ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന്‌ പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെ കൊഴിഞ്ഞുപോക്ക്

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് SC, ST, OBC വിഭാഗങ്ങളില്‍ നിന്ന് 19,000ത്തിലധികം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയതായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാലും ക്യാമ്പസുകളില്‍ ജാതി വിവേചനം ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.

രാജ്യത്തിന്റെ അഭിമാനമായ ഐഐടികളില്‍ നിന്നും ഐഐഎമ്മുകളില്‍ നിന്നും കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നുമായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 19,000ത്തിലധികം SC, ST, OBC വിദ്യാര്‍ഥികളാണ് പഠനം നിര്‍ത്തി പുറത്തു പോയത്. 14,446 വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും 4,444 പേര്‍ ഐഐടികളില്‍ നിന്നും 366 പേര്‍ ഐഐഎമുകളില്‍ നിന്നും കൊഴിഞ്ഞു പോയി. കഴിഞ്ഞദിവസം രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാരാണ് കണക്കുകള്‍ പങ്കുവെച്ചത്.

രാജ്യത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നടുക്കുന്ന കണക്കുകള്‍ പുറത്തു വരുമ്പോഴും ജാതി വിവേചനം ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. കോളേജുകള്‍ മാറാനും കോഴ്‌സുകള്‍ മാറാനും വേണ്ടി വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തിയതാകാം എന്നാണ് കേന്ദ്ര ന്യായീകരണം. കൃത്യമായ റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ചും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയും കൊഴിഞ്ഞുപോക്ക് തടയുന്നുണ്ടെന്നുമാണ് വിദ്യാഭ്യാസ മന്ത്രാലയം വിശദീകരിക്കുന്നത്.

നേരത്തെ ഐഐടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതിയായ റിസര്‍വേഷന്‍ ഉറപ്പാക്കുന്നില്ല എന്ന് കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. മൗലാന സ്‌കോളര്‍ഷിപ്പ് അടക്കം അവസാനിപ്പിച്ച് വിദ്യാഭ്യാസ അവകാശങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുകയാണ് കേന്ദ്രമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഐഐടികളിലും കേന്ദ്ര സര്‍വകലാശാലകളിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ SC, ST വിഭാഗങ്ങളില്‍ നിന്നായി ഏഴ് വിദ്യാര്‍ഥികള്‍ വീതം ആത്മഹത്യ ചെയ്തതും നീതിനിഷേധത്തിന്റെ കണക്കുകളാണ്.

സിവില്‍ സര്‍വീസ് അടക്കം രാജ്യത്തെ തന്ത്രപ്രധാന ഉദ്യോഗ പദവികളിലും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്ന് മതിയായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം നടന്ന 4,365 നിയമനങ്ങളില്‍ റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നാമമാത്രമായ പങ്കാണ് SC, ST, OBC വിഭാഗങ്ങള്‍ക്ക് നല്‍കിയത്. അവസര സമത്വവും അധികാര പങ്കാളിത്തവും ഉറപ്പാക്കാനുള്ള സംവരണ തത്വങ്ങളെ കാറ്റില്‍ പറത്തുകയും ജാതിബ്രാഹ്‌മണ്യത്തിന് തണലൊരുക്കുകയും ചെയ്യുകയാണ് ബിജെപി സര്‍ക്കാരെന്നാണ് ഉയരുന്ന പ്രതിഷേധ ശബ്ദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News