കൊച്ചി: സംസ്ഥാനത്ത് ജൂൺ 1ന് പ്രവേശനോത്സവം നടക്കുമെന്നും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ബോയ്സ് സ്കൂളിൽ മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. മെയ് 23ന് 96 പുതിയ സ്കൂളുകൾ ഉദ്ഘാടനം ചെയ്യുമെന്നും 142.58 കോടി ഇതിനായി ചെലവഴിച്ചുവെന്നും മന്ത്രി കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ 7 വർഷം പുതിയ സ്കൂൾ കെട്ടിടങ്ങൾക്കായി 3000 കോടി രൂപ ചെലവഴിച്ചു
11 പുതിയ സ്കൂൾ കെട്ടിടങ്ങൾ പണിയാൻ തറക്കല്ലിട്ടുവെന്നും മന്ത്രി വ്യക്തമാക്കി.
മെയ് 27 ന് മുമ്പ് സ്കൂൾ തുറക്കൽ മുന്നൊരുക്കം പൂർത്തിയാക്കും. 47 ലക്ഷം വിദ്യാർത്ഥികൾ പുതിയ അധ്യയന വർഷത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സ്കൂൾ അന്തരീഷം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
കുട്ടികളുടെ ഹാജർ നില ഗൗരവമായി പരിശോധിക്കും. വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വിപുലമായി ഒരുക്കും. ഗ്രീൻ ക്യാമ്പസ് ക്ലീൻ കാമ്പസ് എന്ന ആശയത്തിലൂന്നിയാകും സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുക. ലഹരിവിരുദ്ധ കാമ്പയിനുകള്‍ സ്കൂളുകളിൽ സംഘടിപിക്കുമെന്നും നാളെ അധ്യാപക സംഘടനകളുടെ യോഗം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മെയ് 25ന് ഹയർസെക്കൻഡറി ഫലപ്രഖ്യാപനം നടത്തുമെന്നും 22ന് മന്ത്രിമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, എസ്എസ്എൽസി പരീക്ഷാ മൂല്യനിർണ്ണയത്തിൽ കാരണമില്ലാതെ പങ്കെടുക്കാതിരുന്ന 3006 അധ്യാപകർക്ക് നോട്ടീസ് നൽകി. സ്കൂൾ പ്രവേശനത്തിന്റെ പേരിൽ പണം വാങ്ങാൻ പാടില്ലെന്നും വിഭ്യാഭ്യാസം കച്ചവടമാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here