മോദിയ്ക്ക് സ്തുതി പാടി, കേരളത്തിന്റെ അന്നം മുടക്കുന്ന മാധ്യമങ്ങൾ ഈ കണക്ക് കൂടി കാണൂ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാർട്ടികളും,ചില പ്രമുഖ മാധ്യമങ്ങളും. വാർത്തയുടെ നിജസ്ഥിതി മനസിലാക്കാതെ എങ്ങനെയും സർക്കാരിനെ കരിവാരിതേക്കാനുള്ള ശ്രമം ആണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ നുണകൾക്കും, വ്യാജപ്രചാരണങ്ങൾക്കും മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. മോദിയ്ക്ക് സ്തുതി പാടി, കേരളത്തിന്റെ അന്നം മുടക്കാൻ ശ്രമിച്ച മാധ്യമങ്ങളെല്ലാം മാപ്പ് പറഞ്ഞു തടി തപ്പി. അതേസമയം ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വ്യക്തവും സത്യവും ആയ കണക്കുകളും മറ്റും ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു.

ഇപ്പോഴിതാ മാധ്യമപ്രവർത്തകൻ ആയ കെ വി മധുവിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് മാധ്യമങ്ങളുടെ നുണപ്രചാരണങ്ങൾ പൊളിച്ചെഴുതുന്നത്. കേന്ദ്ര സർക്കാർ ഇതുവരെ കേരളത്തിന് അനുവദിച്ച സഹായങ്ങളും, മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച തുകയും താരതമ്യപ്പെടുത്തിക്കൊണ്ടാണ് കെ വി മധു ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.

ALSO READ : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ ; രാംനാഥ്‌ കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചു

കെ വി മധുവിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

ജൂലൈ 30ന് രാവിലെ വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായി. ലോകം മുഴുവന്‍ ഞെട്ടിയ ദുരന്തം. ഇതുവരെയുള്ള കണക്ക് പ്രകാരം 403 ഓളം മരണം. ദുരന്തംകഴിഞ്ഞ് പതിനൊന്നാം ദിവസം പ്രധാനമന്ത്രി വയനാട്ടിലെത്തി. ഓഗസ്ത് പത്തിന്. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് കേന്ദ്രസഹായം വല്ലതും കിട്ടുമെന്ന പ്രതീക്ഷയോടെ നാട് കാത്തിരുന്നു . നരേന്ദ്രമോദിയെത്തി, ദുരന്തസ്ഥലം സന്ദര്‍ശിച്ചു. ദുരന്തബാധിതരെ സന്ദര്‍ശിച്ചു. കുഞ്ഞുങ്ങളെ എടുത്തു. ചാനലുകള്‍ ലൈവായി ഒരുദിവസം നിറച്ചു. അദ്ദേഹം തിരിച്ചുപോയി. ആഗസസ്ത് കഴിഞ്ഞു.സെപ്തംബര്‍ വന്നു. സര്‍ട്ടിഫിക്കറ്റു നഷ്ടപ്പെട്ടവര്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടി. റേഷന്‍ കാര്‍ഡ്കിട്ടി. വയനാട്ടില്‍ ദുരന്തബാധിതകര്‍ വാടകവീടുകളിലേക്ക് പോയി. കേന്ദ്രത്തില്‍ നിന്ന് അമിത്ഷായുടെ കുറ്റപ്പെടുത്തലുകളും ബിജെപി സംഘപരിവാര്‍ നേതാക്കളുടെ വിദ്വേഷവാചകങ്ങളുമല്ലാതെ കേരളത്തിനായി വയനാടിനായി ഒന്നും കിട്ടിയില്ല.

ഇനി നമുക്ക് അതിന് ശേഷം ആന്ധ്രയിലും തെലങ്കാനയിലുമുണ്ടായ വെള്ളപ്പൊക്കത്തിന്റെ കഥയിലേക്ക് കടക്കാം. കേന്ദ്രവിഹിതം ഉള്‍പ്പെടെ ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) നിന്ന് 3,448 കോടി രൂപ അടിയന്തര സഹായം നല്‍കി. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അപ്പോ തന്നെ നടപടിയെടുത്തു. ഇരുസംസ്ഥാനങ്ങളിലും ഇതുവരെ കണക്കാക്കിയ മരണം സംഖ്യ 35 ആണ്. തെലങ്കാന 16 മരണം. ആന്ധ്രപ്രദേശില്‍ 19 മരണം. 3,448 രൂപ അനുവദിച്ചു. നമ്മുടെ വയനാട്ടില്‍ രണ്ട് ഗ്രാമങ്ങളാണ് ദുരിതത്തിലായത്. ചൂരല്‍ മല , മുണ്ടക്കൈ. 403 പേരാണ് മരിച്ചത്. കാണാതായവരടക്കം. കേരളം ഉടന്‍ ആവശ്യപ്പെടുന്നത് വെറും 2000 കോടി രൂപയെങ്കിലുമാണ്. 1200 കോടിയുടെ കണക്കാണ് പ്രാഥമികമായി നല്‍കിയത്. ആദ്യനിവേദനം പോരെന്ന് പറഞ്ഞ് മടക്കിയപ്രധാനമന്ത്രിക്ക് രണ്ടാമതും കൊടുത്തു.ബാക്കിയായത് മൃതദേഹം സംസ്‌കരിക്കാന്‍ ഇത്ര പൈസയെന്തിന് എന്ന ന്യൂസ് ചാനലുകളുടെ അധിക്ഷേപവാര്‍ത്തകള്‍.

