സംസ്ഥാനത്തെ ഐടിഐ യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും മിന്നും വിജയം ആവര്‍ത്തിച്ച് എസ് എഫ് ഐ. തെരഞ്ഞെടുപ്പ് നടന്ന 96 ല്‍ 83 യൂണിയനുകളും എസ് എഫ് ഐ നേടി. വിദ്യാഭ്യാസ മേഖലയിലെ കാവി വല്‍ക്കരണത്തിനെതിരായ എസ്എഫ്‌ഐ പോരാട്ടത്തിനുള്ള വിദ്യാര്‍ത്ഥികളുടെ പിന്തുണ കൂടിയാണ് ഈ വിജയം.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും, സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും, പോളിടെക്‌നിക് യൂണിയന്‍ തെരഞ്ഞെടുപ്പിലും നേടിയ ഉജ്ജ്വല വിജയം ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയാണ് എസ്എഫ്‌ഐ. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്ന 96 ഐടിഐകളില്‍ 83 ഇടങ്ങളും എസ്എഫ്‌ഐ മിന്നും വിജയം കൈവരിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടന്ന മുഴുവന്‍ ഐടിഐകളിലും എസ്എഫ്‌ഐ വെന്നിക്കൊടി പാറിച്ചു. കോഴിക്കോട് 12ല്‍ 11ഇടങ്ങളിലും, ഇടുക്കിയില്‍ 5ല്‍ 4ഉം, കണ്ണൂരില്‍ 10ല്‍ 9 ഇടത്തും, എറണാകുളത്ത് 7ല്‍ 4 ഐടിഐകളിലും മലപ്പുറത്ത് 6 ല്‍ 1 ഇടത്തും എസ്എഫ്‌ഐ യൂണിയന്‍ നേടി.
കളമശ്ശേരി, അമ്പലപ്പുഴ ഐടിഐകളില്‍ എസ്എഫ്‌ഐ യൂണിയന്‍ തിരിച്ചു പിടിച്ചപ്പോള്‍, കാസര്‍ഗോഡ് സീതാംഗോളി ഐടിഐയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍ സീറ്റില്‍ എസ്എഫ്‌ഐ വിജയിച്ചു.
ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കുന്നതിനെതിരെ വലിയ പോരാട്ടമാണ് എസ്എഫ്‌ഐ നടത്തുന്നത്.
എസ്എഫ്‌ഐയുടെ ഈ വിദ്യാര്‍ത്ഥി പക്ഷ നിലപാടിനുള്ള പിന്തുണ കൂടിയാണ് ഐടിഐ കളിലെ മിന്നും വിജയം. പ്രതിഷേധ സമരങ്ങള്‍ നടത്തുന്ന എസ്എഫ്‌ഐയെ, ക്രിമിനല്‍-ഗുണ്ടാ സംഘമെന്നാണ് ഗവര്‍ണര്‍ പലതവണയായി അധിക്ഷേപിച്ചത്. എന്നാല്‍, ഈ ഗുണ്ടാ സംഘം വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഹൃദയത്തിലാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ ഉജ്ജ്വല വിജയം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here