കേന്ദ്രമന്ത്രിയുടെ പരിപാടിയിലും പാലക്കാട് ജില്ലയിലെ ബിജെപിയിലെ വിഭാഗീയത മറനീക്കി പുറത്തുവന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ പരിപാടിയിലാണ് വിഭാഗീയത പരസ്യമായത്. പാലക്കാട് ജില്ല കമ്മിറ്റി കണ്ണാടി പഞ്ചായത്ത് പരിധിയിൽ നടക്കുന്ന പരിപാടി അറിയിക്കാത്തതിൽ ആയിരുന്നു പ്രതിഷേധം.
പാലക്കാട്ടെ കണ്ണാടി ഹയർ സെക്കന്ററി സ്കൂളിലെ വിജയോത്സവം പരിപാടിയുടെ ഉദ്ഘാടനത്തിനാണ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ എത്തിയത്. എന്നാൽ ബിജെപി ജില്ലാ നേതൃത്വം കണ്ണാടി പഞ്ചായത്തിലെ പാർട്ടി കമ്മിറ്റിയെ അറിയിക്കാത്തതിൽ പ്രവർത്തകർ പ്രതിഷേധിച്ചു. ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിയുടെ പരിപാടി നടക്കുന്ന സമയത്ത്, നൂറ് മീറ്റർ അപ്പുറത്തുള്ള കൃഷി ഭവന് മുന്നിൽ നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
കേന്ദ്രമന്ത്രിയുടെ പരിപാടിയിൽ പാർട്ടിക്കാർ പങ്കെടുക്കുന്നതിനെ ഇഷ്ടപെടാത്ത ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ ധിക്കാരത്തിനു മറുപടിയാണ് പഞ്ചായത്ത് കമ്മിറ്റി നൽകിയത്. ക്ഷണക്കത്തിൽ സ്കൂൾ അധികൃതർ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ പേര് വച്ചപ്പോൾ പാലക്കാട് ജില്ലാ നേതൃത്വം അവഗണിച്ചെന്നാണ് പരാതി. ഇതിനെതിരെ കേന്ദ്രമന്ത്രിക്കും, ദേശീയ നേതൃത്വത്തിനും പരാതി നൽകി ബിജെപി കണ്ണാടി പഞ്ചായത്ത് കമ്മിറ്റി. തൊട്ടപ്പുറത്തെ പെരിങ്ങോട്ട്കുറുശ്ശി പഞ്ചായത്തിലും പ്രാദേശിക നേതൃത്വത്തെ ജില്ലാ നേതൃത്വം തഴയുന്നതിൽ തമ്മിലടിയും ഗ്രൂപ്പ് യുദ്ധവും രൂക്ഷമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here