യൂണിവേഴ്സിറ്റി കോളജ് മർദ്ദനം, കുറ്റാരോപിതരായ 4 വിദ്യാർഥികളെയും എസ്എഫ്ഐ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി

യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിൽ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ കുറ്റാരോപിതരായ 4 വിദ്യാർഥികളെയും എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി എസ്എഫ്ഐ നേതൃത്വം. എസ്എഫ്ഐയുടെ പാളയം ഏരിയാ കമ്മിറ്റിയാണ് സംഭവത്തിൽ കുറ്റാരോപിതരായ ആകാശ്, കൃപേഷ്, ആദിൽ, അമിഷ് എന്നീ വിദ്യാർഥികളെ എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കിയതായി പ്രസ്താവനയിലൂടെ അറിയിച്ചത്. SFI എന്നും വേട്ടയാടപ്പെട്ട മനുഷ്യരുടെ കൂടെയാണെന്നും ലക്ഷദ്വീപ് സ്വദേശി ആയ വിദ്യാർഥി നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും എസ്എഫ്ഐ പാളയം ഏരിയാ കമ്മിറ്റി അറിയിച്ചു.

സംഭവത്തിൽ എസ്എഫ്ഐ പാളയം ഏരിയാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവന പൂർണ രൂപത്തിൽ:

കഴിഞ്ഞ കുറച്ചു നാളുകളായി യൂണിവേഴ്സിറ്റി കോളേജിനെയും എസ് എഫ് ഐ യെയും തകർക്കുവാനുള്ള ഗൂഢനീക്കം ആണ് വലതുപക്ഷവും മാധ്യമങ്ങളും ഉൾപ്പെടെ നടത്തുന്നത് .ക്യാമ്പസിൽ നടക്കുന്ന രാഷ്ട്രീയേതര സംഘർഷങ്ങൾ പോലും എസ്എഫ്ഐയുടെ മുകളിൽ ചാർത്തി മാധ്യമ വേട്ടയാടലുകൾ ആണ് നടത്തുന്നത്. കഴിഞ്ഞദിവസം ഹോസ്റ്റലിൽ ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർഥിയെ മർദ്ദിച്ചതിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആരും തന്നെ ഇല്ല.

ALSO READ: കേന്ദ്ര സർക്കാരിൻ്റെ സെൻ്റർ ഓഫ് എക്സലൻസ് ആയി തിരുവനന്തപുരം ഗവ മെഡിക്കൽ കോളജിലെ എമർജൻസി മെഡിസിൻ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടു; മന്ത്രി വീണാ ജോർജ്

എന്നാൽ എസ്എഫ്ഐയുടെ മെമ്പർഷിപ്പിലുള്ള ആകാശ്, കൃപേഷ്, ആദിൽ, അമിഷ് എന്നിവർ സംഘർഷത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിദ്യാർഥികൾ നൽകിയ പരാതിയിൽ ഉണ്ട്. എസ്എഫ്ഐയുടെ മെമ്പർഷിപ്പ് കേഡർ മെമ്പർഷിപ്പ് അല്ല എന്നും കോൺടാക്ട് മെമ്പർഷിപ്പ് എന്നാണെന്നും ,മെമ്പർഷിപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന ആർക്കും മെമ്പർഷിപ്പ് നൽകുന്ന രീതിയാണ് SFI അവലംബിക്കുന്നത് എന്നും അറിയാത്തവർ അല്ല കേരളത്തിലെ മാധ്യമങ്ങളും വലതുപക്ഷവും.

എങ്കിലും കേരളത്തിലെ 16 ലക്ഷം മെമ്പർമാരിൽ 4 പേർ മാത്രമാണ് ഇവർ എന്ന തിരിച്ചറിവ് ഉണ്ടായിട്ടും SFI യുടെ അംഗത്വം മാത്രമുള്ള വിദ്യാർഥികളെ SFI നേതാക്കന്മാർ ആക്കി അവതരിപ്പിക്കുകയാണ്. SFI എന്നും വേട്ടയാടപ്പെട്ട മനുഷ്യരുടെ കൂടെയാണ്. വിദ്യാർഥി നൽകിയ പരാതിയിൽ ഉൾപെട്ട SFI അംഗങ്ങളായ ഈ 4 പേരെയും SFI യുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി അറിയിക്കുന്നു. ലക്ഷദ്വീപ് സ്വദേശി ആയ വിദ്യാർഥി നടത്തുന്ന നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായി SFI പാളയം ഏരിയാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News