മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രന്‍ നായര്‍ (85) അന്തരിച്ചു. ബെംഗളൂരുവിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. മലയാള പത്രപ്രവര്‍ത്തനരംഗത്തെ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു എസ് ജയചന്ദ്രന്‍ നായർ. 1939ല്‍ തിരുവനന്തപുരം ശ്രീവരാഹത്തില്‍ ജനനം. യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാഭ്യാസം.
കെ ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 1957ല്‍ പുറത്തിറങ്ങിയ കൗമുദിയില്‍ പത്രപ്രവവര്‍ത്തനം തുടങ്ങി. 1961ല്‍ കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളശബ്ദത്തില്‍ ചേര്‍ന്നു. 1966 മുതല്‍ കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. ദീർഘകാലം കലാകൗമുദി പത്രാധിപരായിരുന്നു. 1997 മെയ് മുതല്‍ സമകാലികമലയാളം വാരികയുടെ പത്രാധിപരായി. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും അദ്ദേഹം നിര്‍വഹിച്ചു.
പത്രപ്രവര്‍ത്തനത്തിനുള്ള കെ ബാലകൃഷ്ണന്‍ അവാര്‍ഡ്, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, കെ വിജയരാഘവന്‍ സ്മാരക പുരസ്‌കാരം (2006), സിഎച്ച് മുഹമ്മദ് കോയ ജേണലിസം അവാര്‍ഡ് (2008) എന്നിവയാണ് മുഖ്യബഹുമതികള്‍. എന്റെ പ്രദക്ഷിണവഴികള്‍, റോസാദളങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012-ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവന്‍ കോളനിയിലായിരുന്നു സ്ഥിരതാമസം. ഭാര്യ: സരസ്വതി അമ്മ, മക്കള്‍- ഡോ.ജയ്ദീപ്, ദീപ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here