‘കെഎസ്‌യുവും എംഎസ്‌എഫും ഭരിച്ചത് കേട്ടാല്‍ അറയ്‌ക്കുന്ന സ്‌ത്രീവിരുദ്ധ സമീപനത്തിലൂടെ’; മാനന്തവാടി എഞ്ചിനീയറിങ് കോളേജിലെ എസ്‌എഫ്‌ഐയുടെ വിജയത്തില്‍ അപര്‍ണ ഗൗരി

അഭിമുഖം : അപര്‍ണ ഗൗരി \ സുബിന്‍ കൃഷ്‌ണശോഭ് 

ണ്ട് പതിറ്റാണ്ടിന് ശേഷം മാനന്തവാടി ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളേജില്‍ ഭരണത്തിലേറിയിരിക്കുകയാണ് എസ്‌എഫ്‌ഐ. കോളേജ് യൂണിയനിലെ ആകെയുള്ള 16 സീറ്റുകളില്‍ ചെയര്‍മാന്‍ അടക്കമുള്ള 12 പ്രധാന സീറ്റുകള്‍
നേടിയാണ് സംഘടനയുടെ തിളക്കമാര്‍ന്ന വിജയം. എസ്‌എഫ്‌ഐയുടെ സംഘടനാപ്രവര്‍ത്തനകള്‍ക്ക് ഭ്രഷ്‌ട്‌ കല്‍പ്പിക്കുകയും പുരുഷ മേധാവിത്വ സമീപനം സ്വീകരിക്കുകയും ചെയ്‌ത കെഎസ്‌യു – എംഎസ്‌എഫ് കൂട്ടുകെട്ടിലുള്ള യുഡിഎസ്‌എഫ് ഭരണം തുടച്ചുനീക്കിയാണ് ഇടത് വിദ്യാര്‍ഥി പ്രസ്ഥാനത്തെ കലാലയം നെഞ്ചേറ്റിയത്. ഇതേ കോളേജിലെ ഭരണം കൈയ്യാളിയിരുന്ന ആണ്‍കൂട്ടമാണ്, എസ്‌എഫ്‌ഐയുടെ മാതൃകം വനിത കൂട്ടായ്‌മക്ക് നേതൃത്വം നല്‍കാനെത്തിയ ജില്ലാ നേതാവ് അപര്‍ണ ഗൗരിയെ കലാലയത്തിന്‍റെ പടിക്കല്‍വച്ച് തടഞ്ഞുനിര്‍ത്തിയതും അതിനെ മറികടന്ന് അവര്‍ മുന്നോട്ടുപോയതും.

പുറമെയാണ്, മേപ്പാടി പോളിടെക്‌നിക്ക് കോളേജിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കവെ കെഎസ്‌യു – എംഎസ്‌എഫ് ലഹരി സംഘം അപര്‍ണയെ ക്രൂരമായി ആക്രമിച്ചത്. മാനന്തവാടി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്ഐയുടെ മിന്നുംവിജയത്തിന്‍റെ പശ്ചാത്തലത്തില്‍ സംഘടന ജില്ല ജോയിന്‍റ് സെക്രട്ടറി കൂടിയായ അപര്‍ണ ഗൗരി കൈരളി ന്യൂസിനോട് സംസാരിക്കുന്നു.

എസ്‌എഫ്‌ഐയ്‌ക്ക് ഭ്രഷ്‌ട് കല്‍പ്പിച്ചിരുന്ന ഒരു കലാലയത്തിലെ തിളക്കമാര്‍ന്ന വിജയത്തെ സംഘടനയുടെ ജില്ല നേതാവ് എന്ന നിലയില്‍ അപര്‍ണ എങ്ങനെ നോക്കിക്കാണുന്നു ?

