ചരിത്രത്തിലേക്കൊരു തുടർഭരണം; രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്

രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്. തുടർഭരണം എന്ന ചരിത്രമെഴുതിയ രണ്ടാം പിണറായി സർക്കാർ, രാജ്യം ശ്രദ്ധിക്കുന്ന ഇടപെടലുകളിലൂടെയും സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയുമാണ് നാലാം വർഷത്തിലേക്ക്‌ കടക്കുന്നത്. അതി ദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുടങ്ങി കേരളത്തിൻറെ വികസന ദിശ മാറ്റുന്ന നിരവധി പദ്ധതികൾ യാഥാർത്ഥ്യമാകുന്നതാണ് നാലാം വർഷം സാക്ഷ്യം വഹിക്കുക.

2021 മെയ് 20 എൽഡിഎഫ് തുടർഭരണം എന്ന ചരിത്രം മുഖ്യമന്ത്രി പിണറായി വിജയനും 21 മന്ത്രിമാരും യാഥാർത്ഥ്യമാക്കി അധികാരത്തിലേറിയ നാൾ. ഒന്നാം പിണറായി സർക്കാർ എന്ന പോലെ വികസനത്തിലും ക്ഷേമപ്രവർത്തനങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി രണ്ടാം പിണറായി സർക്കാർ മുന്നോട്ട്. 2024 മെയ് 20 ൽ മൂന്ന് വർഷം പൂർത്തിയാക്കി നാലാം വർഷത്തിലേക്ക് കാൽവയ്ക്കുമ്പോൾ, സർക്കാരിന്റെ ഇച്ഛാശക്തിയിൽ 2016 മുതൽ തുടക്കമിട്ട വൻകിട വികസന പദ്ധതികളും പ്രഖ്യാപനങ്ങളും ലക്ഷ്യം കാണുന്ന വർഷമായി നാലാം വർഷം മാറും. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുന്ന കേരളം. പതിറ്റാണ്ടുകളായി കേരളം കാണുന്ന സ്വപ്‌നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകും. നിലവിൽ എൺപതു ശതമാനം നിർമാണം പൂർത്തിയാക്കിയ ദേശീയ ജലപാതയും ഈ വർഷം തുറന്നുകൊടുക്കും.

Also Read: രാജ്യാന്തര മയക്ക് മരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പൊലീസ് പിടിയിൽ

കാസർകോടു മുതൽ തിരുവനന്തപുരം വരെ നീളുന്ന ദേശീയപാത 66ഉം ഗെയിൽ പൈപ്പ്‌ ലൈനും കെ ഫോൺ പദ്ധതിയും പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്‌. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കും അതിവേഗം കേരളം നീങ്ങുകയാണ്‌. ലൈഫ്‌ പദ്ധതി വഴി അഞ്ചു ലക്ഷം വീട്‌ അനുവദിച്ചതിൽ നാലു ലക്ഷത്തിലധികം പൂർത്തിയായി. ഒന്നാം പിണറായി സർക്കാർ അഞ്ചു വർഷത്തിൽ 1,77,011 പട്ടയങ്ങൾ വിതരണം ചെയ്‌തപ്പോൾ, രണ്ടാം പിണറായി സർക്കാർ മൂന്നു വർഷത്തിനുള്ളിൽ 1,53,103 പട്ടയങ്ങളാണ്‌ വിതരണം ചെയ്‌തത്‌. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത്‌ 32 ലക്ഷം പേർക്ക്‌ 600 രൂപ വീതം പെൻഷൻ വിതരണം ചെയ്‌തിടത്ത്‌ ഇപ്പോൾ 1600 രൂപ വീതം 62 ലക്ഷം പേർക്കാണ്‌ നൽകുന്നത്‌. ക്ഷേമ പെൻഷൻ മുടക്കാൻ കേന്ദ്രം കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും കഴിഞ്ഞ മാസവും മൂന്നു ഗഡു പെൻഷൻ സർക്കാർ ഉറപ്പാക്കി.

