കേരളത്തിലെ ടൂറിസം മേഖല അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയ ഓരോ പദ്ധതികളും ആവിഷ്‌കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള പിണറായി സര്‍ക്കാറിന്‍റെ ചടുലതയുടെയും അർപ്പണബോധത്തിന്‍റെയും ഏറ്റവും പുതിയ ഉദാഹരണമാണ് ബോൾഗാട്ടി പാലസ് വാട്ടർ ഡ്രോമിൽ കേരള ജനതയെ സാക്ഷിയാക്കി ഇന്നലെ പറന്നിറങ്ങിയത്. സംസ്ഥാനത്തിന്റെ മികച്ച ജലപാതകളെ ആകാശമാര്‍ഗങ്ങളിലൂടെ ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന സീപ്ലെയിന്‍, ടൂറിസം വികസിപ്പിക്കാനുള്ള കേരള സര്‍ക്കാരിന്റെ പദ്ധതികളിലെ സുപ്രധാന നാഴികക്കല്ല് തന്നെയാണ്.
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകളുള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്. മണിക്കൂറിൽ 290 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും നാല് മണിക്കൂറോളം തുടർച്ചയായി പറക്കാനും കഴിയും. സീപ്ലെയിനിൽ എട്ടു പേർക്ക് സഞ്ചരിക്കാം. ജലാശയങ്ങളിലും ഡാമുകളിലും ലാൻഡ് ചെയ്യുന്ന സീ പ്ലെയിനിൽ നിന്ന് ചെറു ബോട്ടുകളിലോ വള്ളങ്ങളിലോ ആയിരിക്കും യാത്രികരെ കരയ്ക്ക് എത്തിക്കുക.
നദികള്‍, കായലുകള്‍, ഡാമുകള്‍ എന്നിവ ഉപയോഗപ്പെടുത്തി എല്ലാ ജില്ലകളെയും പ്ലെയിന്‍ മുഖാന്തരം ബന്ധപ്പെടുത്താന്‍ സാധിക്കും. ഇതുവഴി റോഡ് ഗതാഗതത്തിലെ സമയനഷ്ടം ഒഴിവാക്കി ടൂറിസം കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ സഞ്ചാരികള്‍ക്ക് എത്തിച്ചേരാനാകും. ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസ് ആണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്.’ഡെ ഹാവ്ലാന്‍ഡ് കാനഡ’ എന്ന സീപ്ലെയിനാണ് കേരളത്തിൽ എത്തിച്ചിരിക്കുന്നത്. സ്വിറ്റ്സര്‍ലാന്‍ഡില്‍ നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ്ജെറ്റും ചേര്‍ന്നാണ് ഡിഹാവ്ലാന്‍ഡ് കാനഡയുടെ സര്‍വീസ് കാര്യങ്ങള്‍ നിയന്ത്രിക്കുക.
സീപ്ലെയിനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സന്ദര്‍ശകര്‍ക്ക് കേരളത്തിലെ പ്രശസ്തമായ കായലുകളുടെയും തീരദേശ ഭൂപ്രകൃതികളുടെയും അതുല്യമായ ആകാശ കാഴ്ചകള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കുക എന്നതാണ്. ഇതിനൊപ്പം തന്നെ കേരളത്തിലെ നദികള്‍, തടാകങ്ങള്‍, ലഗൂണുകള്‍ എന്നിവയുടെ വിപുലമായ കാഴ്ച്ചയും, ജലപാതകളുടെ ഭംഗിയും പറക്കലിന്റെ ആവേശവുമൊക്കെ തന്നെ സഞ്ചാരികൾക്ക് നൽകി ഓരോ സഞ്ചാരിയുടെ മനസിലും കേരളത്തിന്റെ അതിമനോഹരമായ ഭൂപ്രകൃതിയുടെ ദൃശ്യം മായാത്ത വിധം പതിപ്പിക്കുക എന്നൊരു ആഗ്രഹ സാക്ഷാത്കാരം കൂടി നടത്തിയിരിക്കുയാണ് സർക്കാർ. പദ്ധതി പണക്കാർക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ജനകീയ പദ്ധതിയാക്കി മാറ്റുന്ന രീതിയിലാണ് പദ്ധതി സർക്കാർ വിഭാവനം ചെയ്യുന്നതെന്നും ഫ്ലാഗ് ഓഫ് ചടങ്ങിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് കൈരളി ന്യൂസിനോട് പറഞ്ഞിരുന്നു.
ALSO READ; ടിക് ടോക്കിനെ കുടുകുടെ ചിരിപ്പിച്ച് ഡീഗോ ; വൈറലായി ആശാൻ കോണിപ്പടി കയറുന്ന വീഡിയോ
സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഊര്‍ജമേകിയ നിരവധി പദ്ധതികളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഉത്തരവാദിത്ത ടൂറിസം, ചീഫ് മിനിസ്റ്റേഴ്‌സ് ടൂറിസം ലോണ്‍ അസിസ്റ്റന്‍സ് സ്‌കീം, കാരവന്‍ ടൂറിസം , സര്‍ക്യൂട്ട് പദ്ധതികള്‍, ‘ഒരു പഞ്ചായത്ത് – ഒരു ലക്ഷ്യസ്ഥാനം’, വെര്‍ച്ച്വല്‍ ട്രാവല്‍ ഗൈഡ്, കൊച്ചിയിലെ വാട്ടര്‍ മെട്രോ എന്നിങ്ങനെ അനേകം പദ്ധതികളാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് സാക്ഷാത്കരിച്ചത്. ഈ പദ്ധതികള്‍ക്കെല്ലാം ആഗോള ശ്രദ്ധയാകര്‍ഷിക്കാനും കഴിഞ്ഞിട്ടുണ്ടെന്നത് വസ്തുതയാണ്. അക്കൂട്ടത്തില്‍ സീപ്ലെയിനും ഇടംപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here