എസ്‌എഫ്‌ഐ വളരെ പ്രയാസപ്പെട്ട് സംഘടനാപ്രവര്‍ത്തനം നടത്തിയ കലാലയമാണ് മാനന്തവാടി ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളേജ്. എസ്‌എഫ്‌ഐയുടെ വിദ്യാര്‍ഥിപക്ഷ നിലപാടിന്‍റേയും ചോര ചിന്തിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിന്‍റേയും ഫലമാണ് ഈ വിജയം. എസ്‌എഫ്‌ഐ പ്രവര്‍ത്തകരായി എന്നതിന്‍റെ പേരില്‍ മാത്രം അനേകം വിദ്യാര്‍ഥികള്‍ നിരന്തരം ആക്രമിക്കപ്പെട്ട ചരിത്രം കൂടി പേറുന്ന കലാലയമാണ് മാനന്തവാടി എഞ്ചിനീയറിങ് കോളേജ്. പുറമെ സോഷ്യല്‍ മീഡിയിലടക്കം പ്രവര്‍ത്തകര്‍ പലപ്പോ‍ഴായി അപമാനിക്കപ്പെട്ടു. വയനാട്ടിലെ മറ്റ് കലാലയങ്ങളെപ്പോലെ അല്ല ആ ക്യാംപസ്‌. അവിടെ സംഘടനാപ്രവര്‍ത്തനം എന്നത് എസ്‌എഫ്‌ഐക്ക് ബാലികേറാമലയായിരുന്നു. ജനാധിപത്യ ധ്വംസനം നടന്ന ക്യാംപസില്‍ എസ്‌എഫ്‌ഐയ്‌ക്ക് വലിയ വിലക്കുണ്ടായിരുന്നു. സംഘടനാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഈ കോളേജിലേക്ക് എത്തിയ സഖാക്കളെ കൊലപ്പെടുത്താന്‍ വരെ ശ്രമമുണ്ടായിട്ടുണ്ട്. മാനന്തവാടി ആശുപത്രിയിലെ ഒരു വാര്‍ഡ് എസ്‌എഫ്‌ഐക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന രൂപത്തില്‍ വരെ സംഘടനയ്‌ക്കെതിരായി പരിഹാസം ഉയര്‍ന്നിരുന്നു. അത്രത്തോളം മര്‍ദനം ഈ സംഘടനയിലെ പ്രവര്‍ത്തകര്‍ക്കെതിരായി കെഎസ്‌യു – എംഎസ്‌എഫ്‌ സഖ്യം നടത്തി എന്നത് വസ്‌തുതയാണ്. അവരുടെ വിദ്യാര്‍ഥി വിരുദ്ധ സമീപനമാണ് സംഘടനയ്‌ക്ക് ഈ വിജയം ലഭിക്കാന്‍ ഇടയാക്കിയത്.

എന്തൊക്കെ പ്രശ്‌നങ്ങളാണ് കെഎസ്‌യു – എംഎസ്‌എഫ് സഖ്യത്തില്‍ നിന്നും മാനന്തവാടി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്നത് ?

എസ്‌എ‍ഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കൊലപാതക ശ്രമം ഉണ്ടായതുപോലെ പലപ്പോ‍ഴായി ക്രൂരമായ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. ഈ കോളേജില്‍ എസ്‌എഫ്‌ഐയില്‍ പ്രവര്‍ത്തിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുപോലെ സ്വകാര്യ ഭാഗങ്ങളിലടക്കം മര്‍ദനമേറ്റിട്ടുണ്ട്. അത്രയ്‌ക്കും മനുഷ്യത്വവിരുദ്ധമായ, വിദ്യാര്‍ഥി വിരുദ്ധമായ സമീപനമാണ് കെഎസ്‌യു – എംഎസ്‌എഫ്‌ സഖ്യം ഈ കലാലയത്തില്‍ സ്വീകരിച്ചത്.

വലിയ തോതില്‍ പുരുഷ മേധാവിത്വ രീതിയാണ് കെഎസ്‌യു – എംഎസ്‌എഫ് കൂട്ടുകെട്ട് സ്വീകരിച്ചതെന്ന് കേട്ടിട്ടുണ്ട്. എന്തൊക്കെയായിരുന്നു അവ. അപര്‍ണയ്‌ക്ക് ഉണ്ടായ അനുഭവവും വിവരിക്കുമോ ?

