കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്

തൃശൂർ കാട്ടകാമ്പാലിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. കാട്ടകാമ്പാൽ മൾട്ടി പർപ്പസ്‌ സവ്വീസ്‌ സഹകരണ സൊസൈറ്റിയിലാണ്‌ വൻ തട്ടിപ്പ്‌ അരങ്ങേറിയത്. പണയ സ്വർണ്ണവും ആധാരങ്ങളും സാലറി സർട്ടിഫിക്കറ്റുകളും തട്ടിപ്പിന് ഉപയോഗിച്ചു. കുന്നംകുളം പോലീസ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്‌ അന്വേഷണം ആരംഭിച്ചു.

Also Read; അമിതവേഗമെന്ന് പരാതി; പേടിയെങ്കിൽ ഇറങ്ങിപ്പോകാൻ യാത്രക്കാരോട് സ്വകാര്യ ബസ് ജീവനക്കാർ

കോൺഗ്രസ് ഭരണത്തിലുള്ള കാട്ടകാമ്പാൽ മൾട്ടി പർപ്പസ്‌ സവ്വീസ്‌ സഹകരണ സൊസൈറ്റിയിൽ അരങ്ങേറിയത് കോടികളുടെ തട്ടിപ്പ്. അംഗണവാടി ടീച്ചർ മുതൽ വയോധികർ വരെ വഞ്ചിക്കപ്പെട്ടു. സഹകരണ സംഘം സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ വിആർ സജിത്ത്‌ ആണ് തട്ടിപ്പിന്റെ സൂത്രധാരൻ. ജൂൺ മാസത്തിൽ മാറഞ്ചേരി സ്വദേശിനി നൽകിയ പരാതിയിലാണ്‌ തട്ടിപ്പിന്റെ കഥകൾ ആദ്യം പുറത്ത്‌ വന്നത്‌. 73 പാക്കറ്റുകളിലായി ബാങ്കിൽ സൂക്ഷിച്ചിരുന്ന 775 ഗ്രാം സ്വർണ്ണം സജിത്ത്‌ ബാങ്കിൽ നിന്നും കടത്തി തിരിമറി ചെയ്തു എന്നാണ് പരാതി. ഈ പരാതിയിൽ കുന്നംകുളം പോലീസ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്‌ അന്വേഷണം ആരഭിച്ചു.

Also Read; തൃശൂരിൽ കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനി കിണറ്റിൽ മരിച്ച നിലയിൽ

പെങ്ങാമുക്ക്‌ വിളക്കത്തല വീട്ടിൽ ജയന്തിക്ക് നഷടപ്പെട്ടത് 9 ലക്ഷം രൂപയാണ്. 2019-ൽ ബാങ്കിലെ ചിട്ടി അടവ്‌ മുടങ്ങിയപ്പോൾ ചിട്ടി ലോൺ ആക്കി തരം മാറ്റി, തൃശ്ശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ലോൺ ടേക്ക്‌ ഓവർ ചെയ്യുമെന്ന് ബാങ്ക്‌ സെക്രട്ടറി സജിത്ത്‌ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്ന് ജയന്തി തൃശ്ശൂരിലെ സ്ഥാപനത്തിൽ നിന്നും ലോണെടുത്ത്‌ സജിത്തിന്‌ ചെക്ക്‌ നൽകി. ആധാരം സജിത്ത്‌ തിരിച്ച്‌ നൽകുകയും ചെയ്തു. ഇക്കഴിഞ്ഞ പതിനഞ്ചാം തീയ്യതി 10 ലക്ഷം രൂപയോളം ബാങ്കിലേക്ക് തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് നോട്ടീസ്‌ വന്നപ്പോഴാണ്‌ ചതി തിരിച്ചറിയുന്നത്‌.

Also Read; കച്ചവടത്തിനായി ഇനി കാനഡയിലേക്കില്ല; കാനഡയിലെ കമ്പനി പൂട്ടി മഹീന്ദ്ര

2016- ൽ അങ്കണവാടിക്ക്‌ സ്ഥലം വാങ്ങാൻ ലോണിനെന്ന് പറഞ്ഞ്‌ അങ്കണവാടി ടീച്ചറുടെ ഓണറേറിയം സർട്ടിഫിക്കറ്റ്‌ വാങ്ങി അന്ന് ഗ്രാമ പഞ്ചായത്തംഗം കൂടിയായിരുന്ന സജിത്ത് തട്ടിപ്പ്‌ നടത്തി. ഓണറേറിയം സർട്ടിഫിക്കറ്റിൽ ലോൺ കിട്ടില്ലെന്ന് പറഞ്ഞെങ്കിലും ആ സർട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ സജിത്ത് 4 ലക്ഷം രൂപ ലോണെടുത്തു. 10 ലക്ഷം രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ്‌ വന്നപ്പോഴാണ്‌ അങ്കണവാടി ടീച്ചറായ പ്രമീളയും താൻ ചതിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്‌. രണ്ടുലക്ഷം രൂപക്ക്‌ ആധാരം പണയം വച്ച പെങ്ങാമുക്ക്‌ മൂലേപ്പാട്ട്‌ വീട്ടിൽ സുബ്രമണ്യന്റെ ആധാരം ഉപയോഗിച്ച്‌ 8 ലക്ഷം രൂപയുടെ രണ്ട്‌ ലോണുകൾ ബാങ്കിൽ നിന്നും സജിത്ത്‌ കൈക്കലാക്കി. ഇതുകൂടാതെ മാസം തോറും ഗംഗാധരന്റെ വീട്ടിലെത്തി തിരിച്ചടവിനുള്ള പണം കൈപ്പറ്റി ബാങ്കിൽ അടക്കാതെ അതും തട്ടിയെടുത്തു.

മൂന്ന് കേസുകളിലായി 40 ലക്ഷം രൂപയുടെ തട്ടിപ്പും 40 ലക്ഷം രൂപയുടെ സ്വർണ്ണ തിരിമറിയും ഇതുവരെ പുറത്ത്‌ വന്നു. രണ്ടു കോടിയിലധികം രൂപയുടെ തട്ടിപ്പും അതിലുമധികം തിരിമറിയും നടന്നിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ്‌ പുറത്തുവന്ന വിവരം. സെക്രട്ടറി മാത്രം ശ്രമിച്ചാൽ നടക്കുന്ന തട്ടിപ്പുകളല്ല കാട്ടകാമ്പാൽ മൾട്ടി പർപ്പസ്‌ സർവ്വീസ്‌ സൊസൈറ്റിയിൽ നടന്നത്‌. ബാങ്കിലെ മുഴുവൻ സംവിധാനങ്ങളും കോൺഗ്രസ് നേതാക്കളും തട്ടിപ്പിന്‌ കൂട്ടുനിന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here