ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ തമാശ നമുക്ക് അറിയാം, എന്നാൽ കഞ്ചാവ് കത്തിക്കാൻ തീപ്പെട്ടി അന്വേഷിച്ച് എക്‌സൈസ് ഓഫീസിൽ കയറിയാലോ, എങ്ങനെയായിരിക്കും .. അത്തരത്തിലൊരു സംഭവമാണ് തൃശൂരിലെ സ്കൂളിൽ നിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാർത്ഥികൾക്ക് ഉണ്ടായത്. കഞ്ചാവ് വലിക്കാനുള്ള വെപ്രാളത്തിൽ വർക്ക് ഷോപ്പാണോ എക്‌സൈസ് ഓഫീസ് ആണോ എന്നൊന്നും നോക്കാൻ സമയം കിട്ടിയില്ല. തേടിയ വള്ളി കാലിൽ ചുറ്റിയ സന്തോഷത്തിൽ എക്‌സൈസും.
‘ചേട്ടാ തീപ്പെട്ടിയുണ്ടോ?’എന്ന ചോദ്യവുമായാണ് ഈ കുട്ടി സംഘം പൊലീസ് സ്റ്റേഷനിലേക്ക് കയറി പോയത്.അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിന്റെ പുറകു വശത്തായിരുന്നു. കഞ്ചാവു ബീഡി കത്തിക്കാൻ തീപ്പെട്ടിക്കായി സ്കൂൾ വിദ്യാർഥികളെത്തിയത്. എക്സൈസ് ഓഫീസ് ആണെന്ന് മനസിലായപ്പോഴേക്കും പിടി വീണു.വിട്ടോടാ എന്നുപറഞ്ഞ് തിരിഞ്ഞോടിയെങ്കിലും രക്ഷയില്ല, കൂടെയോടിയ ഉദ്യോഗസ്ഥരെ ഈ കഞ്ചാവ് സംഘത്തിന് തോല്പിക്കാനായില്ല. പിന്നീട് നടന്ന തിരച്ചിൽ കണ്ടെടുത്തത് 5 ഗ്രാം കഞ്ചാവും ഒരു ഗ്രാം ഹാഷീഷ് ഓയിലും.
കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നതു കണ്ട് വർക്ക് ഷോപ്പ് ആണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. പിൻവശത്തു കൂടി കയറിയതിനാൽ ബോർഡും ശ്രദ്ധയിൽപെട്ടില്ല. അധ്യാപകരോട് ഉദ്യോഗസ്ഥർ വിവരമറിയിക്കുകയും ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തു. വിദ്യാർഥികൾക്കു കൗൺസലിങും നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here