ചരിത്രത്തിന് പിന്നാലെ ശാസ്ത്രവും, പാഠപുസ്തകങ്ങളില്‍ നിന്നും പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിനെതിരെ ശാസ്ത്രലോകം

എന്‍സിഇആര്‍ടി സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധവുമായി ശാസ്ത്രലോകം. പത്താംക്ലാസിലെ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് 1800ലധികം ശാസ്ത്രജ്ഞരും അധ്യാപകരും ചേര്‍ന്ന് എതിര്‍പ്പ് പ്രകടിപ്പിക്കുകയും അധ്യായം പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഡാര്‍വിന്‍ സിദ്ധാന്തം നീക്കം ചെയ്തതില്‍ ആശങ്കയും അതൃപ്തിയും അറിയിച്ച് ബ്രേക്ക്ത്രൂ സയന്‍സ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കേന്ദ്ര സര്‍ക്കാരിന് ശാസ്ത്രകാരന്‍മാരും അധ്യാപകരും കത്ത് നല്‍കിയിരിക്കുന്നത്.

പത്താം ക്ലാസ് സയന്‍സ് പാഠപുസ്തകത്തില്‍ ‘പാരമ്പര്യവും പരിണാമവും’ എന്ന അധ്യായത്തിന് പകരം ‘പാരമ്പര്യം’ മാത്രമേ ഉണ്ടാകുവെന്ന് എന്‍സിഇആര്‍ടി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ‘പരിണാമം’, ‘സ്വീകരിച്ചതും പാരമ്പര്യമായി ലഭിച്ചതുമായ സ്വഭാവവിശേഷങ്ങള്‍’, ‘പരിണാമ ബന്ധങ്ങള്‍ കണ്ടെത്തല്‍’, ‘ഫോസിലുകള്‍’, ‘ഘട്ടങ്ങളിലൂടെയുള്ള പരിണാമം’, ‘പരിണാമം പുരോഗതിയുമായി തുലനം ചെയ്യപ്പെടരുത്’, ‘മനുഷ്യ പരിണാമം’ എന്നിവയാണ് ഒഴിവാക്കപ്പെട്ട വിഷയങ്ങളില്‍ ഉള്‍പ്പെടുന്നത്.

കൊവിഡ് കാലത്ത് സിലബസ് കുറയ്ക്കുന്നതിന്റെ ഭാഗമായി പത്താം ക്ലാസ് സയന്‍സ് പാഠപുസ്തകത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഡാര്‍വിന്‍ സിദ്ധാന്തം താല്‍ക്കാലികമായി നീക്കം ചെയ്തിരുന്നു. എന്നാല്‍ ‘കണ്ടന്റ് റേഷണലൈസേഷന്റെ’ ഭാഗമായി ഇപ്പോഴിത് പൂര്‍ണമായി നീക്കം ചെയ്തിരിക്കുകയാണെന്നും ബിഎസ്എസ് ചൂണ്ടിക്കാട്ടി.

ശാസ്ത്രത്തിലെ ഇത്തരം പ്രധാന കണ്ടെത്തലുകളും സിദ്ധാന്തങ്ങളും പാഠപുസ്തകങ്ങളില്‍നിന്ന് ഒഴിവാക്കപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ ചിന്താപ്രക്രിയകള്‍ക്ക് ഗുരുതര വൈകല്യങ്ങളുണ്ടാക്കുമെന്നും ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും കെട്ടിപ്പടുക്കുന്നതില്‍ പരിണാമ സിദ്ധാന്തത്തിനുള്ള പങ്ക് നിര്‍ണായകമാണ്.അതുകൊണ്ട് തന്നെ 9, 10 ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളില്‍ മതിയായ പ്രാധാന്യത്തോടെ ഇത് പഠിപ്പിക്കണമെന്നും അധ്യാപകരും ശാസ്ത്രജ്ഞരും ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News