എഐ ലോകം കാണാന്‍ കനകകുന്നിൽ അവസരം ഒരുക്കി കേരള സര്‍ക്കാര്‍. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെ അന്തര്‍ദേശീയ സമ്മേളനത്തിലാണ് എഐ ലോകത്തിൻറെ ജാലകം തുറക്കുന്നത്. ഡിസംബർ 8, 9, 10 തീയതികളിൽ അന്താരാഷ്ട്ര കോൺക്ലേവിന്റെ രണ്ടാം എഡിഷൻ നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പും ഐഎച്ച്ആര്‍ഡിയും സംയുക്തമായാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലുമായാണ് കോൺക്ലേവ് നടക്കുക. നിർമിതബുദ്ധി ഉന്നതവിദ്യാഭ്യാസരംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകൾ കോൺക്ലേവിൽ ചർച്ച ചെയ്യും.
ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരും സർക്കാർ- സ്വകാര്യമേഖലകളിലെ ഉന്നതോദ്യോഗസ്ഥരും കോൺക്ലേവിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം കൊച്ചിയിൽ നടത്തിയ പരിപാടിയായിരുന്നു കോൺക്ലേവിന്റെ ആദ്യ പതിപ്പ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം വ്യക്തമാക്കുന്ന വിവിധ സെക്ഷനുകള്‍ നടക്കും. സമൂഹ നന്മക്കായി നിര്‍മ്മിത ബുദ്ധിയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതും കോണ്‍ക്ലേവിന്റെ പ്രധാനലക്ഷ്യമാണ്.
നിർമിതബുദ്ധിയുടെ ശക്തി വിവിധ മേഖലകളിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് എഐ കോൺക്ലേവ് ചർച്ചചെയ്യുക. വിവിധ വിഷയങ്ങളിൽ വിവിധ ഐഐടികൾ, ഐഐഎസ്സി, വിദേശ സർവകലാശാലകൾ അടക്കമുള്ള ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബഹുരാഷ്ട്ര കമ്പനികൾ എന്നിവയിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിദ്യാഭ്യാസരംഗത്തും തൊഴിലിടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചെലുത്താവുന്ന സ്വാധീനം, തുറന്നുതരുന്ന തൊഴിൽ സാദ്ധ്യതകൾ എന്നീ കാര്യങ്ങൾ വിശദമായ ചർച്ചയ്ക്ക് വെക്കും.
അന്താരാഷ്ട്ര ഏജൻസിയായ ഐഇഇഇ (IEEE)യുടെ ആഭിമുഖ്യത്തിലുള്ള വട്ടമേശ ചർച്ചകൾ, എഐ അന്താരാഷ്ട്ര കോൺഫറൻസ്, എഐ ഹാക്കത്തോൺ, വിദ്യാർത്ഥികൾക്കുള്ള എഐ ക്വിസുകൾ, എഐ റോബോട്ടിക് എക്സിബിഷനുകൾ എന്നിവയും നടക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിർമിതബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും (AI and Judicial system), നിർമിതബുദ്ധിയും മാധ്യമങ്ങളും (AI and Media), നിർമിതബുദ്ധിയും നിയമനിർവ്വഹണവും (AI and Law Enforcement), നിർമിതബുദ്ധിയും യുവജന ശാക്തീകരണവും (AI and Youth Empowerment), നിർമിതബുദ്ധിയും ആരോഗ്യ പരിപാലനവും (AI and Health care), നിർമിതബുദ്ധിയും വിദ്യാഭ്യാസവും കേരള സാഹചര്യത്തിൽ (AI and Kerala Education), നിർമിതബുദ്ധിയും സിനിമയും (AI and Cinema) എന്നീ സെഷനുകൾ നടക്കും.
Also Read; വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി കെഎസ്ഇബി
സെഷനുകളിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. ഇതോടൊപ്പം തന്നെ വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന എക്സിബിഷൻ സ്റ്റാളുകൾ, കല-സാംസ്കാരിക പരിപാടികൾ, ഫുഡ് കോർട്ട് എന്നിവയും കോൺക്ലേവിന്റെ ഭാഗമായുണ്ടാകും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here