സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കും : ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വര്‍ദ്ധനവും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണ വികസനവുമാണ് ലക്ഷ്യം. വിദേശത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇന്‍ കേരള’ പദ്ധതിയ്ക്കും സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ALSO READ: ഹേമന്ത് സോറന് ജാമ്യം നൽകിയതിനെതിരായ ഇഡിയുടെ ഹർജി തള്ളി സുപ്രീം കോടതി; ഇഡിക്ക് തിരിച്ചടി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍ നല്‍കിയ ശുപാര്‍ശകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികവിന്റെ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്ഥാപിക്കണമെന്നത്. അത്യാധുനിക ഗവേഷണം വികസിപ്പിക്കാനും സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള അക്കാദമിക്, പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകാനും ഉതകുന്ന വിധത്തില്‍, പ്രത്യേകമായ പഠനമേഖലകളിലോ ഗവേഷണത്തിലോ പരിശീലനത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാവും കേന്ദ്രങ്ങള്‍.

ALSO READ: “ദില്ലിയിൽ വിദ്യാർത്ഥികൾ എത്തുന്നത് പ്രതീക്ഷയോടെ, ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തണം…”: ദില്ലിയിൽ കോച്ചിങ് സെന്ററിലെ വെള്ളക്കെട്ടിൽ മരിച്ച നെവിന്റെ ബന്ധു

ആദ്യഘട്ടമായി ഏഴ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ്, സ്വയംഭരണ സ്ഥാപനങ്ങളായി സ്ഥാപിക്കാന്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. ആ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് ഏഴും ആരംഭിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി ലഭ്യമാക്കിയിരിക്കുകയാണ്. നിലവില്‍ ഭരണാനുമതി ലഭിച്ച സെന്ററുകളില്‍ രണ്ടെണ്ണം ശാസ്ത്രസാങ്കേതിക മേഖലയിലും രണ്ടെണ്ണം സാമൂഹ്യശാസ്ത്ര മേഖലയിലും രണ്ടെണ്ണം ഭാഷ-സാംസ്‌കാരിക മേഖലയിലും ആണ് പ്രവര്‍ത്തിക്കുക. ഒരു സെന്റര്‍ ഉന്നതവിദ്യാഭ്യാസമേഖലയിലെ അധ്യാപക-അനധ്യാപക-ഗവേഷകവിദ്യാര്‍ത്ഥി പരിശീലനങ്ങളിലും പാഠ്യപദ്ധതി രൂപകല്‍പ്പന അടക്കമുള്ളവയിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.

ALSO READ: സംസ്ഥാനത്ത് ഏഴ് സെന്റര്‍ ഒഫ് എക്‌സലന്‍സുകള്‍ ആരംഭിക്കും : ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു

നിലവില്‍ ഭരണാനുമതി ലഭ്യമായ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് ഇവയാണ്: ഈ വര്‍ഷത്തേക്ക് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആകെ 11.4 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഓരോ സെന്റര്‍ ഓഫ് എക്‌സലന്‍സും അതാത് മേഖലക്കുള്ളില്‍ വൈദഗ്ധ്യം, നവീകരണം, സഹകരണം എന്നിവയുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഓരോന്നിലും അതാതു മേഖലയിലെ മികച്ച ഫാക്കല്‍റ്റി അംഗങ്ങള്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായ പങ്കാളികള്‍ എന്നിവരുടെ മികച്ച സാന്നിദ്ധ്യം ഉണ്ടാകും.
.
ആദ്യ ഘട്ടത്തില്‍, ഡയറക്ടറെ കൂടാതെ പരമാവധി അഞ്ചു പേര്‍ അടങ്ങുന്ന ഒരു കോര്‍ അക്കാഡമിക് ടീം (ഫാക്കല്‍റ്റി /ഫാക്കല്‍റ്റി ഫെലോ /റിസര്‍ച്ച് ഫാക്കല്‍റ്റി എന്നിവരുള്‍പ്പെടെ) ഓരോ സെന്റര്‍ ഓഫ് എക്‌സലന്‍സിലും രൂപീകരിക്കും . പുറമെ, പോസ്റ്റ് ഡോക്ടറല്‍ /ഡോക്ടറല്‍ വിദ്യാര്‍ത്ഥികളുടെ ഓരോ ടീമും ഓരോ സെന്റര്‍ ഓഫ് എക്‌സലന്‍സിലും ഉണ്ടാവും.

