ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യൻ ആണവ സംരക്ഷണ സേനാ തലവൻ കൊല്ലപ്പെട്ടു

Lieutenant General Kirillov

യുക്രൈനുമായുള്ള സംഘർഷം അതിന്‍റെ പാരമ്യത്തിൽ തുടരവേ റഷ്യക്ക് കനത്ത തിരിച്ചടി. സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് റഷ്യയുടെ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്‍റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. മോസ്കോയിലെ റിയാസന്‍സ്‌കി പ്രോസ്‌പെക്റ്റിലെ അപ്പാര്‍ട്ട്‌മെന്റിന്‍റെ മുന്നിൽ നിർത്തിയിട്ട ഇലക്ട്രിക് സ്‌കൂട്ടറിൽ ഒളിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഇഗോറിന്‍റെ സഹായിയായ സൈനികനും കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട് ചെയ്തു.

നിരവധി രാസായുധ ആക്രമണങ്ങളുടെയടക്കം പിന്നിൽ പ്രവർത്തിച്ച ആളെന്ന നിലയിൽ യുക്രൈന്‍റെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന സൈനിക ജനറലായിരുന്നു ഇഗോർ കിറില്ലോവ്. അതിനാൽത്തന്നെ ആക്രമണത്തിന് പിന്നിൽ യുക്രൈൻ സേനയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

ALSO READ; പാളയത്തിൽ പട തുടരുന്നു; കനേഡിയൻ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചു

2017 മുതൽ കിറില്ലോവ് റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലപ്പത്തുണ്ട്. യുദ്ധത്തിൽ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചതിന് യുക്രൈൻ സുരക്ഷാ സേന അദ്ദേഹത്തിനെതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതിന് ഒരു ദിവസം കഴിഞ്ഞാണ് കിറില്ലോവ് കൊല്ലപ്പെട്ടതെന്ന പ്രത്യേകതയുമുണ്ട്. 2022 ഫെബ്രുവരിയിൽ തുടങ്ങിയ അധിനിവേശത്തിനുശേഷം റഷ്യ യുക്രേനിയൻ സൈന്യത്തിന് നേരെ ഏകദേശം 5,000 തവണ രാസായുധങ്ങൾ ഉപയോഗിച്ചുവെന്ന് അവകാശപ്പെട്ട് യുക്രൈൻ സുരക്ഷാ സേന തിങ്കളാഴ്ച ഒരു അന്വേഷണ റിപ്പോർട്ടും പുറത്തു വിട്ടിരുന്നു. എന്നാൽ, യുദ്ധത്തിൽ നിരോധിത രാസായുധങ്ങൾ ഉപയോഗിച്ചെന്ന വാദങ്ങൾ റഷ്യ പാടെ തള്ളിയിരുന്നു.

ALSO READ; ജി മെയിലിനും പണികൊടുക്കാന്‍ മസ്‌ക്; എക്‌സ് മെയിലുമായി ലോക സമ്പന്നന്‍

കിറില്ലോവ് യുദ്ധക്കുറ്റവാളിയാണെന്നും അദ്ദേഹത്തിന്‍റെ കൊലപാതകം ‘തീര്‍ത്തും നിയമാനുസൃത’മാണെന്നും യുക്രെയ്നിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം, കിറില്ലോവിന്‍റെ കൊലപാതകത്തിൽ യുക്രെയിന് കനത്ത തിരിച്ചടി നൽകുമെന്ന് റഷ്യൻ സുരക്ഷ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്വദേവ് മുന്നറിയിപ്പ് നൽകി. മാതൃരാജ്യത്തിനുവേണ്ടി ഭയമില്ലാതെ ജോലി ചെയ്തയാളാണ് കിറില്ലോവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാഖറോവ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News