കൊല്ലം എസ്എൻ കേളേജിന്റെ പേരിൽ പ്രചരിക്കുന്ന സദാചാര തിട്ടൂരത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. കോളേജിലെ ആസാദി കോർണറിൽ ഒന്നിച്ചിരുന്ന് പാട്ട് പാടിയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. കോളേജ് ടൂറിന് പോകുമ്പോൾ പാലിക്കേണ്ട സദാചാര വ്യവസ്ഥകൾ എന്ന പേരിൽ എസ്എൻ കോളേജ് ഗ്രൂപ്പിൽ വിദ്യാർത്ഥികളെ ആകെ അധിക്ഷേപിച്ച കുറിപ്പിന്റെ ഉറവിടം കണ്ടെത്തണമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ സാംസ്കാരിക പ്രതിഷേധം യുവാക്കളുടെ സൗഹൃദത്തിന്റെ സാഹോദര്യത്തിന്റെ ലിംഗ സമത്വത്തിൻ്റെ പ്രതിഷേധമാണെന്ന് ആസാദ് കോർണറിൽ ഒത്തുകൂടിക്കൊണ്ട് വിദ്യാർത്ഥികൾ വ്യക്തമാക്കി. വിദ്യ കൊണ്ട് പ്രബുദ്ധരാകുവാൻ പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലെ കോളേജിൽ ജാതിക്കും മതത്തിനും അപ്പുറമാണ് തങ്ങൾ എന്നും എന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ചില കോളേജ് പ്രൊഫസർമാരാണ് കോളേജ് ഗ്രൂപ്പിൽ വിവാദ കുറിപ്പ് പ്രചരിപ്പിച്ചതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
അതേസമയം സദാചാര കുറിപ്പിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും കുറിപ്പ് ലെറ്റർഹെഡിൽ അല്ലെന്നും എസ്എൻ കോളേജ് പ്രിൻസിപ്പൾ നിഷ ജെ തറയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. സദാചാരകുറിപ്പിനെ കുറിച്ച് അന്വേഷിക്കുമെന്ന് കോളേജ് പ്രിൻസിപ്പൾ അറിയിച്ചു.
എസ്എൻ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന സദാചാര സർക്കുലർ ലിംഗസമത്വത്തെ ചോദ്യം ചെയ്യുന്നതാണ്. പെൺകുട്ടികൾക്ക് സുരക്ഷിതവുമായ താമസസൗകര്യം നൽകും. നിശ്ചിത സമയം കഴിഞ്ഞാൽ അവരുടെ മുറികളുടെ വാതിലുകൾ പുറത്ത് നിന്ന് പൂട്ടും. എന്നിരുന്നാലും എമർജൻസി അലാറം അല്ലെങ്കിൽ കോൺടാക്റ്റ് ഫോണുകൾ നൽകും. വസ്ത്രധാരണത്തിനടക്കം നിയന്ത്രണം ഏർപ്പെടുത്തിയ മാർഗനിർദേശങ്ങൾക്കെതിരെയാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here