തീരദേശ, മലയോര ഹൈവേകളുടെ നിർമാണം പുരോഗമിക്കുന്നതിനൊപ്പം നിരവധി സംസ്ഥാന പാതകൾ ഉന്നത നിലവാരത്തിലെത്തിക്കാൻ ഈ കാലയളവിൽ കഴിഞ്ഞു. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ കൊച്ചിയിൽ യാഥാർഥ്യമായതും ഈ വർഷമാണ്‌. ഒന്നാം പിണറായി സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയെ ലോകാത്തര നിലവാരത്തിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയപ്പോൾ ഈ സർക്കാർ ഉന്നത വിദ്യാഭ്യാസ രംഗത്താണ്‌ ശ്രദ്ധ കേന്ദ്രീകരിച്ചത്‌. ഈ ലക്ഷ്യം വിജയം കാണുന്നതിന്റെ തെളിവാണ്‌ കേരളത്തിലെ സർവകാലാശാലകൾക്ക്‌ ഈ വർഷം ലഭിച്ച അംഗീകാരങ്ങൾ. അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾക്കും തുടക്കമായി. സർവകലാശാലകളിൽ നാലു വർഷം ബിരുദം യാഥാർഥ്യമായി.

Also Read: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ;മുൻ‌കൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും

വ്യവസായ, ഐടി മേഖലകളിലെ കുതിപ്പ്‌ നിലനിർത്താനും മുന്നോട്ടുകൊണ്ടുപോകാനും ഈ കാലയളവിൽ കഴിഞ്ഞു. രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി യാഥാർഥ്യമായി. ഐടി മേഖലയിൽ നൂറിലധികം കമ്പനികളെ പുതുതായി എത്തിക്കാനും പതിനായിരത്തിലധികം തൊഴിലവസരം സൃഷ്ടിക്കാനും ഈ കാലയളവിൽ കഴിഞ്ഞു. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ 28–-ാം റാങ്കിൽ നിന്ന്‌ 15 ലേക്കാണ്‌ കേരളം കുതിച്ചത്‌. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 2,43,435 സംരംഭങ്ങളാണ്‌ സംസ്ഥാനത്ത്‌ പുതുതായി ആരംഭിച്ചത്‌. ഇതുവഴി 15,470.20 കോടിയുടെ നിക്ഷേപവും 5,18,228 തൊഴിലവസരവുമുണ്ടായി. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലെത്തിക്കുന്നതിനൊപ്പം കേന്ദ്ര സർക്കാർ വിൽപ്പനയ്‌ക്കുവച്ച സ്ഥാപനങ്ങൾ ഏറ്റെടുത്തു പ്രവർത്തിപ്പിക്കാനും കഴിഞ്ഞു.

കേന്ദ്ര സർക്കാർ സൃഷ്ടിച്ച പ്രതിബന്ധങ്ങൾ തരണംചെയ്‌ത്‌ ജനക്ഷേമ, വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനായി എന്നതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ മൂന്നാം വർഷത്തിലെ സുപ്രധാന നേട്ടം. ലോകസഭാ തെരഞ്ഞെടുപ്പ്‌ വർഷം എന്ന നിലയിൽ കേരളത്തെ സാമ്പത്തികമായി തകർക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിച്ചത്‌. ഒറ്റവർഷം 57,400 കോടി രൂപ വെട്ടിക്കുറച്ചിട്ടും കേരളം തളർന്നില്ല. സംസ്ഥാനങ്ങളോട്‌ കേന്ദ്ര സർക്കാർ കാട്ടുന്ന വിവേചനങ്ങൾക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ സമരം നടത്തിയും സുപ്രീംകോടതിയെ സമീപിച്ചും മറ്റു സംസ്ഥാനങ്ങൾക്കു കൂടി മാതൃകയാകാൻ കേരളത്തിനായി. സംസ്ഥാനത്തിനെതിരായ അനീതിക്കെതിരെയാണെങ്കിലും വികസന പ്രവർത്തനങ്ങളിൽ ആണെങ്കിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് തന്നെയാണ് രണ്ടാം പിണറായി സർക്കാരിൻറെ മുഖമുദ്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News