സവർക്കർ ജയിലിൽ നിന്ന് മോചനത്തിനായി ദയാവായ്‌പിന് അപേക്ഷിച്ചു. ആദ്യം 1911ലും പിന്നെ 1913ലും. രണ്ടാമത്തേത് സർ റെജിനാൾഡ് ക്രാഡോക്കിന്റെ സന്ദർശനത്തിനിടെ ആയിരുന്നു. 1913 നവംബർ 14 ന് എഴുതിയ കത്തിൽ സവർക്കർ പറയുന്നതിങ്ങനെ . “എനിക്ക് ഉചിതമായ വിചാരണയും നീതിപൂർവ്വമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിന് വിധേയമാകുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നെ അനുവദിച്ചാൽ ഇതുവരെ ഒരു വിജയമായിട്ടുള്ള പരിഷ്കരണങ്ങൾ തുടർന്ന് നടപ്പാക്കുന്നതിന് ഞാൻ ഭാവിയിൽ ശ്രമിക്കുന്നതുമായിരിക്കും.”.

നമുക്ക് പിന്നെയും ഇങ്ങനെ വായിക്കാം:
“ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ അപരമായ ഔദാര്യത്താലും ദയാവായ്‌പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റേ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണ്ണമായ വിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്റെ പരിവർത്തനം ഒരിക്കൽ എന്നെ മാർഗദർശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷനുകൂല നിലപാടിലേക്ക് മടക്കിക്കൊണ്ടുവരും. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൈതൃക വാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് ‘മുടിയനായ പുത്രന് ’ മടങ്ങി വരാനാവുക? ബ്രിട്ടീഷ് ഗവണ്മെന്റിന് മാത്രമേ അത്രയും കാരുണ്യം കാണിക്കാനാവൂ…”

സവർക്കറുടെ അപേക്ഷ പരിഗണിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ്, രത്നഗിരിയിൽ താമസിക്കുകയും ജില്ല വിടണമെങ്കിൽ അനുവാദം വാങ്ങുകയും അനുവാദമില്ലാതെ ഒരു പൊതു-സ്വകാര്യ രാഷ്ട്രീയപ്രവവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നുമുള്ള നിബന്ധനകളോടെ അദ്ദേഹത്തെ മോചിപ്പിച്ചു. 1937 വരെ ഈ നില തുടർന്നു.

ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം സവർക്കർ അദ്ദേഹത്തിന്റെ മാപ്പപേക്ഷയിൽ സമ്മതിക്കുന്നത് അദ്ദേഹത്തിന് ഉചിതമായ വിചാരണ ലഭ്യമായി എന്നാണ്. ഗവണ്മെന്റ് നിർദ്ദേശിച്ച മുഴുവൻ ഉപാധികളും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. വിട്ടയച്ചാൽ ബ്രിട്ടീഷ് നയങ്ങളുടെ വക്താവായി പ്രവർത്തിച്ചു കൊള്ളാമെന്ന് സവർക്കർ താണുകേണ് പറയുന്നു. സവർക്കറുടെ ഭാഷ അദ്ദേഹത്തിലെ ദാസ്യമനോഭാവത്തെയും ഭീരുത്വത്തെയും തുറന്നു കാണിക്കുന്നതുമായിരുന്നു.

1920 ൽ ഗാന്ധിജി യംഗ് ഇന്ത്യയിൽ എഴുതിയത് നോക്കുക:
“സവർക്കർ സഹോദരന്മാർ സ്പഷ്ടമായും ബ്രിട്ടീഷുകാരിൽ നിന്നും മോചനം ആഗ്രഹിക്കുന്നവരല്ല. ബ്രിട്ടീഷ് സഹകരണത്തോടെ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പുള്ളൂ എന്ന് വിചാരിക്കുന്നവർ ആണവർ”
(The Collected Works of Mahatma Gandhi, vol. 17, 462.Henceforth CWMG).