സംസ്ഥാന സര്‍ക്കാര്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സര്‍വ്വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു ഗവേണിംഗ് ബോര്‍ഡ് ഓരോ സെന്റര്‍ ഓഫ് എക്‌സലന്‍സിലും രൂപികരിക്കും.സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങള്‍ക്ക് ഭാവിയില്‍ പിന്തുടരാവുന്ന രീതിയില്‍, ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എഡ്യൂക്കേഷണല്‍ അഡ്മിനിസ്‌ട്രേഷന്‍ രീതിയിലാവും സംവിധാനം.

സെന്റര്‍ ഒഫ് എക്‌സലന്‍സ് ഫോര്‍ ടീച്ചിംഗ്, ലേര്‍ണിംഗ് ആന്‍ഡ് ട്രെയിനിംഗ്

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി രൂപകല്പന, സിലബസ് തയ്യാറാക്കല്‍, മൂല്യനിര്‍ണ്ണയ തന്ത്രങ്ങള്‍, ടെക്‌നോളജി ഉപയോഗിച്ചുള്ള ബോധനരീതികള്‍ എന്നിവയില്‍ അധ്യാപകര്‍ക്ക് നിരന്തരമായ പരിശീലനം നല്കുന്നതിലും ഈ മേഖലയില്‍ ഗവേഷണം നടത്തി ഏറ്റവും ആധുനികമായ അറിവുകള്‍ ഉല്പാദിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. അദ്ധ്യാപകര്‍ക്കും എഡ്യൂക്കേഷണല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലീഡര്‍ഷിപ്പ് പരിശീലനം നല്‍കുന്നതുമാകും ഈ കേന്ദ്രം. ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികളെപ്പറ്റി ആവശ്യമായ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുക വഴി നയരൂപകര്‍ത്താക്കള്‍ക്കും ഈ കേന്ദ്രം സഹായമേകും. കാലിക്കറ്റ് സര്‍വ്വകലാശാലയാണ് കേന്ദ്രത്തിന് പരിഗണിക്കുന്നത്.

കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍

കേരള സര്‍ക്കാരിന്റെയും കേരളവംശജരായ ശാസ്ത്രജ്ഞരുടെയും സാങ്കേതികവിദഗ്ധരുടെയും മനുഷ്യസ്നേഹികളുടെയും കൂട്ടുപങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന സഹകരണസംരംഭമായിട്ടാവും ഈ കേന്ദ്രം. വിപുലമായ ശാസ്ത്രഗവേഷണത്തിനുള്ള പ്രധാന അന്തര്‍ദേശീയ കേന്ദ്രമായി ഇതിനെ വികസിപ്പിക്കും.

സുസ്ഥിരമായ ഇന്ധനങ്ങള്‍, മാലിന്യ സംസ്‌കരണം, നാനോ ടെക്നോളജി, അഡ്വാന്‍സ്ഡ് മെറ്റീരിയലുകള്‍, സിസ്റ്റംസ് ബയോളജി, ബിഗ് ഡാറ്റ അനലിറ്റിക്സ്, റോബോട്ടിക്സ്, എനര്‍ജി എഞ്ചിനീയറിംഗ് തുടങ്ങി ഉയര്‍ന്നുവരുന്ന വിവിധ വിഷയമേഖലകളില്‍ അന്താരാഷട്രതലത്തില്‍ സംഭാവന ചെയ്യാവുന്ന ഗവേഷക സമൂഹത്തെ സൃഷ്ടിക്കാനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഈ കേന്ദ്രത്തില്‍ നടക്കും. കുസാറ്റിലാണ് കേന്ദ്രം സ്ഥാപിക്കാന്‍ ആലോചിക്കുന്നത്.

