പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരിച്ചടി

കേന്ദ്ര അന്വേഷണ ഏജന്‍സികളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പെടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതി തള്ളി.

ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

ഹര്‍ജിയുടെ സാധുതയിലും സാധ്യതയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തില്‍ നിന്നും പ്രോസിക്യൂഷന്‍ നടപടികളില്‍നിന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംരക്ഷണം തേടുകയാണോയെന്നും പൗരന്മാര്‍ എന്ന നിലയില്‍ അവര്‍ക്ക് എന്തെങ്കിലും പ്രത്യേക അവകാശങ്ങളുണ്ടോയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. ഹര്‍ജി രാഷ്ട്രീയക്കാര്‍ക്കുള്ള അപേക്ഷയാണെന്നും അഴിമതിയോ കുറ്റകൃത്യമോ ബാധിച്ചേക്കാവുന്ന പൗരന്മാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും ഹര്‍ജി കണക്കിലെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തള്ളിയത്.

അതേ സമയം പ്രതിപക്ഷ നേതാക്കള്‍ക്ക് സംരക്ഷണമോ, ഇളവുകളോ ആവശ്യപ്പെടുന്നില്ലെന്നും നിയമത്തിന്റെ ന്യായവും നിഷ്പക്ഷവുമായ പ്രയോഗമാണ് താന്‍ ആവശ്യപ്പെടുന്നതെന്നും സിങ്വി കോടതിയെ അറിയിച്ചു. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്താനും മനോവീര്യം തകര്‍ക്കാനും സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഇത് ജനാധിപത്യത്തിനും നിയമവാഴ്ചക്കും ഹാനികരമാണെന്നും അദ്ദേഹം മറുപടി നല്‍കി.

2014നു ശേഷം രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ 95 ശതമാനം കേസുകളും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാല്‍ ഇഡി സി.ബി.ഐ കേസുകളിലെ അറസ്റ്റിനും ജാമ്യത്തിനും സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News