ജയിൽ മോചിതനായ സവർക്കറുടെ പ്രവർത്തനങ്ങൾ

മാപ്പെഴുതിക്കൊടുത്ത് തടവിൽ നിന്ന് പുറത്ത് വന്നത് സവർക്കറുടെ തന്ത്രപരമായ തീരുമാനമായിരുന്നുവെന്നും ജയിലിൽ കിടന്ന് നശിക്കാനല്ല, പുറത്ത് വന്ന് സ്വാതന്ത്ര്യ സമരത്തിന് ചുക്കാൻ പിടിക്കാനായിരുന്നു സവർക്കറുടെ തീരുമാനമെന്നും സവർക്കറുടെ അനുയായികൾ ഇന്ന് പറഞ്ഞ് നടക്കുന്നുണ്ട്. വാസ്തവമെന്താണ്? ജയിലിൽ നിന്ന് പുറത്ത് വന്ന് സവർക്കർ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് എന്ത് സംഭാവനയാണ് ചെയ്തത്? അല്ലെങ്കിൽ മറ്റേതെങ്കിലും മേഖലയിൽ സവർക്കർ ശ്രദ്ധ കേന്ദ്രീകരിച്ചുവോ? ഇവയാണ് നമുക്കറിയാനുള്ളത്. സവർക്കർ ആദ്യകാലത്ത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട് എന്ന് ഈ ലേഖനത്തിന്റെ ആദ്യം തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ തീവ്ര ഹൈന്ദവ ഫാസിസ്റ്റിലേക്കുള്ള മാറ്റം സവർക്കറെ ദേശീയ പ്രസ്ഥാനങ്ങളിൽ നിന്ന് എങ്ങനെ നിഷ്‌കാസിതനാക്കിയെന്നും എങ്ങനെ സവർക്കർ ആദരവ് അർഹിക്കുന്ന സ്വാതന്ത്ര്യപ്പോരാളി അല്ലാതായി എന്നും നമുക്ക് പരിശോധിക്കാം.
ആൻഡമാനിലെ തടവ് കാലത്ത് സവർക്കറിൽ വൻ മാറ്റങ്ങൾ തന്നെ സംഭവിച്ചു.

ബ്രിട്ടീഷ് കോളനിവാഴ്ച്ചക്കെതിരായുള്ള സമരങ്ങളെ സവർക്കർ നിരാകരിച്ചു. ഒരു ദേശീയ വിപ്ലവകാരിയിൽ നിന്ന് ഒരു തീവ്ര ഹിന്ദു ഫാസിസ്റ്റിലേക്കുള്ള മാറ്റമായിരുന്നു അത്. ആശയപരമായി ജർമ്മൻ വംശീയത സവർക്കറെ ആഴത്തിൽ തന്നെ സ്വാധീനിച്ചു. Johann Kaspar Bluntschli യുടെ ‘ദ തിയറി ഓഫ് സ്റ്റേറ്റ് ’ എന്ന ഗ്രന്ഥം സവർക്കർ ശ്രദ്ധയോടെ പഠിക്കുകയും സഹതടവുകാരെ പഠിപ്പിക്കുകയും ചെയ്തു. Bluntschli ജർമ്മൻ വംശീയ ദേശീയതയുടെ പ്രയോക്താവായിരുന്നു. അയാളുടെ എഴുത്തുകൾ ഗോൾവാൾക്കർ ഉൾപ്പടെയുള്ള ധാരാളം ഹിന്ദു ദേശീയവാദികളെ സ്വാധീനിച്ചിട്ടുമുണ്ട്. (C. Jaffrelot, The Hindu Nationalist Movement and the Indian Politics, 32).

മറ്റ് പാശ്ചാത്യ വംശീയദേശീയവാദികളിൽ നിന്നും സവർക്കർ പ്രചോദിതനായിട്ടുണ്ട്.
ആൻഡമാനിലെ ജയിൽവാസം കഴിഞ്ഞ സവർക്കർ തികച്ചും ഒരു പുതിയ വ്യക്തി ആയിരുന്നു. പരോക്ഷമായിപ്പോലും സവർക്കർ ബ്രിട്ടീഷ് വിരുദ്ധ നടപടികളിൽ ഉൾപ്പെട്ടില്ല. 1923 ൽ സവർക്കർ വിവാദമായ “ഹിന്ദുത്വ: ആരാണ് ഹിന്ദു?” എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇതാണ് സവർക്കർക്ക് “ഹിന്ദുത്വയുടെ പിതാവ്” എന്ന വിശേഷണം നേടിക്കൊടുത്തത്. ആൻഡമാനിൽ നിന്ന് വന്ന് അധികം കഴിയാതെ തന്നെ സവർക്കറെ ആർ എസ് എസ് സ്ഥാപകനായ ഹെഡ്‌ഗേവാർ രത്നഗിരിയിൽ സന്ദർശിച്ചു. ആർ എസ് എസ് പ്രവർത്തനങ്ങളിൽ സവർക്കറുടെ പിന്തുണ തേടാനായിരുന്നു ഹെഡ്‌ഗേവാർ സവർക്കറെ സന്ദർശിച്ചത്.