കേരള ഇന്‍സ്റ്റിട്ട്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ്

കേരളത്തിന്റെ ചരിത്രം, സമൂഹം, സമ്പദ്വ്യവസ്ഥ, സാംസ്‌കാരിക സമ്പ്രദായങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിപുലമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും വേണ്ടിയാണീ കേന്ദ്രം. ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി (ഐഐഎഎസ്), നാന്റസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡി എന്നിവയുടെ മാതൃകയില്‍, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, ഭാഷകള്‍, കലകള്‍, സംസ്‌കാരം എന്നിവയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കും. മൂന്നാറിലാണ് കേന്ദ്രം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

കേരള നെറ്റ്വര്‍ക്ക് ഫോര്‍ റിസര്‍ച്ച് – സപ്പോര്‍ട്ട് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍
സംസ്ഥാനത്തെ വിവിധ ഗവേഷണകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്കും ഗവേഷകവിദ്യാര്‍ത്ഥികള്‍ക്കും നെറ്റ്വര്‍ക്കിംഗ്/ക്ലസ്റ്റര്‍ മോഡ് വഴി ഒപ്റ്റിമല്‍ സ്റ്റേറ്റ് ലെവല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സൗകര്യങ്ങള്‍ നല്‍കുന്നതിനാണ് ഈ കേന്ദ്രം മുന്‍ഗണന നല്‍കുക. ഈ നെറ്റ്-വര്‍ക്കില്‍ ചേരുന്ന സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ഗവേഷണ ആവശ്യങ്ങള്‍ ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ പ്രൊഫഷണലായി ഈ കേന്ദ്രം കൈകാര്യം ചെയ്യും.

ഗവേഷണസഹകരണം പ്രോത്സാഹിപ്പിക്കുക, ഗവേഷണ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുക, ഗവേഷണത്തിന്റെയും വ്യവസായത്തിന്റെയും സംയോജനം സുഗമമാക്കുക, ഗവേഷകര്‍ക്ക് ഗവേഷണത്തിനുള്ള ധനസഹായം നേടിയെടുക്കാന്‍ സഹായിക്കുക എന്നിവ ഈ കേന്ദ്രത്തില്‍ നിറവേറ്റപ്പെടും. ഈ കേന്ദ്രത്തിന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ട് സെന്‍ട്രല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ലബോറട്ടറികളും (സിഐഎല്‍), ഒരു അക്കാദമിക് കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ നല്‍കുന്ന കേന്ദ്രവും (സിഎസിഎഫ്) സ്ഥാപിക്കും. സംസ്ഥാനത്തെ വിവിധ ഗവേഷണസൗകര്യങ്ങളുടെ കേന്ദ്രീകൃത ശൃംഖല ഈ സെന്റര്‍ വഴി സ്ഥാപിക്കും. ഇന്‍ഡസ്ടറി-അക്കാദമിയ സഹകരണത്തിനും, പേറ്റന്റ് ഫെസിലിറ്റേഷനും ഈ കേന്ദ്രം സൗകര്യമൊരുക്കും. മറ്റ് അക്കാദമിക് സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, ദേശീയ ലബോറട്ടറികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിര്‍മ്മാണ-എഞ്ചിനീയറിംഗ് വ്യവസായങ്ങള്‍, എസ്എംഇകള്‍, ആര്‍ &ഡി ലാബുകള്‍ തുടങ്ങിയവയ്ക്ക് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ കേന്ദ്രം നല്‍കും. കേരള സര്‍വ്വകലാശാലയാണ് കേന്ദ്രം ആരംഭിക്കാന്‍ പരിഗണിക്കുന്നത്.

