ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും എസ് എഫ് ഐ പ്രതിഷേധം

കനത്ത സുരക്ഷാവലയത്തിലും കൊച്ചിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സി ആര്‍ പി എഫിന്റെയടക്കം സുരക്ഷ ഭേദിച്ച് കൊച്ചി കളമശ്ശേരിയില്‍ ഗവര്‍ണറെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. എന്നാല്‍ കൊല്ലത്ത് ചെയ്തത് പോലെ വാഹനത്തില്‍ നിന്നിറങ്ങാനോ, പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രോശത്തിനൊ ഗവര്‍ണര്‍ കൊച്ചിയില്‍ തുനിഞ്ഞില്ല.

സി ആര്‍ പി എഫി ന്റെയടക്കം കനത്ത സുരക്ഷാവലയം. ഇസഡ് പ്ലസ് സുരക്ഷയുടെ ഭാഗമായി ഗവര്‍ണറുടെ വാഹനത്തിന് മുന്നിലും പിന്നിലും സി ആര്‍ പി എഫ് സുരക്ഷാ ഭടന്മാര്‍. നെടുമ്പാശ്ശേരിയില്‍ നിന്നും കൊച്ചിയിലേക്കുള്ള വഴി നീളെ പൊലീസ്. എന്നാല്‍ പഴുതടച്ച സുരക്ഷയെ ഭേദിച്ച് പ്രഖ്യാപിച്ച സമരം വര്‍ദ്ധിച്ച ആവേശത്തോടെ തന്നെ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു കൊച്ചിയിലെ എസ് എഫ് ഐ പ്രവര്‍ത്തകര്‍. കളമശ്ശേരിക്കടുത്ത് മുട്ടത്ത് വച്ചാണ് ഗവര്‍ണര്‍ക്ക് നേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്. പെണ്‍കുട്ടികളടക്കം നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കാനെത്തി.

വൈകിട്ട് 6 മണിയോടെ തന്നെ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായി പ്രവര്‍ത്തകര്‍ ഒത്തുകൂടിയിരുന്നു. ഗവര്‍ണര്‍ എത്തുമെന്ന് അറിയിച്ചിരുന്ന ഏഴ് മണിയോടെ അറസ്റ്റ് ഭീഷണിയുമായി പൊലീസെത്തി. പ്രവര്‍ത്തകര്‍ പൊലീസുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഒരു സംഘം മറ്റൊരിടത്ത് വച്ച് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി വീശുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് ചെയ്തതുപോലെ വാഹനത്തില്‍ നിന്നിറങ്ങാനോ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രോശിക്കാനോ ഗവര്‍ണര്‍ മുതിര്‍ന്നില്ല.ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് എസ് എഫ് ഐ നേതാക്കള്‍ അറിയിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഗവര്‍ണര്‍ കൊച്ചിയില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News