‘പാഠ്യ പദ്ധതികളെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണം’; വിമര്‍ശനവുമായി പി.എം ആര്‍ഷൊ

മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി നടപടിക്കെതിരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ആര്‍ഷോ ഫേസ്ബുക്കില്‍ കുറിച്ചു. മഹാത്മാ ഗാന്ധിയുടെ കൊലപാതകവും മുഗള്‍ ചരിത്രവും ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി നടപടിയെ തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സമയത്ത് തന്നെയാണ് മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ പേരും വെട്ടി മാറ്റാന്‍ സംഘപരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായി എന്‍.സി.ഇ.ആര്‍.ടി ശ്രമിക്കുന്നത്. രാഷ്ട്ര നിര്‍മ്മാണത്തിന്റെ മൗലികതയില്‍ സമഗ്രമായ സംഭാവനകള്‍ നല്‍കിയ മൗലാനാ ആസാദിനെ പോലുള്ള മഹത് വ്യക്തിത്വങ്ങളെ മുസ്ലീം നാമധാരിയാണ് എന്ന ഒറ്റ കാരണത്താലാണ് ചരിത്രത്തില്‍ നിന്നും പാഠഭാഗങ്ങളില്‍ നിന്നും ഒഴിവാക്കുന്നത്. പാഠ്യ പദ്ധതികളെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാനെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മതനിരപേക്ഷ ഇന്ത്യയുടെ കാവലാളും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുള്‍ കലാം ആസാദിന്റെ പേര് 11 -ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മഹാത്മാ ഗാന്ധിയുടെ കൊലപാതകവും മുഗള്‍ ചരിത്രവും ഒഴിവാക്കിയ എന്‍.സി.ഇ.ആര്‍.ടി നടപടിയെ തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സമയത്ത് തന്നെയാണ് മൗലാനാ അബ്ദുള്‍ കലാം ആസാദിന്റെ പേരും വെട്ടി മാറ്റാന്‍ സംഘപരിവാറിന്റെ ആജ്ഞാനുവര്‍ത്തികളായി എന്‍.സി.ഇ.ആര്‍.ടി ശ്രമിക്കുന്നത്. രാഷ്ട്ര നിര്‍മ്മാണത്തിന്റെ മൗലികതയില്‍ സമഗ്രമായ സംഭാവനകള്‍ നല്‍കിയ മൗലാനാ ആസാദിനെ പോലുള്ള മഹത് വ്യക്തിത്വങ്ങളെ മുസ്ലീം നാമധാരിയാണ് എന്ന ഒറ്റ കാരണത്താലാണ് ചരിത്രത്തില്‍ നിന്നും പാഠഭാഗങ്ങളില്‍ നിന്നും ഒഴിവാക്കുന്നത്. പാഠ്യ പദ്ധതികളെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി വേണം ഇതിനെ കാണാന്‍.

എന്നാല്‍ സംഘപരിവാര്‍ കുഴലൂത്ത് നടത്തുന്ന ഇത്തരം കാവി മനസുകള്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നതല്ല മൗലാനാ ആസാദിന്റെ ചരിത്രം. ഇന്ത്യയില്‍ ആദ്യമായി 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ പരിഷ്‌കരണം നടപ്പാക്കിയ വിദ്യാഭ്യാസ മന്ത്രിയായിരുന്നു മൗലാനാ ആസാദ്. ജാമിയ മിലിയ ഇസ്ലാമിയ വിദ്യാഭ്യാസ സ്ഥാപന രൂപീകരണത്തില്‍ മുഖ്യ പങ്കു വഹിച്ച, ഐ.ഐ.ടി കളുടെ പിതാവ് എന്ന് പരിഗണിക്കപ്പെടുന്ന രാഷ്ട്രീയ നേതാവ്. ടെക്‌നിക്കല്‍ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന്റെ അഭിമാനമായ അനേകം ടെക്‌നോക്രാറ്റുകളെ സൃഷ്ടിച്ച ഐ.ഐ.ടിക്ക് ആ പേരിന് അംഗീകാരം നല്‍കിയത് മൗലാനാ ആസാദ് ആയിരുന്നു. യുജിസിയുടെ അധികാര പരിധി മൂന്നു യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഇന്ത്യയിലെമ്പാടും വ്യാപിപ്പിച്ച ഒഞഉ മന്ത്രിയായിരുന്നു മൗലാനാ ആസാദ്. പില്‍ക്കാലത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആയി മാറിയ ഡല്‍ഹിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആവിഷ്‌ക്കരിച്ചത് അദ്ദേഹത്തിന്റെ വീക്ഷണമായിരുന്നു.

വിദ്യാഭ്യാസം ഇന്ത്യന്‍ പൗരന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ച – രാഷ്ട്ര നിര്‍മ്മാണത്തിലും വ്യക്തി വികാസത്തിലും വിദ്യാഭ്യാസത്തിന്റെ പങ്ക് തിരിച്ചറിഞ്ഞ് അതിനെ പരിപോഷിപ്പിച്ച – മൗലാനാ ആസാദ് ഹിന്ദു – മുസ്ലിം ഐക്യത്തിന് വേണ്ടി നിലകൊള്ളുകയും ഇന്ത്യാ-പാക് വിഭജനത്തെ എതിര്‍ക്കുകയും ചെയ്ത അടിയുറച്ച മതനിരപേക്ഷ വാദിയായിരുന്നു. അങ്ങനെ ഇന്ത്യ ഒരിക്കലും മറക്കപ്പെടാന്‍ പാടില്ലാത്ത ഒരു പേരാണ് NCERT പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്.
നിയമനിര്‍മ്മാണ സഭയുടെ കീഴില്‍ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന ഫെലോഷിപ്പ് നിര്‍ത്തലാക്കിയിരുന്നു. ഈ ഫെലോഷിപ്പ് ബുദ്ധമതക്കാര്‍ , ക്രിസ്ത്യാനികള്‍, മുസ്ലീങ്ങള്‍, ജൈനന്മാര്‍, പാഴ്‌സികള്‍ , സിഖുകാര്‍ എന്നീ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടി ആയിരുന്നു എന്നത് മനസിലാക്കണം. 10 കൊല്ലം ബ്രിട്ടീഷ് തടവറയില്‍ കഴിഞ്ഞ സ്വാതന്ത്ര്യ സമര പോരാളിയെയാണ് സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്ത ഭീരുക്കള്‍ ഇന്ന് ചരിത്രത്തില്‍ നിന്ന് വെട്ടി മാറ്റാന്‍ ശ്രമിക്കുന്നത്. സവര്‍ക്കറിന്റെ പിന്‍മുറക്കാര്‍ ഓര്‍ക്കേണ്ടത് അദ്ദേഹത്തിന്റെ പേര് ആസാദ് എന്നാണ് അതായത് സ്വാതന്ത്ര്യം. മാപ്പ് എന്നല്ല. ആ പേര് എത്ര കണ്ട് വെട്ടി മാറ്റാന്‍ ശ്രമിച്ചാലും ഇന്ത്യയുള്ള കാലത്തോളം തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും.

പി എം ആര്‍ഷൊ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News