പ്രധാനമന്ത്രി വന്നു, സെന്റിമെന്റസടിച്ചു പോയി. ഇതുവരെ കിട്ടിയത് പൂജ്യം രൂപ ചാനലുകളതൊന്നും അറിഞ്ഞ മട്ടേയില്ല. പ്രധാനമന്ത്രിയുടെ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് സ്തുതി പാടുകയും ചെയ്യുന്നു. ഇനി ദുരന്തകാലത്ത് കിട്ടേണ്ടത് കിട്ടിയില്ലെന്ന് വെയ്ക്കുക. സാധാരണ നിലയില്‍ കിട്ടേണ്ട പണമോ. കേരളത്തിന് ലഭിക്കേണ്ട എസ്ഡിആര്‍എഫ് വിഹിതം പോലും കൃത്യമായി നല്‍കുന്നില്ല. അതുകൂടാതെ എന്‍ഡിആര്‍എഫിന്റെ ദുരിതനിവാരണ ഫണ്ടോ, 2024-25ല്‍ അഞ്ചിന്റെ പൈസ നല്‍കിയില്ല.

ALSO READ : ബിജെപിക്ക് വേണ്ടി ദാസ്യവേല ചെയ്യുന്ന പലരും മാധ്യമപ്രവർത്തകർക്കിടയിലുണ്ട് മന്ത്രി മുഹമ്മദ് റിയാസ്

ദുരന്തനിവാരണ അതോറിറ്റിയുടെ പതിവ് ഫണ്ട് കൂടാതെയാണ് പ്രത്യേകമായി വയനാട് ദുരന്തംപോലെ സംഭവിക്കുമ്പോള്‍ കേന്ദ്രം സഹായിക്കേണ്ടത്. ദേശീയദുരന്തമായി പ്രഖ്യാപിക്കാനൊക്കെ ആവശ്യപ്പെടുന്ന സാഹചര്യമതാണ്.എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കുകയോ സഹായം നല്‍കുകയോ ചെയ്തില്ലെനന് മാത്രമല്ല , കേരളത്തിന് അര്‍ഹമായ ദുരന്തനിവാരണ ഫണ്ടിന്റെ കണക്ക് പോലും നമ്മളെ ഞെട്ടിക്കും. എന്താണ് എസ്ഡിആര്‍എഫ്, എന്താണ് എന്‍ഡിആർ എഫ് ഫണ്ടുകള്‍ എന്ന് വെറുതെയൊന്ന നോക്കിയാല്‍ മനസ്സിലാകുന്നതേയുള്ളൂ കാര്യം. ധനകാര്യകമ്മീഷന്റെ നിര്‍ദേശപ്രകാരം

സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നല്‍കുന്ന ദുരന്തനിവാരണ ഫണ്ടാണ് ഇതുരണ്ടും.
ഓരോ സംസ്ഥാനങ്ങള്‍ക്കും ഈ രണ്ട് ഫണ്ടുകളും പ്രത്യേകം പ്രത്യേകമായി ഉണ്ട്. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടും , നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ടും. ഇതില്‍ എസ്ഡിആര്‍എഫില്‍ 75 ശതമാനം കേ്ന്ദ്രവിഹിതവും, 25 ശതമാനം സംസ്ഥാന വിഹിതവുമാണ്.

