ആറ് നഴ്സിംഗ് കോളേജുകള്‍ക്ക് 79 തസ്തികകള്‍ സൃഷ്ടിച്ചു

സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്സിംഗ് കോളേജുകള്‍ക്കായി 79 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 പ്രിന്‍സിപ്പാള്‍മാര്‍, 14 അസിസ്റ്റന്റ് പ്രൊഫസര്‍, 6 സീനിയര്‍ സൂപ്രണ്ട്, 6 ലൈബ്രേറിയന്‍ ഗ്രേഡ് ഒന്ന്, 6 ക്ലര്‍ക്ക്, 6 ഓഫീസ് അറ്റന്‍ഡന്റ് എന്നിങ്ങനെ സ്ഥിരം തസ്തികകളാണ് സൃഷ്ടിച്ചത്. ഇതുകൂടാതെ 12 ട്യൂട്ടര്‍, 6 ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്. 6 ഹൗസ് കീപ്പര്‍, 6 ഫുള്‍ടൈം സ്വീപ്പര്‍, 6 വാച്ച്മാന്‍ എന്നിങ്ങനെ താത്ക്കാലിക തസ്തികളും അനുവദിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം നിയമനം നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നഴ്സിംഗ് മേഖലയുടെ പുരോഗതിയ്ക്കായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 760 ബി.എസ്.സി. നഴ്സിംഗ് സീറ്റുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കിയിരുന്നു. ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി. നഴ്സിംഗില്‍ ഇത്രയും സീറ്റ് വര്‍ധിപ്പിച്ചത്. ഈ സീറ്റുകളില്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് തസ്തികകളും സൃഷ്ടിച്ചത്.

ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളേജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിംഗ് കോളേജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറല്‍ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ വര്‍ക്കല, നെയ്യാറ്റിന്‍കര, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ് എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്സിംഗ് കോളേജുകള്‍ ആരംഭിക്കും. സി-പാസിന്റെ കീഴില്‍ കൊട്ടാരക്കരയില്‍ 40 സീറ്റ് നഴ്സിംഗ് കോളേജിന് അനുമതി നല്‍കിയിട്ടുണ്ട്.

Also Read: നിയമന തട്ടിപ്പ് കേസ്; ബാസിത്തിനെ റിമാന്‍ഡ് ചെയ്തു

ഈ സര്‍ക്കാര്‍ വന്ന ശേഷം 2022-23ല്‍ 832 ബി.എസ്.സി. നഴ്സിംഗ് സീറ്റുകള്‍ ഉയര്‍ത്തി. നഴ്സിംഗ് മേഖലയില്‍ 2021 വരെ ആകെ 7422 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 2022ല്‍ 8254 സീറ്റുകളായും 2023ല്‍ 9910 സീറ്റുകളായും വര്‍ധിപ്പിച്ചു. 2021വരെ സര്‍ക്കാര്‍ മേഖലയില്‍ 435 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകള്‍ (120 സീറ്റ്) ആരംഭിച്ചു. കൂടാതെ നിലവിലുള്ള കോളേജുകളില്‍ അധികമായി 92 സീറ്റുകളും വര്‍ധിപ്പിച്ചു. ഇതുകൂടാതെയാണ് ഈ വര്‍ഷം 760 സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 612 ബി.എസ്.സി. നഴ്സിംഗ് സീറ്റുകള്‍ സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലായി ആകെ 2399 സീറ്റുകളും വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 2023-24ല്‍ 1517 ബി.എസ്.സി. നഴ്സിംഗ് സീറ്റുകളാണ് വര്‍ധിപ്പിക്കാന്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ സര്‍ക്കാര്‍ മേഖലയില്‍ ജനറല്‍ നഴ്സിംഗിന് ഈ വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 100 സീറ്റ് വര്‍ധിപ്പിച്ച് 557 സീറ്റുകളായി ഉയര്‍ത്തി. തിരുവനന്തപുരത്തും ആലപ്പുഴയിലും എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സിന് അനുമതി (16 സീറ്റ്) നല്‍കി. ട്രാന്‍സ്ജെന്‍ജര്‍ വ്യക്തികള്‍ക്ക് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിക്കുകയും ചെയ്തു.

Also Read; സലാമിന് കടിഞ്ഞാണിടാന്‍ മുസ്‌ലിം ലീഗ് നേതൃത്വം തയാറാവണം: ഐ.എന്‍.എല്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കരട് ഓര്‍ഡിനന്‍സ് അംഗീകരിച്ചു

2023ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) കരട് ഓര്‍ഡിനന്‍സ് അംഗീകരിക്കാന്‍ തീരുമാനിച്ചു. 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഒര്‍ഡിനന്‍സും അംഗീകരിച്ചു. ഇത് ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള പിഴയും ശിക്ഷയുമായി ബന്ധപ്പെട്ടതാണ് ഓര്‍ഡിനന്‍സ്.