സെന്റര്‍ ഫോര്‍ ഇന്റിജീനിയസ് പീപ്പിള്‍സ് എഡ്യുകേഷന്‍

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൂടുതലായുണ്ടാവേണ്ട തദ്ദേശീയപങ്കാളിത്തം, ഉന്നതവിദ്യാഭ്യാസ പ്രോഗ്രാമുകളില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സീറ്റുകള്‍ നികത്താന്‍ കഴിയാതെ പോകുന്നതും കൊഴിഞ്ഞുപോക്കും തുടങ്ങിയ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ കേന്ദ്രം ആരംഭിക്കുന്നത്. തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ പെഡഗോഗിക് ഇടപാടുകള്‍ നടത്തുന്നതിലും അതിനു സഹായകരമായ അനുബന്ധ സൗകര്യങ്ങളിലേക്ക് പ്രവേശനം നേടുന്നതിലും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണിത്. വയനാട്ടിലെ ആദിവാസി പഠനത്തിനായുള്ള കാലിക്കറ്റ് സര്‍വ്വകലാശാലാ കേന്ദ്രവുമായി സംയോജിപ്പിച്ചാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആലോചിക്കുന്നത്. തദ്ദേശവാസികള്‍ക്ക് ഭരണത്തിലും പ്രവര്‍ത്തനങ്ങളിലും സജീവപങ്കാളിത്തമുള്ള ഈ കേന്ദ്രത്തിന് തദ്ദേശീയജനവിഭാഗങ്ങള്‍ കൂടുതല്‍ വസിക്കുന്ന മേഖലകളില്‍ ഉപകേന്ദ്രങ്ങളും ഉണ്ടാകും.

ദ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജന്‍ഡര്‍ ഇക്വാളിറ്റി

ലിംഗപദവി പഠനത്തിന്റെ എല്ലാ മേഖലകളിലേക്കും ഇന്റര്‍ഡിസിപ്ലിനറി, ട്രാന്‍സ് ഡിസിപ്ലിനറി ഗവേഷണങ്ങള്‍ വ്യാപിപ്പിക്കാനും നിലവിലുള്ള പഠനവകുപ്പുകളുമായും മറ്റ് ലിംഗപദവി പഠന കേന്ദ്രങ്ങളുമായും നെറ്റ്വര്‍ക്കിംഗും പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവര്‍ത്തങ്ങള്‍ ഈ സെന്റര്‍ ഏറ്റെടുക്കും

ഘട്ടംഘട്ടമായി ലിംഗസമത്വം സ്ഥാപിച്ചെടുക്കുക, നയരൂപീകരണവും ബജറ്റിങ്ങും പോലെയുള്ള എല്ലാ പ്രക്രിയകളിലും മറ്റു സമാന മേഖലകളിലും ലിംഗസമത്വ വീക്ഷണം കൊണ്ടുവരിക, രാജ്യത്തിനകത്തും പുറത്തുമുള്ള ലിംഗ അസമത്വങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളിത്തമുണ്ടാവുക, സംസ്ഥാനത്തെ സ്ഥാപനങ്ങള്‍ക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ വിവിധ മേഖലകളില്‍ നിന്നുള്ള പങ്കാളികള്‍ക്കും ലിംഗപദവി പഠനഗവേഷണത്തിലൂടെ സൃഷ്ടിക്കപ്പെട്ട അറിവും ഓണ്‍ലൈന്‍ വിഭവങ്ങളും കൈമാറുക എന്നിവ ഈ കേന്ദ്രം ഉറപ്പാക്കും. കണ്ണൂര്‍ സര്‍വ്വകലാശാലയിലാവും കേന്ദ്രം.

കേരള ലാംഗേജ് നെറ്റ്വര്‍ക്ക്

മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളെ വിജ്ഞാനത്തിന്റെ ഭാഷയായി വികസിപ്പിക്കുന്നതിന് വിവിധ സംരംഭങ്ങള്‍ ഏറ്റെടുക്കുക, ഭാഷകളെ പ്രോത്സാഹിപ്പിക്കുകയും സംസ്‌കാരങ്ങളെ ആഘോഷിക്കുകയും ചെയ്യുന്ന ഒരു ചലനാത്മക സ്ഥാപനമായി മാറുക, വിദേശ ഭാഷകളില്‍ വിവിധ തലത്തിലുള്ള പഠനങ്ങളും പരിശീലനവും നല്‍കുക എന്നിവയ്ക്കാണീ കേന്ദ്രം. മലയാളം സര്‍വ്വകലാശാലയും കാലടി സര്‍വ്വകലാശാലയുമാണ് കേന്ദ്രത്തിനു പരിഗണനയില്‍.

