ദുൽഖറിന് ഇന്ത്യൻ സിനിമയിലുള്ള മാർക്കറ്റ് കിംഗ് കിംഗ് ഓഫ് കൊത്തയ്ക്ക് ഗുണകരമായെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എൻ ചന്ദ്രൻ. സിനിമയുടെ പ്രാഥമിക ഘട്ടത്തിൽ തന്നെ വലിയ ക്യാൻവാസിലുള്ള ചിത്രമാണെന്ന് അറിയാമായിരുന്നുവെന്നും, ദുൽഖറിനെ പോലെ പാൻ ഇന്ത്യൻ മാർക്കറ്റുള്ള നടൻ വന്നാൽ ബജറ്റിന്റെ പരിമിതികളില്ലാതെ ഈ സിനിമ ഉദ്ദേശിക്കുന്ന രീതിയിൽ പൂർത്തിയാക്കാനാകും എന്ന് ഉറപ്പുണ്ടായിരുന്നുവെന്നും അഭിലാഷ് എൻ ചന്ദ്രൻ പറഞ്ഞു.
‘എഴുതുമ്പോൾ എല്ലാ ഭാഷകളിലുള്ളവർക്കും കണക്ട് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള കഥാപശ്ചാത്തലം ഉണ്ടാക്കാൻ ശ്രദ്ധിച്ചു. കുറച്ച് നാളുകൾക്ക് മുമ്പ് വരെ മലയാളത്തിൽ പല ബിഗ്ബജറ്റ് സിനിമകളും വിജയിച്ചാലും ബിസിനസ് ലാഭകരമാകാറില്ല. അതിന് കാരണം മലയാള സിനിമ മാർക്കറ്റിന്റെ പരിമിതിയാണ്. എന്നാൽ ഇന്ന് കാര്യങ്ങൾ ഏറെ മാറി’, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഭിലാഷ് എൻ ചന്ദ്രൻ പറഞ്ഞു.
‘ദുൽഖർ എന്ന അഭിനേതാവിന് ഇന്ത്യൻ സിനിമ മാർക്കറ്റിലുണ്ടായ വളർച്ച ‘കിങ് ഓഫ് കൊത്ത’ എന്ന സിനിമയ്ക്ക് വളരെ വലിയ ഗുണമാകുന്നുണ്ട്. ബജറ്റിന്റെ പരിമിതികളില്ലാതെ ഈ സിനിമ ഷൂട്ട് ചെയ്യാൻ പറ്റിയത് അതുകൊണ്ടാണ്. ദുൽഖർ അസാമാന്യമായ അഭിനയ പ്രതിഭയാണ്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ റേഞ്ച് ഒന്നുകൂടി ആഴത്തിൽ പ്രേക്ഷകർക്ക് കാണാൻ പറ്റുന്ന രീതിയിലുള്ള കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേത്. ആക്ഷൻ സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ദുൽഖറിന്റെ ആദ്യ കംപ്ലീറ്റ് മാസ് എന്റർടെയ്‌നറാണിത്’, അഭിലാഷ് എൻ ചന്ദ്രൻ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here