തസ്തിക

തൃശ്ശൂര്‍ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 9 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

എറണാകുളം വാളകം മാർ സ്റ്റീഫൻ ഹയർ സെക്കന്‍റി സ്കൂളിൽ ഹിന്ദി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയർ)-ന്‍റെ 3 തസ്തികകളും, മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങൾക്കായി എച്ച്.എസ്.എസ്.ടിയുടെ 3 തസ്തികകളും, രണ്ട് ലാബ് അസിസ്റ്റന്‍റ് തസ്തികകളും സൃഷ്ടിക്കും. ഒരു എച്ച്.എസ്.എസ്.ടി (ജൂനിയർ), ഇംഗ്ലീഷ് തസ്തിക അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചു.

താനൂര്‍ പാലം പുനര്‍നിര്‍മ്മാണത്തിന് ഭരണാനുമതി

താനൂര്‍ പാലം പുനര്‍നിര്‍മ്മാണത്തിന് 17.35 കോടി രൂപയുടെ ഭരണാനുമതി നല്‍കി. താനൂര്‍ ടൗണിലെ ഫിഷിങ്ങ് ഹാര്‍ബര്‍ പാലം നിര്‍മ്മാണം എന്ന പദ്ധതിക്ക് പകരം താനൂര്‍ പാലം പുനര്‍നിര്‍മ്മാണ പദ്ധതി എന്ന പ്രവൃത്തി പരിഗണിക്കാന്‍ തീരുമാനിച്ചു.

Also Read: ‘അറിവിന്റെ അന്വേഷണങ്ങള്‍ക്ക് പ്രായം തടസ്സമല്ലെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ കാര്‍ത്യായനിയമ്മക്ക് വിട’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കാലാവധി നീട്ടി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ 2023 മാര്‍ച്ച് 31 ശേഷവും പൂര്‍ത്തീകരിക്കാത്തവയുടെ കാലാവധിയും ഗുണനിലവാരം പരിശോധിക്കുന്നതിന് രൂപീകരിച്ച റിട്ട. സുപ്രണ്ടിങ്ങ് എജിനിയര്‍മാരുടെ കാലാവധിയും 2024 മാര്‍ച്ച് 31 വരെ നീട്ടി.

നിര്‍ദേശം അംഗീകരിച്ചു

ജില്ലാ പഞ്ചായത്തുകളുടെ 2022 – 23 വർഷത്തെ സ്പിൽ ഓവർ ബാധ്യത തീർക്കുന്നതിന് ഈ സാമ്പത്തിക വർഷം 200 ശതമാനത്തിൽ അധികം തുക മെയിന്‍റനന്‍സ് ഗ്രാന്‍റിനത്തിൽ ലഭ്യമായതും, ആകെ വിഹിതം ഒരു കോടി രൂപയിൽ അധീകരിച്ചുവരുന്നതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ 10 സ്ലാബുകളാക്കി തിരിക്കും. അനുവദിക്കപ്പെട്ട ഫണ്ടിൽ നിന്നും 10 മുതൽ 40 ശതമാനം വരെ തുക കുറവ് വരുത്തി 148.0175 കോടി രൂപ കണ്ടെത്തുന്നതിനുള്ള നിര്‍ദേശം അംഗീകരിച്ചു.

പി. ഗോവിന്ദപ്പിള്ള സംസ്കൃതി പഠന കേന്ദ്രം സ്ഥാപിക്കുന്നതിന് ഭൂമി

പി. ഗോവിന്ദപ്പിള്ള സംസ്കൃതി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തിരുവനന്തപും തൈക്കാട് ഭൂമി അനുവദിച്ചു. 8.01 ആര്‍ ഭൂമി സൗജന്യ നിരക്കായ ആര്‍ ഒന്നിന് പ്രതിവര്‍ഷം 100 രൂപ നിരക്കില്‍ പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിച്ചു.

എന്‍എച്ച്എഐയുടെ മേഖലാ കാര്യാലയം സ്ഥാപിക്കുന്നതിന് തിരുവനന്തപുരം ചെറുവക്കല്‍ വില്ലേജില്‍ 25 സെന്‍റ് ഭൂമി 1,38,92,736 രൂപ ന്യായ വില ഈടാക്കി പതിച്ചു നല്‍കാന്‍ തീരുമാനിച്ചു. നാഷണല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News