1937 ൽ സവർക്കർക്കു ബ്രിട്ടീഷുകാർ കൽപ്പിച്ചിരുന്ന ഉപാധികളെല്ലാം പൂർണ്ണമായും മാറി. മോചിതനായതോടെ കോൺഗ്രസിൽ ചേരാൻ സവർക്കർക്ക് ക്ഷണം കിട്ടി. എന്നാൽ സവർക്കർ അത് നിരസിക്കുകയും ഹിന്ദു മഹാസഭയിൽ ചേരുകയും ചെയ്തു. ഇതേക്കുറിച്ച് ജെ.ഡി.ജോഗ്‌ലേക്കർ പറഞ്ഞത് “ഹിന്ദുത്വ പോലെ ഒരു പുസ്തകമെഴുതുകയും ദിനപ്പത്രങ്ങളിൽ ഹിന്ദു രാജ്യത്തെക്കുറിച്ച് തുടർച്ചയായി എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്ന സവർക്കർക്ക് കോൺഗ്രസിൽ ചേരാൻ സാധ്യമല്ല” എന്നായിരുന്നു. (J. D. Joglekar, “Veer Savarkar: Profile of a Prophet”, 324).

1937 ൽ സവർക്കർ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ആർ.സി. മജുംദാർ ചൂണ്ടിക്കാണിക്കുന്നത് പിന്നെയും പിന്നെയും തുടരെ സവർക്കർ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ഈ സഭ രാഷ്ട്രീയ-വർഗ്ഗീയ സംഘമായി മാറുകയും ചെയ്തു എന്നാണ്. (R.C. Majumdar, The History and Culture of the Indian People. Struggle for Freedom, 611-612).
ഹിന്ദു മഹാസഭയുടെ വർഗ്ഗീയ സ്വഭാവത്തെക്കുറിച്ച് നെഹ്റു പറഞ്ഞത് “ഞാൻ ഖേദിക്കുന്നു ഹിന്ദു മഹാസഭ ഉൾപ്പടെയുള്ള ഹിന്ദു സംഘടനകളുടെ പ്രവർത്തനങ്ങൾ വർഗ്ഗീയവും ദേശവിരുദ്ധവും പ്രതിലോമകരവുമാണ്. (J. Nehru, Recent Essays and Writings, 46).
പിന്നീട് സവർക്കർ മഹാത്മാഗാന്ധിക്കെതിരേയും കോൺഗ്രസ് നേതാക്കൾക്കെതിരെയും പരസ്യമായി അധിക്ഷേപങ്ങൾ ചൊരിയാൻ തുടങ്ങി. ഗാന്ധിജിയെ മുസ്ലീം പ്രീണകൻ എന്നാണ് സവർക്കർ മുദ്ര കുത്തിയത്.

സവർക്കർ പറഞ്ഞത് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടാൽ പിന്നെ ഹിന്ദുത്വയുടെ യഥാർത്ഥ ശത്രുക്കളായ ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും എതിരേ സമരം തുടങ്ങുമെന്നാണ്. ഹിന്ദുത്വക്ക് മാത്രമേ ഇവരെ പരാജയപ്പെടുത്താൻ കഴിയൂ എന്നും സവർക്കർ പ്രസ്താവിച്ചു.
ആർഎസ്എസുമായി വളരെയടുത്ത ബന്ധം ഉണ്ടായിരുന്ന സവർക്കറുടെ ശിഷ്യനായിരുന്നു ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ. ഗാന്ധി വധത്തിൽ സവർക്കറും പ്രതി ആയിരുന്നുവെങ്കിലും മതിയായ തെളിവുകൾ ഇല്ല എന്ന പേരിൽ ഒഴിവാക്കപ്പെടുകയായിരുന്നു.

