സേവ് ദ ഡേറ്റ് വീഡിയോകളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ഒരു വീഡിയോ ശ്രദ്ധേയമാകുന്നു. വയനാട് കഴമ്പ് കുന്ന് ഊരിലെ അഞ്ജ്ലിയുടേയും അവനീതിന്റേയും ‘ഏങ്കള കല്ല്യാണാഞ്ചു’ എന്ന വീഡിയോയിൽ കാടും തുടിയും പാട്ടുമൊക്കെയുണ്ട്. ‘മെയ് മാസ 29ക്കു ഏങ്കള കല്യാണാഞ്ചു…..ഒക്കളും വന്തൊയി മക്കളെ…..’ എന്ന പാട്ടും കാട്ടിനുള്ളില്‍ ചിത്രീകരിച്ച മനോഹരമായ കാഴ്ച്ചകളുമാണ് വീഡിയോയെ ആകർഷകമാക്കുന്നത്.
ഗോത്ര വിഭാഗത്തിലെ മാധ്യമപ്രവര്‍ത്തകനായ അവനീതും അഞ്ജലിയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിന് സാക്ഷിയാകാന്‍ എല്ലാവരേയും ക്ഷണിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. “ഏങ്കള കല്യാണാഞ്ചു..ഒക്കളും വന്തൊയി മക്കളെ…’ എന്ന് പണിയ ഭാഷയില്‍ പറഞ്ഞാല്‍ മലയാളത്തില്‍ ‘മെയ് മാസം 29-ന് ഞങ്ങളുടെ കല്ല്യാണമാണ്. എല്ലാവരും കല്ല്യാണത്തിന് വരണം’ എന്നാണ് അർത്ഥം.
പണിയ സമുദായത്തിന്റെ പരമ്പരാഗത വസ്ത്രമായ ‘ചേല കെട്ടിമേച്ചാ’ക്ക് സമാനമായ വസ്ത്രമാണ് വീഡിയോയിൽ പ്രതിശ്രുത വധു ധരിച്ചിരിക്കുന്നത്. “പരമ്പരാഗത രീതിയില്‍ വിവാഹം നടത്തുന്നത് ഇപ്പോള്‍ ഊരില്‍ കുറവാണെന്നും അതിനെ പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെ ഒരു സേവ് ദ ഡേറ്റ് വീഡിയോ ചെയ്തുനോക്കിയതെന്നും അവനീത് പറഞ്ഞു. കാട്ടിനുള്ളില്‍ ചിത്രീകരിക്കാന്‍ പ്രത്യേക അനുമതി വാങ്ങേണ്ടി വന്നു. അതിനായി കുറച്ച് കഷ്ടപ്പെട്ടെന്നും അവനീത് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here