എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ പുറത്താക്കി

എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ പുറത്താക്കി. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യുയുസി ലിസ്റ്റ് മാറിയതുമായി ബന്ധപ്പെട്ടാണ് നടപടി. വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളില്‍ നിന്നും പുറത്താക്കുന്നുവെന്നും എസ്എഫ്‌ഐ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജില്‍ നിന്ന് യൂണിവേഴ്സിറ്റിയിലേക്ക് അയച്ച യുയുസി ലിസ്റ്റിലുള്ളതെന്ന് അറിഞ്ഞിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളില്‍ അറിയിക്കുന്നതിനോ വിശാഖ് തയ്യാറായില്ലെന്നും എസ്എഫ്‌ഐ ചൂണ്ടിക്കാട്ടി.

വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ പറഞ്ഞു. വിഷയത്തില്‍ എസ്എഫ്‌ഐ ഒരു ഇടപെടലും നടത്തിയിട്ടില്ല. നിലവില്‍ എല്ലാ സീറ്റിലും വിജയിച്ചു വരുന്നതിന് ആവശ്യമായ കൗണ്‍സിലര്‍മാര്‍ എസ്എഫ്‌ഐക്ക് ഉണ്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും തിരുത്തുന്നതിന് ആവശ്യമായ ഒരു ഇടപെടലും വിശാഖ് നടത്തിയില്ല. അതാണ് നടപടിക്ക് കാരണം. പ്രിന്‍സിപ്പല്‍ എന്തുകൊണ്ട് വിശാഖിന്റെ പേര് മുന്നോട്ടുവച്ചു എന്നതില്‍ സമഗ്രമായ അന്വേഷണം വേണം.
വിശദമായ അന്വേഷണത്തിന് സര്‍വ്വകലാശാല തയ്യാറാവണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു.

കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചയാളെ വെട്ടി എസ്എഫ്‌ഐ നേതാവിനെ തിരുകികയറ്റിയെന്നായിരുന്നു ആക്ഷേപം. സംഭവത്തില്‍ കെ.എസ്.യു ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കോളേജ് അധികൃതര്‍ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ ലിസ്റ്റിലാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ച അനഘക്ക് പകരം എ.വിശാഖിന്റ പേര് നല്‍കിയത്. വിവാദത്തെ തുടര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. വിസിയും രജിസ്ട്രാറും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ബുധനാഴ്ചയായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News