കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുനുൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രഡ്ജർ കാർവാറിലെത്തിച്ചു. കാർവാറിൽ നിന്ന് ഗംഗാവാലി പുഴയിലൂടെ ഡ്രഡ്ജർ ഷിരൂരിലെത്തിച്ച് നാളെ തെരച്ചിൽ പുനഃരാരംഭിക്കാനാണ് ശ്രമം.
ഗോവ തുറമുഖത്ത് നിന്ന് നിശ്ചയിച്ച സമയത്തിലും മണിക്കൂറുകൾ വൈകിയാണ് ഡ്രഡ്ജർ കാർവാറിലെത്തിച്ചത്. യാത്രക്കിടെ കാറ്റ് ശക്തമായതിനെ തുടർന്ന് മണിക്കൂറുകളോളം തീരത്തോടടുപ്പിച്ച് നിർത്തിയിടേണ്ടി വന്നിരുന്നു. ഡ്രഡ്ജർ കാർവിലെത്തിയതിന് പിന്നാലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കാലാവസ്ഥ പരിശോധിച്ച് കാർവാറിൽ നിന്ന് പുഴയിലൂടെ ഡ്രഡ്ജർ ഷിരൂരിലെത്തിക്കാനാണ് ശ്രമം.
Also read:‘എംപോക്‌സ്; സംസ്ഥാനത്ത് ജാഗ്രത പാലിക്കണം’: മന്ത്രി വീണാ ജോര്‍ജ്
വേലിയിറക്ക സമയത്ത് ജലനിരപ്പ് കുറയുമ്പോൾ ഗംഗാവാലി പുഴയിലെ രണ്ട് പാലങ്ങൾ മറിയാക്കാനാവും വിധം സഞ്ചാര സമയം ക്രമീകരിക്കും. ജലനിരപ്പ് കുറഞ്ഞ ഇടങ്ങളിലൂടെ വേലിയേറ്റ സമയത്തായിരിക്കും യാത്ര. കാർവാറിൽ നിന്ന് ഷിരൂരിലേക്ക് ഡ്രഡ്ജർ എത്തിക്കാൻ കുറഞ്ഞത് എട്ട് മണിക്കൂർ സമയം ആവശ്യമാണെന്ന് ഡ്രഡ്ജിങ് കമ്പനി അറിയിച്ചു. നാവിക സേന അടയാളപ്പെടുത്തിയ സ്ഥലത്ത് അടിഞ്ഞ കൂടിയ കല്ലും മണ്ണും മരങ്ങളും ആദ്യം നീക്കം ചെയ്ത് പരിശോധിക്കും. 10 ദിവസം മണ്ണ് നീക്കി തെരച്ചിൽ നടത്താനാണ് ഡ്രഡ്ജിംഗ് കമ്പനിയുമായുള്ള കരാർ. ഷിരൂരിൽ നിലവിൽ കാലാവസ്ഥ അനുകൂലമാണ്. ഗംഗാവലി പുഴയിലെ അടിയൊഴുക്ക് മൂന്ന് നോട്സിൽ താഴെയാണെന്നാണ് നാവികസേനയുടെ പരിശോധനയിൽ കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here