എന്‍ഡിആര്‍എഫ് ഫണ്ട് മുഴുവന്‍ കേന്ദ്രവിഹിതമാണ്. ദുരന്തമുണ്ടായാലും ഇല്ലെങ്കിലും ഫണ്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ദുരന്തങ്ങളുണ്ടാകുമ്പോള്‍ വേഗത്തിലാക്കുകയും ചെയ്യുക എന്നതാണ് പതിവ്. ഒരുവര്‍ഷത്തെ തുക എല്ലാ ജൂണിലും ആദ്യഗഡു. ഡിസംബറില്‍ രണ്ടാംഗുഡവും നല്‍കണം. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ വിതരണം ഒന്ന് നോക്കാം. 2021-25 കാലയളവിലേക്കുള്ള കേരളത്തിന്റെ എസ്ഡിആര്‍എഫ് വിഹിതം 1852 കോടി രൂപയാണ്. 5 കൊല്ലത്തേക്കാണ്. അതുപോട്ടെ. 5 കൊല്ലത്തേക്ക് മറ്റുചില സംസ്ഥാനങ്ങളുടെ കണക്കൊന്ന് നോക്കിയാലോ. ആന്ധ്രപ്രദേശിന് 6591 കോടി, ഗുജറാത്തിന് 7802 കോടി , മഹാരാഷ്ട്ര 10,728 കോടി. യുപിക്ക് 11,396 കോടി . അപ്പോഴാണ് കേരളത്തിന് 1852 കോടി. ആയിക്കോട്ടെ. ചെറിയ സ്റ്റേറ്റാണ്. ഒരുപ്രകൃതി ദുരന്തവും ഇല്ലാത്ത സംസ്ഥാനമാണ് . ഇപ്പോഴത്തെ ദുരന്തമൊക്കെ പിണറായി വിജയന്‍ ഉണ്ടാക്കിയതാണ് എന്നൊക്കെ പറയുമായിരിക്കും. അതൊക്കെ സമ്മതിച്ചാല്‍ തന്നെ. ഇതെങ്ങനെയാണ് വിതരണം ചെയ്യുന്നത് എന്ന് നോക്കുക.

വയനാട് ദുരന്തമുണ്ടായ ഈ സാമ്പത്തിക വര്‍ഷം .2024-25 വര്‍ഷം എങ്ങനെയണ് കേരളത്തിന് പണം നല്‍കിയത്. കേന്ദ്രവിഹിതം 291 കോടിരൂപയാണ് ലഭിക്കേണ്ടത്.ആദ്യഗഡു 145. 6 കോടി രൂപയാണ് ഇതുവരെ നല്‍കിയത്. രണ്ടാംഗഡുവെങ്കിലും നല്‍കിക്കൂടെ.
വയനാട് ദുരന്തമുണ്ടായതിന്റെ പേരില്‍ ഈ തരാനുള്ള പൈസയെങ്കിലും കേരളത്തിന് തന്നൂടെ എന്നതാണ് ചോദ്യം. ഇനി മറ്റുസംസ്ഥാനങ്ങളുടെ സ്ഥിതി നോക്കൂ. മറ്റു ചില സംസ്ഥാനങ്ങളുടെ ഈ വര്‍ഷത്തെ എസ്ഡിആര്‍എഫ് വിഹിതം ആദ്യം നോക്കാം. കേരളത്തിന് 292.2 കോടിയാണ് എന്ന് ഓര്‍ക്കണേ. ആന്ധ്രപ്രദേശിന് 1036 കോടിയാണ് കേന്ദ്രവിഹിതം. ബിഹാറിന് അത് 1311 കോടി ഗുജറാത്തിന് 1226കോടി , മധ്യപ്രദേശ് 1686 , മഹരാഷ്ട്ര 2984,  ഒഡിഷ 1485 രാജസ്ഥാന്‍ 1372 കോടി ഉത്തര്‍പ്രദേശ് 1791 കോടി. ഒന്നുകൂടി കേട്ടോ കേരളത്തിന് 292.2 കോടി.

ഗംഭീരല്ലേ. അതുപോട്ടെ. അതുവിഹതമല്ലേ. എന്നാല്‍ കേരളത്തിന് ഉണ്ടായതുപോലെ ഒരുദുരന്തം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും ഉണ്ടായിട്ടില്ല. അതുകൊണ്ട് ഉള്ള വിഹിതം കേരളത്തിന് വേഗം തീര്‍ത്ത് കോടുത്തൂടെ. എന്നാല്‍ അതുമുണ്ടായില്ല. മറ്റൊന്നുണ്ടായി. വയനാട് ദുരന്തമുണ്ടായി നമ്മളിങ്ങനെ നോക്കിയിരിക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന ത്രിപുരയ്ക്ക് പ്രളയത്തിന്റെ പേരില്‍ ഒരു 40 കോടി കൂടി എസ്ഡിആര്‍എഫ് വിഹിതം നല്‍കി. മറ്റുചില സംസ്ഥാനങ്ങള്‍ക്കൊന്നും വിഹിതമാക്കി കൊടുക്കാന്‍ കാത്തിരിക്കുകയേ ഇല്ല. മൊത്തം ആദ്യം തന്നെ അങ്ങ് കൊടുക്കും. ഉദാഹരണത്തിന് യുപി. ഈ വര്‍ഷത്തെ മുഴുവന്‍ വിഹിതവും കുറച്ചുകൂടുതലും ആദ്യഗഡുവായി തന്നെ ഉത്തര്‍പ്രദേശിന് കൊടുത്തിട്ടുണ്ട്. അവരുടെ വിഹിതം 1791 കോടി. അവര്‍ക്ക് ആദ്യ ഇന്‍സ്റ്റാള്‍മെന്റില്‍ തന്നെ 1748 കോടി കൊടുത്തു.

