ജലഗതാഗതവകുപ്പിന്റെ സീ അഷ്ടമുടി ബോട്ട് സര്‍വീസിന് വമ്പിച്ച ജനസ്വീകാര്യത. മാര്‍ച്ച് 13-ന് ആരംഭിച്ച പദ്ധതിയിൽ നിന്ന് ഇതുവരെയ്ക്കും 55.13 ലക്ഷം രൂപ വരുമാനമായി ലഭിച്ചിട്ടുണ്ട് . അഷ്ടമുടിക്കായലിന്റെ ദൃശ്യഭംഗി ആസ്വദിക്കാന്‍ ജലഗതാഗത വകുപ്പാണ് സീ അഷ്ടമുടി എന്ന പേരില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചത്. ചുരുക്കം ദിവസങ്ങളില്‍വിരലിലെണ്ണാവുന്ന സീറ്റുകള്‍ ഒഴിഞ്ഞു കിടന്നെങ്കിലും ഒട്ടുമിക്ക സർവീസുകളും ഹൗസ്ഫുൾ ആയിട്ടാണ് ഓടിക്കൊണ്ടിരിക്കുന്നത്.
ALSO READ: ‘എനിക്കൊരു ജോലിയില്ല’ ഇരുകൈകളും ഇല്ലാത്ത പ്രണവിന് സെക്കന്റുകൾക്കുള്ളിൽ ജോലി നൽകി എം എ യൂസഫലി
ഇതുവരേക്കും 13,347 സഞ്ചാരികള്‍ കായല്‍സൗന്ദര്യം ആസ്വദിച്ച് മടങ്ങിയതായി ജലഗതാഗതവകുപ്പ് കൊല്ലം സ്റ്റേഷന്‍ മാസ്റ്റര്‍ പറഞ്ഞു. ദിവസവും പകല്‍ 11.30-ന് കൊല്ലം ബോട്ട് ജെട്ടിയില്‍നിന്നു പുറപ്പെടുന്ന സര്‍വീസ് അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്ര ബോട്ട് ജെട്ടിവഴി കല്ലടയാറ്റിലൂടെ കണ്ണങ്കാട്ടുകടവ് (മണ്‍റോത്തുരുത്ത്), പെരുങ്ങാലം ധ്യാനതീരം, ഡച്ചുപള്ളി, പെരുമണ്‍ പാലം, കാക്ക തുരുത്തുവഴി പ്രാക്കുളം സാമ്പ്രാണിക്കോടിയിലെത്തും. കായൽ കാഴ്ചകൾ കണ്ട് മനോഹരമായ ഒരു യാത്രയാണ് സർക്കാർ ജനങ്ങൾക്കായി ഒരുക്കിവെച്ചിരിക്കുന്നത്.
സാമ്പ്രാണിത്തുരുത്തിലിറങ്ങി സഞ്ചാരികള്‍ക്ക് കായല്‍ക്കാഴ്ചകള്‍ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 11.30-ന് തുടങ്ങുന്ന യാത്ര വൈകിട്ട് 4.30 ഓടെ കൊല്ലത്ത് തിരിച്ചെത്തും. അഞ്ചുമണിക്കൂര്‍ കായല്‍യാത്രയ്ക്ക് ഒരാള്‍ക്ക് താഴത്തെനിലയില്‍ 400 രൂപയും മുകളിലത്തെ നിലയില്‍ 500 രൂപയുമാണ് നിരക്ക്. കുറഞ്ഞ നിരക്കില്‍ കുടുംബശ്രീ ഒരുക്കുന്ന ഭക്ഷണവും ബോട്ടില്‍ ലഭിക്കും. കുട്ടികളുടെ നിരക്കിൽ മാറ്റമുണ്ട്.
ALSO READ: വയനാട്ടിൽ നിന്നും പിടികൂടിയ കടുവയെ പുത്തൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു
അഷ്ടമുടിയുടെ കാഴ്ചകൾ കാണാൻ 9400050390 എന്ന നമ്പറില്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള അവസരമുണ്ട്. 1.9 കോടിയോളം ചെലവാക്കി ആധുനിക സൗകര്യങ്ങളോടെയാണ് സീ അഷ്ടമുടി ബോട്ടിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പുതിയതായി ഒരു ബോട്ട് സര്‍വീസ് കൂടി ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്.
അതേസമയം, താഴത്തെനിലയില്‍ 60 മുകളില്‍ 30 എന്നിങ്ങനെയാണ് ബോട്ടുകളിൽ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മുകള്‍നിലയില്‍നിന്ന് കായല്‍സൗന്ദര്യം ആസ്വദിക്കാനുള്ള സൗകര്യവും ബോട്ടിൽ ഒരുക്കിയിട്ടുണ്ട്. രണ്ടുനിലകളിലും പ്രകൃതിസൗഹൃദ ശൗചാലയങ്ങൾ നിർമിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here