എത്ര നേരമായി ട്രെയിൻ ഇങ്ങനെ കിടക്കുന്നു? എന്താ ട്രെയിൻ നീങ്ങാത്തത്? എന്തെങ്കിലും സാങ്കേതിക പിഴവുകൊണ്ടാണോ? കഴിഞ്ഞ ദിവസം സൗത്ത് കൊറിയയിലെ സിയോളിലെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിൽ ഉണ്ടായിരുന്നവരുടെ സംശയങ്ങൾ ആയിരുന്നു ഇത്.സ്റ്റേഷനിൽ എത്തി മിനിട്ടുകൾ കഴിഞ്ഞിട്ടും ട്രെയിൻ അനങ്ങാഞ്ഞതോടെ തങ്ങളുടെ യാത്ര മുടങ്ങുമോ എന്ന ആശങ്കയിലായിരുന്നു പല യാത്രക്കാരും. യാത്ര മുടങ്ങിയാലും കാരണം എന്താണെന്ന് തിരക്കുകയായിരുന്നു മറ്റ് ചിലർ. ഒടുവിൽ അവർ കാരണം കണ്ടെത്തി. വേറൊന്നുമല്ല, ട്രയിനിലെ കണ്ടക്ടർ ഒന്ന് ശുചിമുറി വരെ പോയതാണ്!
വെറും നാല് മിനിറ്റ് പതിനാറ് സെക്കന്റാണ് കണ്ടക്ടർ ശുചിമുറിയിൽ പോകാൻ എടുത്ത സമയം. എന്നാൽ ഈ സമയത്തിന് വലിയ വിലകൊടുക്കേണ്ടി വന്നു. കണ്ടകട്ർ നാല് മിനിറ്റ് താമസിച്ചതോടെ 125 ട്രെയിനുകളാണ് താമസിച്ചോടിയത്. പല ട്രെയിനുകളും അര മണിക്കൂറോളം താമസിച്ചുവെന്നാണ് സിയോൾ മെട്രോ റിപ്പാർട്ട് ചെയ്തത്. ഇതോടെ പല യാത്രക്കാർക്കും തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യ സമയത്ത് എത്തിച്ചേരാൻ കഴിഞ്ഞില്ല.
ALSO READ; ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും; ചരിത്രപരമായ തീരുമാനവുമായി ബൽജിയം
സിയോൾ മെട്രോ സർവീസിലെ ചില പിഴവുകളാണ് ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തൽ. പല കണ്ടക്ടർമാർക്കും ഇടവേളകൾ ഇല്ലാതെ മൂന്ന് മണിക്കൂറിലധികം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ശുചിമുറിയിൽ പോകാൻ പോലും കഴിയാത്ത അവസ്ഥ പോലും പലർക്കും നേരിടേണ്ടി വരുന്നുണ്ടെന്നാണ് ചിലർ പറയുന്നത്. മേൽപറഞ്ഞ സംഭവവും ഇതിനോട് കൂട്ടി വായിക്കാം.
ഈ സംഭവം വലിയ ചർച്ചയായതോടെ നിരവധി പേരാണ് സിട്രോൾ മെട്രോയിലെ കണ്ടക്ടർമാരുടെ ദുരിതത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം ചില സാഹചര്യങ്ങൾ അടിയന്തര ഘട്ടങ്ങളിൽ പലപ്പോഴും പരിഹരിക്കാറുണ്ടെങ്കിലും ഇതിനൊരു ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നാണ് പലരും ചൂണ്ടികാണിക്കുന്നത്.
അതേസമയം സിയോൾ മെട്രോ ഈ പ്രശ്നം പരിഹരിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.എന്നാൽ ഈ വിഷയം പൊതുചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. അതിനിടെ റെയിൽവേ, സബ്‌വേ മേഖലകളിൽ ജോലി ചെയ്യുന്ന 70,000-ത്തിലധികം ജീവനക്കാർ ജോലിസ്ഥലത്തെ വിവേചനത്തിൽ പ്രതിഷേധിച്ചും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ടും ഈ മാസം രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ചില റിപ്പോർട്ടുകൾ ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here