പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പുതുക്കിയ പ്രതിപ്പട്ടിക പൊലീസ്, കോടതിയില്‍ സമര്‍പ്പിച്ചു. കോഴിക്കോട് കുന്ദമംഗലം കോടതിയില്‍ സമര്‍പ്പിച്ച പ്രതിപ്പട്ടികയില്‍ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവര്‍ പ്രതികളാണ്. ഇവരെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികളെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, ഹര്‍ഷിനയുടെ പ്രസവ ശസ്ത്രക്രിയ നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 2 ഡോക്ടര്‍മാര്‍ 2 നഴ്‌സ്മാര്‍ എന്നിവരെ പ്രതിചേര്‍ത്താണ് പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. രമേശന്‍ സി കെ , കോട്ടയം സ്വകാര്യ ആശുപത്രിയില ഡോ.ഷഹന എം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി നഴ്‌സുമാരായ രഹന എം, മഞ്ജു കെ ജി എന്നിവരാണ് പ്രതികള്‍. ഐ പി സി 338 വകുപ്പ് പ്രകാരമാണ് കേസ്. ഇവരെ ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പോലീസ് കണ്ടെത്തല്‍. സത്യം പുറത്തു വന്നതായും ആത്മാര്‍ത്ഥമായി അന്വേഷണം നടത്തിയ പൊലിസിനു നന്ദിയെന്നും ഹര്‍ഷിന പ്രതികരിച്ചു. എങ്കിലും സമരം തുടരും.
ആശുപത്രി രേഖകളുടേയും ശാസ്ത്രീയമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് എ സി പി, കെ സുദര്‍ശന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പുതിയ പ്രതിപ്പട്ടിക തയ്യാറാക്കിയത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു. അതേസമയം ആരോഗ്യപ്രവര്‍ത്തകരെ പ്രതിചേര്‍ത്ത പൊലീസ് നടപടിക്കെതിരെ ആരോഗ്യമേഖലയിലെ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here