മല പോലെ വന്നത് എലി പോലെയായി എന്ന് പറഞ്ഞത് അച്ചട്ടായിരിക്കുകയാണ് ഇന്ന് നിയമസഭയില്‍. സ്വന്തം ആവശ്യം അംഗീകരിച്ചിട്ടും സഭാനടപടികള്‍ അലങ്കോലമാക്കി സ്‌കൂട്ടാകുകയായിരുന്നു പ്രതിപക്ഷം. മലപ്പുറം വിഷയത്തില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
അടിയന്തര പ്രമേയം ചര്‍ച്ചക്ക് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ബോധപൂര്‍വമായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് ഉച്ചയ്ക്ക് 12ന് ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കറും അറിയിച്ചു.
ഇതോടെയാണ് പ്രതിപക്ഷം വിറളിപൂണ്ടത്. അടിയന്തര ചര്‍ച്ചയുണ്ടാകില്ലെന്നായിരുന്നു അവരുടെ പ്രതീക്ഷയും ആഗ്രഹവും. സ്വന്തം ആവശ്യം അംഗീകരിച്ചിട്ടും ഒളിച്ചോട്ടം നടത്തിയത് എന്തിനാണെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
ചര്‍ച്ച ചെയ്താല്‍ കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന പതിവ് പരിപാടി നടക്കില്ലെന്ന് അവര്‍ക്കറിയാം. തെറ്റിദ്ധാരണ പരത്തുന്ന നരേറ്റീവുകളിലൂടെ പരമാവധി മുതലെടുപ്പ് നടത്താനുള്ള നീക്കം പൊളിഞ്ഞത് മാത്രമല്ല, ചര്‍ച്ച നടന്നാല്‍ കൃത്യമായ വിവരങ്ങളും കണക്കുകളും ലോകമറിയുമെന്നതുമാണ് പ്രതിപക്ഷത്തിന്റെ പൊറാട്ട് നാടകത്തിന് പിന്നില്‍.
ഒന്നും നടക്കില്ലെന്ന് കണ്ടതോടെയാണ് നടപടികള്‍ അലങ്കോലപ്പെടുത്തി പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. ഡയസിലേക്ക് തള്ളിക്കയറിയതും സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ പിടിച്ചതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. ഏതായാലും, അടിയന്തര പ്രമേയ ചര്‍ച്ച ബഹിഷ്‌കരിച്ചതിലൂടെ സ്വന്തം കുഞ്ഞിനെ തള്ളിപ്പറഞ്ഞ ഗതികേടിലുമായി പ്രതിപക്ഷം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here