ഇന്ത്യയിലെ വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികളില്‍ പ്രാധാന്യം ദേശീയ നായകരായ നേതാക്കളുടെ അഭാവമാണ്. ഹിന്ദുത്വയുടെ വക്താക്കള്‍ക്ക് ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രത്തിലൊരിടത്തും ദേശീയാംഗീകാരം നേടാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ നിരാശയില്‍ വിളറി പിടിച്ചാണ് വര്‍ത്തമാനകാലത്ത് സംഘപരിവാര്‍ സ്വാതന്ത്രസമരനേതാക്കളെ സ്വാതന്ത്ര്യ സമര നേതാക്കളെ വീരൻമാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയ സവര്‍ക്കറെ മഹാനായ സ്വാതന്ത്ര്യ സമര സേനാനിയായി സ്ഥാപിക്കാനുള്ള സംഘപരിവാറിന്റെ നീക്കത്തിന് പ്രതീക്ഷിച്ച വിജയമൊന്നും ഉണ്ടായില്ല. പിന്നെ അവർ ഏതെങ്കിലും നേതാവിന് ഇന്ത്യൻ ദേശീയതയുമായി പേരിനെങ്കിലും ബാന്ധവമുണ്ടോ എന്ന കൊണ്ട് പിടിച്ച അന്വേഷണത്തിലായിരുന്നു. രാജ്യത്തുടനീളം അവർ അടിസ്ഥാനതലത്തിൽ തന്നെ കാമ്പയിൻ തന്നെ നടത്തി. “ചരിത്ര സാക്ഷ്യങ്ങളുടെ കണ്ടെടുക്കലും ചരിത്രത്തിന്റെ പുനർവ്യാഖ്യാനവും!” എന്ന തരത്തിൽ ദൃശ്യ, അച്ചടി മാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയകൾ ഉപയോഗിച്ചും അവർ സ്വാതന്ത്ര്യ സമരങ്ങളിൽ പങ്കെടുത്ത നേതാക്കളെ ഉയർത്തിക്കാട്ടാൻ തുടങ്ങി. അത്തരമൊരു കണ്ടുപിടുത്തമാണ് വീരസവർക്കർ, ഹിന്ദുത്വയുടെ പിതാവ്. വർഗ്ഗീയ നിലപാടുകൾക്ക് ആശയാടിത്തറ നൽകാനുള്ള സംഘപരിവാർ സൃഷ്ടിയായിരുന്നു അത്.

മഹാത്മാ ഗാന്ധിയോളം പോന്ന സ്വാതന്ത്ര്യ സമര നായകനാണ് സവർക്കർ എന്ന് സ്ഥാപിക്കാൻ ഹിന്ദുത്വവാദികൾ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും അവലംബിച്ചു. സവർക്കറെന്ന ധീരപോരാളിക്ക് അർഹിച്ച അംഗീകാരം കൊടുത്തില്ല എന്നവർ നിലവിളിച്ചു. ഇതിനൊരു പരിഹാരമെന്നോണം സംഘപരിവാരമെല്ലാം ചേർന്ന് – ബോധമുള്ള ഇന്ത്യാക്കാരെയെല്ലാം ഞെട്ടിച്ച് കൊണ്ട് – സവർക്കർക്ക് ‘സ്വാതന്ത്ര്യ വീർ’ എന്നൊരു വിശേഷണമങ്ങ് ചാർത്തിക്കൊടുത്തു. (H.V. Seshadri, “The Swatantrya-Veer: Epitome of ‘Swatantrata’ and ‘Veerata’, in V. Grover (ed.), V.D. Savarkar, 1993, 367-375).

ചിലർ വിശേഷിപ്പിച്ചതാവട്ടെ, സ്വാതന്ത്ര്യ വീറും സവർക്കറും എന്നാൽ പൂവും മണവും പോലെ, വിളക്കും വെളിച്ചവും പോലെ വേർപിരിയാനാവാത്ത സംഞ്ജകളെന്നാണ് ! (J.Trehan, “Savarkarism’, 500).

ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ വീരനായി വാഴ്ത്തിപ്പാടുന്ന സവര്‍ക്കറുടേയും അദ്ദേഹത്തിൻ്റയും മറ്റ് ചില നിലപാടുകൾ.

യുപിയിലെ മഥുരയിൽ നടന്ന ഹിന്ദുമഹാസഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സവര്‍ക്കര്‍ നടത്തിയ പ്രഖ്യാപനവും ചരിത്രത്തിന്റെ ഭാഗമാണ്.
‘നമുക്ക് കിട്ടിയ അവസരം എല്ലാരീതിയിലും ഉപയോഗിക്കണം ബ്രിട്ടന്‍ യുദ്ധത്തില്‍ ജയിക്കുമോ എന്നത് നമ്മുടെ പ്രശ്നമല്ല. പ്രായോഗികമായും ധാര്‍മികമായും അവരെ സഹായിക്കുക എന്നതാണ് പ്രധാനം. അതുവഴി നമ്മുടെ ഹിന്ദുസമ്രാജ്യത്തെ പരമാവധി പട്ടാളവത്കരിക്കുകയും വ്യവസായവത്കരിക്കുകയും ചെയ്യുക എന്ന നിലപാടാണ് സവര്‍ക്കര്‍ സ്വീകരിച്ചത്.
1941ല്‍ ഭഗല്‍പൂരില്‍ ചേര്‍ന്ന ഇരുപത്തിമൂന്നാം സമ്മേളനത്തില്‍ ഒരു പടികൂടികടന്നുള്ള പ്രഖ്യാപനമാണ് സവര്‍ക്കര്‍ നടത്തിയത്. ‘യുദ്ധം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു, രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള ഹിന്ദുമഹാശാഖകളും നഗര ഗ്രാമ വ്യത്യാസമില്ലാതെ പരമാവധി ഹിന്ദുക്കളെ കര, വ്യോമ, നാവിക സേനകളിലും ആയുധ നിര്‍മ്മാണശാലകളിലും ചേര്‍ക്കണം’.

