ആവേശത്തിരയുയർത്തി ആസിഫും ടോവിനോയും, സ്വർണക്കപ്പിൽ മുത്തമിട്ട് തൃശൂർ; 5 ദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സമാപനം

thrissur gold cup

തലസ്ഥാന നഗരിയെ ‘കലസ്ഥാന’ നഗരിയാക്കിയ അഞ്ചു ദിവസങ്ങൾക്ക് ഒടുവിൽ ആവേശക്കൊടുമുടിയേറിയ സമാപനം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശത്തിലാക്കുന്നതായിരുന്നു മലയാളത്തിന്‍റെ പ്രിയപ്പെട്ട സിനിമ താരങ്ങളായ ആസിഫ് അലിയുടെയും ടോവിനോ തോമസിന്റെയും സാന്നിധ്യം. അഞ്ചുദിവസം നീണ്ടുനിന്ന കലാമാമാങ്കത്തിനാണ് പ്രൗഢ ഗംഭീരമായ ചടങ്ങിൽ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിരശ്ശീല വീണത്.

ലോകത്തിനു മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സംസ്‌ഥാന സ്കൂൾ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനവേളയിൽ പറഞ്ഞു. പരാതികൾ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു.

ALSO READ; ‘കപ്പ് എടുത്തൂട്ടാ…’ സ്വർണക്കപ്പ് ഗഡികൾക്ക്; തൃശൂരിനിന്ന് ആവേശപ്പൂരം

ബാല്യത്തിലേക്കും കൗമാരത്തിലേക്കും ഗൃഹാതുരത്വം നിറഞ്ഞ ഓർമകളിലേക്കും കൈ പിടിച്ചു കൊണ്ടുപോകുന്നതാണ് കലോത്സവങ്ങൾ. ഓരോ മത്സരത്തിനും മാർക്കിടുക എന്നത് ജഡ്ജ്സിന്റെ മുന്നിലെ വലിയ വെല്ലുവിളിയാണ്. അത്രയും മികച്ച രീതിയിലാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ കുട്ടികൾ നാടിന്റെ സമ്പത്താണെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളായ ആസിഫലി, ടൊവിനോ തോമസ് എന്നിവര്‍ സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി.

കലയെ കൈവിടാതെ, ജീവിത കാലം മുഴുവൻ കലയാൽ ലോകം മുഴുവൻ അറിയപ്പെടാൻ കഴിയട്ടെ എന്ന് നടൻ ആസിഫ് അലി ആശംസിച്ചു. ഇതുവരെ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തിട്ടില്ല. സിനിമ തന്ന ഭാഗ്യമാണ് കലോത്സവത്തിൽ ഇപ്പോൾ പങ്കെടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യനെ തമ്മിൽ അടുപ്പിക്കുന്ന സർഗാത്മകമായ കഴിവുകളും സഹൃദയത്വവും കൈവിടാതെ കലാകാരന്മാരും കലാകാരികളുമായി തുടരാൻ കഴിയട്ടെയെന്നു നടൻ ടൊവിനോ തോമസും പറഞ്ഞു. കലോത്സവം നല്ല രീതിയിൽ നടത്തിയ വിദ്യാഭ്യാസ വകുപ്പിനും പിന്നിൽ പ്രവർത്തിച്ചവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ നേർന്നു.

ALSO READ;‘ഏതൊരു വൈബാണ് പരിപാടിക്ക്’; സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് വിഡി സതീശൻ, വിദ്യാഭ്യാസ മന്ത്രിക്കും വകുപ്പിനും അഭിനന്ദനം

കലാകിരീടം സ്വന്തമാക്കിയ തൃശൂര്‍ ജില്ല മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങി. എ ഗ്രേഡ് ലഭിക്കുന്നവർക്ക് നൽകുന്ന ആയിരം രൂപയുടെ കലോത്സവ സ്കോളർഷിപ് 1500 രൂപയായി ഉയർത്തുന്ന കാര്യം ധനവകുപ്പിന്റെ പരിഗണനയിലാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മന്ത്രി ജി. ആര്‍. അനില്‍ അധ്യക്ഷനായ ചടങ്ങില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെഎന്‍ ബാലഗോപാല്‍, കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, ഒആര്‍ കേളു, ഡോ. ആർ ബിന്ദു എന്നിവര്‍ പങ്കെടുത്തു.

എഎ റഹിം എംപി, എംഎല്‍എമാരും കലോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാരുമായ ആന്റണി രാജു, കെ ആന്‍സലന്‍, സി കെ ഹരീന്ദ്രൻ, വി ജോയ്, വികെ പ്രശാന്ത്, ഒഎസ് അംബിക, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ എസ് ഷാനവാസ്, അഡീഷണല്‍ ഡയറക്ടര്‍ ആര്‍എസ് ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപന സമ്മേളനത്തില്‍ പൊന്നാട അണിയിച്ചു ആദരിച്ചു. പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മ്മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് തുടങ്ങിയവരെയും ചടങ്ങില്‍ ആദരിച്ചു. പല ഇനങ്ങളിലായി എഴുപത്തി എട്ടോളം പുരസ്‌കാരങ്ങളാണ് നല്‍കിയത്. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെയും എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News