ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമൈനിയുടെ മുന്‍ പ്രതിനിധിയെ വെടിവെച്ച് കൊന്നു

ഇറാനിലെ പ്രമുഖ ഷിയ നേതാവും സര്‍ക്കാരിന്റെ അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്ടിലെ അംഗവുമായ ആയത്തുള്ള അബ്ബാസലി സുലൈമാനിയെ വെടിവെച്ച് കൊന്നു. വടക്കന്‍ ഇറാനിലെ മസന്ദരന്‍ പ്രവിശ്യയിലെ ബാങ്കില്‍ വെച്ചുണ്ടായ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടതെന്ന് ഇര്‍ന ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെടിവെച്ചയാളെ പൊലീസെത്തി കീഴ്‌പ്പെടുത്തിയതായും ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനിലെ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന 88 അംഗങ്ങളുള്ള ശൂറ കൗണ്‍സിലിലെ മുതിര്‍ന്ന അംഗമാണ് എഴുപതുകാരനായ സുലൈമാനി. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റ് അംഗമായ ഇദ്ദേഹം ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇറാനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ മെല്ലി ബാങ്കിന്റെ ബാബോല്‍സാര്‍ ബ്രാഞ്ചിലെത്തിയ സുലൈമാനിക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നു.

അതേസമയം, ഇത് ആദ്യമായല്ല ഇറാനില്‍ മത പുരോഹിതര്‍ക്ക് നേരെ ആക്രമണമുണ്ടാവുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലും വടക്ക് കിഴക്കന്‍ നഗരമായ മഷാദിലെ ഷിയാ ആരാധനാലയത്തിലുണ്ടായ കത്തി ആക്രമണത്തില്‍ രണ്ട് മതപുരോഹിതന്‍മാര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉസ്ബക്കിസ്ഥാന്‍ പൗരനെ ജൂണില്‍ തൂക്കിലേറ്റിയുട്ടെണ്ടെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News