തുടര്‍ന്നുള്ള കുറച്ചുവര്‍ഷങ്ങള്‍ നേതാജിയുടെ സേനയെ തടയാനും കൊന്നൊടുക്കാനുമായി ബ്രിട്ടീഷ് സേനകളിലേക്ക് ഹിന്ദുക്കളെ റിക്രൂട്ട്ചെയ്യുന്ന ക്യാമ്പുകള്‍ക്ക് സവര്‍ക്കര്‍ നേരിട്ട് നേതൃത്വം നല്‍കി. ക്യാമ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും പരാതികള്‍ക്ക് പരിഹാരം കാണാനുമായി മധ്യ വടക്കന്‍ മേഖലയില്‍ ഹിന്ദുമഹാസഭയുടെ നേതാവും അഭിഭാഷകനുമായ ഗണപത് റായ് കണ്‍വീനറും മധ്യതെക്കന്‍ മേഖലയില്‍ അഭിഭാഷകനായ എല്‍.ബി ഭോപാട്കര്‍ ചെയര്‍മാനായും രണ്ട് ബോര്‍ഡുകള്‍ രൂപീകരിച്ചിരുന്നു. ഹിന്ദു മഹാസഭ നേതാക്കളായ ജ്വാലപ്രസാദ് ശ്രീവാസ്തവ, ബാരിസ്റ്റര്‍ ജംനാദാസ് ജി മേത്ത, വി.വി ഖലികര്‍ എന്നിവരെ നാഷണല്‍ ഡിഫന്‍സ് കൗണ്‍സിലിന്റെ യുദ്ധോപദേശക സമിതികളിലേക്ക് പ്രതിനിധികളായി സവര്‍ക്കര്‍ അധ്യക്ഷനായ ഹിന്ദുമഹാസഭ നിയമിക്കുകയും ചെയ്തു. 1941 മെയ് മാസം ഹിന്ദുമഹാസഭയുടെ മുതിര്‍ന്ന നേതാവ് ജ്വാലപ്രസാദ് ശ്രീവാസ്തവ ബ്രിട്ടീഷ് കമാന്‍ഡര്‍ ഇന്‍ ചീഫുമായി ചര്‍ച്ച നടത്തിയതിന്റെ ഔദ്യോഗിക രേഖകള്‍ നാഷണല്‍ ആര്‍കൈവ്‌സിലും ബ്രിട്ടീഷ് ആര്‍കൈവ്‌സിലും ഇപ്പോഴും ലഭ്യമാണ്.

ഈ ചരിത്ര വസ്തുതകളെല്ലാം വിസ്മരിച്ചു കൊണ്ടാണ് പുതിയതായി നിർമ്മിച്ച പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന തീയതിയായി സവർക്കറുടെ ജൻമദിനമായ മെയ് 28ന് തെരെഞ്ഞെടുത്തിരിക്കുന്നത്. പാർലമെൻ്റിൻ്റെ തലവനായ രാഷ്ട്രപതിയെ ഒഴിവാക്കിയാണ് ഇത്തരം ഒരു നീക്കത്തിന് ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപിയും മുതിർന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. ഈ രണ്ട് കാര്യങ്ങൾ ചൂണ്ടിക്കാട്ടി 20 ഓളം പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിക്കുയും ചെയ്തു. അതു കൊണ്ട് തന്നെ കേന്ദ്ര സർക്കാർ സ്പോൺസർഷിപ്പിൽ നടന്ന, സമകാലീന ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അശ്ലീലമായി മാറിയിരിക്കുകയാണ് സവർക്കർ ജൻമദിനത്തിൽ നടന്ന പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News