വളര്‍ത്തുനായ്ക്കളെ ഉള്‍പ്പെടെ വീട് ജപ്തി ചെയ്ത് എസ്ബിഐ; ഒടുവില്‍ നായ്ക്കളെ തുറന്നുവിട്ട് ബാങ്ക്, പരാതിയുമായി നാട്ടുകാര്‍

കൊച്ചിയില്‍ ബാങ്ക് അധികൃതര്‍ തുറന്നുവിട്ട അക്രമകാരികളായ തെരുവുനായ്ക്കള്‍ വഴിയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നതായി നാട്ടുകാര്‍. കാക്കനാട് ചെമ്പുമുക്കിലാണ് സംഭവം. എസ്ബിഐ അധികൃതര്‍ക്കെതിരെയാണ് പ്രദേശവാസികള്‍ രംഗത്ത് എത്തിയിട്ടുള്ളത്.

കാക്കനാട് ചെമ്പുമുക്കില്‍ കെ കെ റോഡിലുള്ള ഈ വീട് ബാങ്ക് വായ്പ കുടിശ്ശിയായതിന്റെ പേരിലാണ് രണ്ടുവര്‍ഷം മുന്‍പ് വളര്‍ത്തു നായ്ക്കളെ ഉള്‍പ്പെടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജപ്തി ചെയ്തത്. ബാങ്ക് നിയോഗിച്ച സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് ഈ നായ്ക്കളെ ഭക്ഷണം കൊടുത്ത് ഇത്രയും നാള്‍ വളര്‍ത്തിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് ബാങ്ക് അധികൃതര്‍ വീട്ടില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുകയും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചെയ്തു. വീടു പൂട്ടി രണ്ടു നായ്ക്കളെയും പുറത്തേക്ക് തുറന്നു വിടുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങളോളം തങ്ങള്‍ കഴിഞ്ഞ വീടിന്റെ പരിസരം വിട്ടു പോകാന്‍ ഈ വളര്‍ത്തു നായ്ക്കള്‍ തയ്യാറായില്ല.

Also Read : വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു

വീടിനു മുന്നിലുള്ള റോഡിലൂടെ പോകുന്ന വഴിയാത്രക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നായ്ക്കള്‍ ഭീഷണി ആകുന്നുണ്ടെന്നും അപകടമുണ്ടാകുന്നതിനു മുന്‍പേ അധികൃതര്‍ ഇടപെടണമെന്നും പ്രദേശവാസിയായ സജി കുര്യന്‍ ആവശ്യപ്പെട്ടു.

ഇത്രയും കാലം വീട്ടിനുള്ളില്‍ വളര്‍ന്ന നായ്ക്കള്‍ എങ്ങോട്ട് പോകണമെന്നറിയാതെ ഇവിടെത്തന്നെ ചുറ്റി തിരിയുകയാണെന്നും ബാങ്കുകാര്‍ ചെയ്തത് വലിയ ക്രൂരതയാണെന്നും കെ കെ റോഡ് റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി റഷീദ് വാഴക്കാല കുറ്റപ്പെടുത്തി.

എത്രയും വേഗം തദ്ദേശസ്ഥാപന അധികൃതര്‍ ഇടപെട്ട് നായ്ക്കളെ ഇവിടെ നിന്നും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം. അക്രമ സ്വഭാവമുള്ള നായ്ക്കളെ തെരുവില്‍ ഇറക്കി വിട്ട ബാങ്ക് അധികൃതര്‍ ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും നാട്ടുകാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News