നാഗ്പൂരില്‍ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി. ഏപ്രില്‍ 23നായിരുന്നു സംഭവം നടന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. നാഗ്പൂരില്‍ നിന്നും പുറപ്പെട്ട എഐ 630 വിമാനത്തില്‍ വെച്ചാണ് യാത്രക്കാരിയ്ക്ക് തേളിന്റെ കുത്തേറ്റത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനത്തില്‍വെച്ച് യുവതിക്ക് അടിയന്തിര വൈദ്യസഹായം നല്‍കി. വിമാനം മുംബൈയില്‍ എത്തിയ ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൃത്യസമയത്ത് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കിയതിനാല്‍ ഇവരുടെ ആരോഗ്യനില ഗുരുതരമായില്ല. യാത്രക്കാരി അപകടനില തരണം ചെയ്തതായി എയര്‍ ഇന്ത്യ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ മാപ്പ് പറഞ്ഞ് എയര്‍ ഇന്ത്യയും രംഗത്തെത്തി. സംഭവത്തിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് ടീം വിമാനത്തില്‍ പരിശോധന നടത്തിയതായി എയര്‍ ഇന്ത്യ വ്യക്താവ് പറഞ്ഞു. യാത്രക്കാരിക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിക്കുന്നുവെന്നും വക്താവ് വ്യക്തമാക്കി. ആദ്യമായാണ് വിമാനത്തിനുള്ളില്‍ ഇത്തരമൊരു സംഭവം ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റത് തീര്‍ത്തും അപ്രതീക്ഷിതമായ സംഭവമായിരുന്നു. വിമാനം ഇറങ്ങിയപ്പോള്‍ തന്നെ ഡോക്ടര്‍ എത്തി യാത്രക്കാരിക്ക് ചികിത്സ നല്‍കിയിരുന്നു. ചികിത്സയ്ക്ക് ശേഷം അവര്‍ ആശുപത്രിവിട്ടു. ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്നും എയര്‍ ഇന്ത്യ വ്യക്താവ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here