മാനന്തവാടി എഞ്ചിനീയറിങ് കോളേജ് യൂണിയന്‍ നേരത്തേ ഭരിച്ച യുഡിഎസ്‌എഫ് പൂര്‍ണമായും പുരുഷമേധാവിത്വ സമീപനമാണ് സ്വീകരിച്ചത്. പെണ്‍കുട്ടി എന്നത് വീടിനകത്ത് മാത്രം ഇരിക്കേണ്ടവളും പുരുഷന്‍റെ പുതപ്പിനകത്ത് മാത്രം ക‍ഴിയേണ്ടവളുമാണെന്ന് പരസ്യമായി പറഞ്ഞ് നടക്കുന്ന ആണ്‍കൂട്ടമായിരുന്നു കോളേജ് യൂണിയനിലടക്കം ഉണ്ടായിരുന്നത്. കെഎസ്‌യു – എംഎസ്‌എഫ് സംഘടനകളില്‍ പെണ്‍കുട്ടികള്‍ക്ക് യാതൊരു സ്വാധീനവുമില്ലാത്ത സ്ഥിതിയാണ് മാനന്താവാടി എഞ്ചിനീയറിങ് കോളേജിലുണ്ടായിരുന്നത്. ഈ കലാലയത്തില്‍ വലിയ തോതില്‍ സ്‌ത്രീവിരുദ്ധത കൊടികുത്തിവാണ ഘട്ടത്തിലാണ് എസ്‌എഫ്‌ഐ മാതൃകം വനിത കൂട്ടായ്‌മ ഇടപെട്ടതും ഈ കമ്മിറ്റി സജീവമാക്കാന്‍ സംഘടന മുന്നോട്ടുവന്നതും. മാതൃകം സംഘടനയുടെ പുതുതായി രൂപീകരിച്ച കമ്മിറ്റി ഉദ്ഘാടനം ചെയ്യാന്‍ പോയ സമയത്ത് യുഡിഎസ്‌എഫ്‌ ആണ്‍കൂട്ടം കോളേജ് കവാടത്തിന്‍റെ മുന്‍പില്‍ നില്‍ക്കുകയും വലിയ ഭീഷണി ഉയര്‍ത്തുകയുമുണ്ടായി. ആ കലാലയത്തിലെ എസ്‌എഫ്‌ഐ വനിത സഖാക്കളെ തങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്‌തതെന്ന് ചെന്ന് ചോദിച്ചുനോക്ക് എന്ന രൂപത്തില്‍ തരംതാ‍ഴ്‌ന്ന സംസാരം വരെ അന്നുണ്ടായി. അതിനെയൊക്കെ സംഘടന മറികടന്നതിന്‍റെ ഫലമാണ് ഈ വിജയം.

20 വര്‍ഷത്തിന് ശേഷമുള്ള തിളക്കമാര്‍ന്ന വിജയമാണ് എസ്‌എഫ്‌ഐക്ക് വിദ്യാര്‍ഥികള്‍ സമ്മാനിച്ചത്. സംഘടനയെ അധികാരത്തിലേറ്റാന്‍ ഇടയാക്കിയ ഘടകങ്ങള്‍ എന്തെല്ലാമാണ് ?

ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികളുടേയും പെണ്‍കുട്ടികളുടേയുമടക്കം വിഷയങ്ങളില്‍ കൃത്യമായി ഇടപെടാന്‍ എസ്‌എഫ്‌ഐക്ക് ക‍ഴിഞ്ഞു. ലിംഗനീതി ഉറപ്പാക്കുന്ന തരത്തില്‍ ഫലവത്തായി പ്രവര്‍ത്തിക്കാന്‍ സംഘടനക്കായി. അങ്ങേയറ്റം സ്‌ത്രീവിരുദ്ധമായ രീതി വച്ചുപുലര്‍ത്താന്‍ ഈ നൂറ്റാണ്ടില്‍ അനുവദിക്കില്ലെന്ന് എസ്‌എഫ്‌ഐ ആ കലാലയത്തില്‍ തീര്‍ത്തുപറഞ്ഞു. ഇത്തരത്തില്‍ സംഘടന നടത്തിയ ധീരമായ ഇടപെടലിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ എസ്‌എഫ്‌ഐക്ക് വലിയ വിജയം സമ്മാനിച്ചത്. കലാലയത്തിലെ പെണ്‍കുട്ടികളടക്കമുള്ളവര്‍ക്ക് സുരക്ഷിത ബോധം നല്‍കാന്‍ എസ്‌എഫ്‌ഐക്ക് ക‍ഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ തിരിഞ്ഞാല്‍ അതിനെ പ്രതിരോധിക്കാന്‍ എസ്‌എഫ്‌ഐ എന്നൊരു സംഘടനയുണ്ടെന്ന് യുഡിഎസ്‌എഫിന് മനസിലാക്കിക്കൊടുക്കാന്‍ സംഘടനയ്‌ക്കായി. അതടക്കമുള്ള കാര്യങ്ങളാണ് വിജയത്തിന് ഇടയാക്കിയത്. എസ്‌എഫ്ഐയില്‍ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ പെണ്‍കുട്ടികളെ വലിയ രൂപത്തില്‍ യുഡിഎസ്‌എഫ് സംഘം ബുദ്ധിമുട്ടിച്ചിരുന്നു. വീട്ടിലേക്ക് വിളിച്ചുപറയുകയും പഠനം വരെ പാതിവ‍ഴിയില്‍ നിര്‍ത്തിക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കാനും അവര്‍ക്കായി. അത്തരം സാഹചര്യങ്ങള്‍ക്കാണ് എസ്‌എഫ്‌ഐയുടെ വിജയത്തിലൂടെ അറുതി വന്നിരിക്കുന്നത്.

എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് എസ്‌എഫ്‌ഐ അവിടെ നടത്തിയത് ? പ്രധാനപ്പെട്ടവ എടുത്ത് പറയുമോ ?

ആ ക്യാംപസിന്‍റെ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലടക്കം സജീവമായി ഇടപെടാന്‍ എസ്‌എഫ്‌ഐയ്‌ക്ക് ക‍ഴിഞ്ഞു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള രാപകല്‍ സമരം, ആണ്‍കുട്ടികളുടെ ഹോസ്റ്റലുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റത്തിനെതിരെയുള്ള കുത്തിയിരുപ്പ് സമരം എന്നിവ സംഘടിപ്പിക്കാനും എസ്‌എഫ്‌ഐയ്‌ക്കായി. അത്തരത്തില്‍ നിരവധി വിഷയങ്ങളില്‍ വിദ്യാര്‍ഥിപക്ഷ നിലപാട് സ്വീകരിക്കാന്‍ സംഘടനയ്‌ക്ക് ക‍ഴിഞ്ഞു.

ലഹരി സംഘത്തിനെതിരെ മുന്നോട്ടുവന്നതിനെ തുടര്‍ന്ന് മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ വച്ച് അപര്‍ണയ്‌ക്കുണ്ടായ ആക്രമണം ഞെട്ടിക്കുന്നതായിരുന്നു. ഈ ആക്രമണത്തിന്‍റെ അവശതകള്‍ പൂര്‍ണമായും മാറിയോ ?

അന്നത്തെ ആക്രമണത്തിന് ശേഷം കാ‍ഴ്‌ചയ്‌ക്ക് വലിയ രൂപത്തില്‍ പരിമിധി വന്നിട്ടുണ്ട്. ആ സംഭവത്തിന് ശേഷം ഇടയ്‌ക്ക് അപസ്‌മാരം അനുഭവപ്പെടുന്നുണ്ട്. എനിക്ക് നേരെ മേപ്പാടി പോളി ടെക്‌നിക്കിലുണ്ടായ ആക്രമണത്തിന് ശേഷം മാനന്തവാടി എഞ്ചിനീയറിങ് കോളേജില്‍ വ‍ഴി തടഞ്ഞ യുഡിഎസ്‌എഫ്‌ ആണ്‍കുട്ടവും സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചിരുന്നു. തങ്ങള്‍ക്ക് കൊടുക്കാന്‍ ക‍ഴിയാത്തത് മേപ്പാടി കോളേജിലെ യുഡിഎസ്‌എഫുകാര്‍ കൊടുത്തുവെന്ന തരത്തില്‍ പ്രചാരണം നടത്തി. ഇതിനെതിരെ എഞ്ചിനീയറിങ് കോളേജില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വലിയ മര്‍ദനമാണ് ഏറ്റത്.

മേപ്പാടി പോളി ടെക്‌നിക് കോളേജില്‍ മാരക ലഹരിമരുന്ന് ഉപയോഗിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവരെ പൂര്‍ണമായും പ്രതിരോധിക്കാന്‍ എസ്‌എഫ്‌ഐക്ക് ക‍ഴിഞ്ഞോ ?

ലഹരിമാഫിയയെ നിരന്തരം പ്രതിരോധിക്കാന്‍  എസ്‌എഫ്‌ഐക്ക് ക‍ഴിഞ്ഞിട്ടുണ്ട്. മേപ്പാടി പോളി ടെക്‌നിക്കിന്‍റെ കാര്യം പരിശോധിക്കുകയാണെങ്കില്‍ വലിയ തോതില്‍ കലാലയത്തില്‍ നിന്നും ലഹരി ഇല്ലായ്‌മ ചെയ്യാന്‍ എസ്‌എഫ്‌ഐയുടെ ഇടപെടലിലൂടെ ക‍ഴിഞ്ഞിട്ടുണ്ട്. കെഎസ്‌യു – എംഎസ്‌എഫ്‌ സഖ്യം വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിച്ച് നല്‍കാന്‍ ഇപ്പോ‍ഴും ശ്രമം നടത്തുന്നുണ്ട്. തടുക്കാന്‍ എസ്‌എഫ്‌ഐ നിരന്തരം ഇടപെടുമ്പോ‍ഴാണ്
യുഡിഎസ്‌എഫ്‌ ഈ രൂപത്തില്‍ പ്രവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News