ഓപ്പറേഷന്‍ കാവേരി, രണ്ടാം ഘട്ടത്തില്‍ 246 പേര്‍ ഇന്ത്യയിലെത്തി

സുഡാനില്‍ സൈന്യവും അര്‍ദ്ധസൈന്യവിഭാഗവും തമ്മിലുണ്ടായ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഇന്ത്യക്കാരുടെ രണ്ടാം സംഘം രാജ്യത്തെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട 246 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം മുംബൈയില്‍ എത്തിയത്. ‘ഓപ്പറേഷന്‍ കാവേരി’ രണ്ടാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു.

രൂക്ഷമായ പോരാട്ടത്തിനിടെ സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യ തിങ്കളാഴ്ച ‘ഓപ്പറേഷന്‍ കാവേരി’ ആരംഭിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ ഹെവി ലിഫ്റ്റ് വിമാനത്തിലാണ് രണ്ടാം ഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാരെ തിരികെ നാട്ടിലെത്തിച്ചത്.

സുഡാനില്‍ നിന്നുള്ള ആദ്യ സംഘം നേരത്തെ ദില്ലിയില്‍ വിമാനം ഇറങ്ങിയിരുന്നു. 367 പേരുമായി സൗദി എയര്‍ലൈന്‍സ് വിമാനം ഒന്‍പത് മണിയോടെയാണ് ദില്ലിയില്‍ എത്തിയത്. സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയ സംഘം വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ യാത്ര തുടരുകയായിരുന്നു.

ഓപ്പറേഷന്‍ കാവേരിയുടെ സൗദിയില്‍ എത്തിച്ചേരുന്ന മലയാളികള്‍ക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദില്ലി കേരളഹൗസിലെ ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സൗദിയില്‍ നിന്ന് എത്തിച്ചേരുന്ന മലയാളികളെ സ്വദേശത്തേക്ക് എത്തിക്കാനുള്ള ചെലവും സംസ്ഥാന സര്‍ക്കാര്‍ തന്നെ വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News