സെബിയുടെ മുഴുവന്‍ സമയ അംഗമായിട്ടും ഐസിഐസിഐ ബാങ്കില്‍ നിന്ന് സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് ശമ്പളം വാങ്ങിയതായുള്ള ആരോപണത്തില്‍ വ്യാപക വിമര്‍ശനം. സെബിയില്‍ അംഗമായിരിക്കെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ശമ്പളം വാങ്ങുന്നത് ചട്ടലംഘനമാണെന്നും ബുച്ച് ചെയര്‍പഴ്‌സന്‍ സ്ഥാനം രാജിവെക്കണമെന്നും ഇതോടെ ആവശ്യം ശക്തമായി. മാധബി പുരി ബുച്ച് മുന്‍പ് ജോലി ചെയ്തിരുന്ന ഐസിഐസിഐ ബാങ്കില്‍ നിന്നും 16.80 കോടി രൂപ ശമ്പളം വാങ്ങിയെന്നായിരുന്നു പുറത്ത് വന്ന വെളിപ്പെടുത്തല്‍. അതേസമയം, ആരോപണങ്ങളെ തള്ളി ഐസിഐസിഐ ബാങ്ക് രംഗത്ത് വന്നു.
തങ്ങളോ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളോ മാധബിയ്ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്നും വിരമിക്കല്‍ ആനുകൂല്യങ്ങള്‍ മാത്രമാണ് നല്‍കിയതെന്നും ബാങ്ക് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. മാധബി പുരി ബുച്ചിനെതിരായ ആരോപണങ്ങള്‍ വ്യാജ പ്രചരണങ്ങളുടെ ഭാഗമാണെന്ന് ബിജെപിയും പ്രതികരിച്ചു. എന്നാല്‍, സെബി ചെയര്‍പേഴ്സനെ നിയമിച്ചത് നരേന്ദ്രമോദി-അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതിയാണെന്നും അതുകൊണ്ട് തന്നെ അഴിമതി ആരോപണങ്ങളില്‍ നിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നുമാണ് ആക്ഷേപം. ബുച്ചിനും ഭര്‍ത്താവിനും അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ഓഫ്‌ഷോര്‍ സ്ഥാപനങ്ങളില്‍ നിക്ഷേപം ഉണ്ടെന്ന ഹിണ്ടന്‍ബെര്‍ഗ് വെളിപ്പെടുത്തലിനു പിന്നാലെയാണ് പുതിയ ആരോപണവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here