അയിന്റെടേല് കേരളത്തിന് ഈ വര്‍ഷം എസ്ഡിആര്‍എഫ് വിഹിതമായി കിട്ടേണ്ട 291.2 കോടി രൂപയുടെ ബാക്കി പൈസെങ്കിലും കൊടുക്ക്വോന്ന് ചോദിച്ചാല്‍ എന്തുപരിപാടിയാണ്. അവിടെ പ്രധാനമന്ത്രിയൊക്കെ സന്ദര്‍ശിച്ച് കുറേ വാര്‍ത്തയൊക്കെ നല്‍കിയില്ലേ. ഇനിപ്പോ പ്രത്യേകം പൈസയൊക്കെ വേണോ. എന്നെല്ലാമാണ് ചോദിക്കുക. എസ്ഡിആര്‍എഫിന്റെ കാര്യമാണ് ഈ പറഞ്ഞത്. ഇനി എന്‍ഡിആര്‍എഫ് വിഹിതത്തിന്റെ കാര്യം നോക്കൂ. നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഡിആര്‍എഫ് ഫണ്ടില്‍ നിന്ന് പോലും കേരളത്തിനിതുവരെ തുക പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ കര്‍ണാടകത്തില്‍ വെള്ളപ്പൊക്കമുണ്ടായി എന്‍ഡിആര്‍എഫ് ഫണ്ടില്‍ നിന്ന് ഒരു 3454. 22 കോടി രൂപ അപ്പോ തന്നെ കൊടുത്തു. തമിഴ്നാടിന് 276 ഉം സിക്കിമിന് 221ഉം ഹരിയാനയ്ക്ക് 66 കോടിയും അനുവദിച്ചു.
അതുകൂടാതെയാണ് ഇപ്പോള്‍ അന്ധ്രതെലങ്കാന വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി 3448 കോടി രൂപ അനുവദിച്ചത്.

ചുരുങ്ങിയത് നമുക്ക് ലഭിക്കാനുള്ള എസ്ഡിആര്‍എഫ് വിഹിതത്തിലെ ബാക്കി തുകയെങ്കിലും തന്നൂടെന്നാണ് ചോദ്യം. അതുകൊണ്ട് നിഷ്‌കളങ്കരേ, രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തോടുള്ള ദുരന്തമുഖത്തെ ഈ അവഗണനയെ കുറിച്ച് മിണ്ടിയാല്‍ കുഴപ്പമാകുമോ എന്ന ആശങ്കയില്‍ പ്രതിപക്ഷവും വിഡി സതീശനും സൈലന്റായിരിക്കും. പ്രധാനമന്ത്രിയുടെ ചിരിയും കുഞ്ഞുങ്ങളെ കൊഞ്ചിക്കലുമൊക്കെ വാര്‍ത്തയാക്കി പൊലിപ്പിച്ച ചാനലുകള്‍ മിണ്ടിച്ചൊറയാക്കണ്ടാന്ന് കരുതിയേക്കും. ദുരന്തകാലത്ത് പഴയ സന്ദര്‍ശന വാര്‍ത്ത കഴിച്ച് വിശപ്പടക്കാം. നരേന്ദ്രമോദിയുടെ സ്നേഹത്തെ കുറിച്ചുള്ള പഴയ ചാനല്‍ ചര്‍ച്ചയുടെ ഇന്‍ട്രോകൾ വാട്സാപ് സ്റ്റാറ്റസാക്കാം. ഇനി വല്ല ഉപതെരഞ്ഞെടുപ്പിനും മുമ്പായി കേരളത്തിന് അര്‍ഹമായ ദുരന്തനിവാരണ ഫണ്ട് വയനാടിന്റെ പേരില്‍ ഇട്ടുതരുമ്പോള്‍ അപ്പോഴും സഹായഗാനം ഉണ്ടയാക്കി വീണ്ടും ഇന്‍ട്രോയാക്കി പാടം.
(വിശദാംശങ്ങള്‍ അറ്റാച്ച്‌മെന്റില്‍)

കെവി മധു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News