സ്റ്റഡി ഇന്‍ കേരള പ്രോഗ്രാം

ഉന്നതവിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയവത്ക്കരണത്തിലൂടെ കേരളത്തെ സംസ്ഥാനത്തിനു പുറത്തും വിദേശത്തുനിന്നും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി മാറ്റുന്നതിനാണ് പ്രധാനമായും ഈ പദ്ധതി. ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി അന്താരാഷ്ട്രനിലവാരത്തില്‍ പരിഷ്‌കരിക്കുകയും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ആകര്‍ഷകമാവുന്ന ഘടകങ്ങള്‍ ഉള്‍ച്ചേര്‍ക്കുകയും ചെയ്യുക, വിദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള പാര്‍പ്പിടസൗകര്യങ്ങള്‍ സ്വകാര്യമേഖലയുടെ കൂടി സഹകരണത്തോടെ ഒരുക്കുകയും അനുകൂലമായ ജീവിതസാഹചര്യങ്ങളും പഠന അന്തരീക്ഷവും ഉറപ്പാക്കുകായും ചെയ്യുക, രാജ്യത്തിനകത്തും പുറത്തും നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ബ്രാന്‍ഡ് വാല്യൂ വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നവിധം മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നമ്മുടെ സ്ഥാപനങ്ങളുടെ ക്യാംപസുകള്‍ സ്ഥാപിക്കാന്‍ നടപടികളെടുക്കുക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഗവേഷണസഹകരണം വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ ആരംഭിക്കുക, നമ്മുടെ വിദ്യാര്‍ഥികളില്‍ ആഗോള അവബോധവും പരസ്പര ബന്ധവും ഉണ്ടാക്കിയെടുക്കുക എന്നിവ വഴി നമ്മുടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്രവല്‍ക്കരണം എന്ന ലക്ഷ്യം കൈവരിക്കാനാണീ പദ്ധതി.

അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്തെ പ്രധാനകലകള്‍, പാരമ്പര്യ അറിവുകള്‍, കേരള സമൂഹത്തിന്റെ സവിശേഷതകള്‍, വിനോദസഞ്ചാര സാദ്ധ്യതകള്‍, ഭക്ഷണവൈവിധ്യങ്ങള്‍, തുടങ്ങിയവയെപ്പറ്റി ആഗോള ധാരണ സൃഷ്ടിക്കാന്‍ ഹ്രസ്വകാല നോണ്‍-ഡിഗ്രി കോഴ്‌സുകള്‍ ലഭ്യമാപദ്ധതിയില്‍ ലഭ്യമാക്കും. ഡിമാന്റുള്ള കോഴ്‌സുകള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കും.

മൂന്നാംലോക രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതികല്‍ ഇതിലുണ്ടാകും. സംസ്ഥാനത്തു നിലവില്‍ വിദ്യാര്‍ത്ഥികള്‍ താല്പര്യം പ്രകടിപ്പിക്കാത്ത ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പുനര്‍ക്രമീകരിച്ച്, കൂടുതല്‍ ജോബ് ഓറിയന്റഡ് ആയ ന്യൂ ജനറേഷന്‍ കോഴ്‌സുകള്‍ ആക്കി അവ മാറ്റാനും, ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രൊഫഷണല്‍ കോംപീറ്റന്‍സി വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ ഇതിനോടനുബന്ധിച്ച് ഏറ്റെടുക്കും.

ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ്

സ്റ്റഡി ഇന്‍ കേരള പദ്ധതിയുടെ ഭാഗമായി ഒരു അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് സംസ്ഥാനത്ത് ഒരുക്കാന്‍ പ്രാരംഭപ്രവര്‍ത്തനങ്ങളിലാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍, സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകള്‍, കോളേജ് വിദ്യഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതികവിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാവും കോണ്‍ക്ലേവ്. കോണ്‍ക്ലേവിന് അനുബന്ധമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെമിനാറുകള്‍, വിദ്യാഭ്യാസ പ്രദര്‍ശനങ്ങള്‍, ബുക്ക് ഫെസ്റ്റിവല്‍, ശാസ്ത്രപ്രദര്‍ശനങ്ങള്‍, ടെക്‌നിക്കല്‍ ഫെസ്റ്റിവല്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ത്ത് അതിവിപുലമായിട്ടാവും ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവും നേട്ടങ്ങളും സാദ്ധ്യതകളും വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങളും ചര്‍ച്ചകളും ഇതില്‍ ഒരുങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News