ഷാല്‍ പുത്തലന്‍; വയനാടിന്റെ സങ്കടത്തിന് ഒരു വ്യാഴവട്ടം, തുര്‍ക്കിക്കും

വയനാട്ടില്‍ ഒരു തുര്‍ക്കിയുണ്ട്. മഹാ കയങ്ങളില്‍, ആഴം തൊടാനാവാത്ത അടിത്തട്ടില്‍, ജലപ്രവാഹങ്ങളെ, അടിയൊഴുക്കുകളെ ഭേദിച്ച് നടക്കുന്ന ചില മനുഷ്യര്‍ പാര്‍ക്കുന്ന പ്രദേശമാണത്.

അതിനരികിലാണ് ഒരു പുഴയൊഴുകുന്നത്. കഠിന വര്‍ഷങ്ങളില്‍ അതിനപ്പുറമിപ്പുറവും നീന്തിക്കടന്ന അതി സാഹസികരായ അതിന്റെ കരയിലെ ചില മനുഷ്യര്‍ ഒരിക്കല്‍ ഒരു തീരുമാനമെടുത്തു. ഒരു ജീവന്‍ രക്ഷാ സമിതി.

പുഴയിലും ഡാമുകളിലും നദികളിലും ആഴങ്ങളില്‍ പെട്ടുപോവുന്നവരെ നീന്തിപ്പോയ് രക്ഷാ കരങ്ങള്‍ നീട്ടുവാന്‍ ഒരു കൂട്ടം മനുഷ്യരെ സജ്ജമാക്കുക. അവര്‍ക്ക് പരിശീലനം നല്‍കുക.

* 1990

1990ല്‍ ബാവ അഹമ്മദ് പ്രസിഡന്റായും ഷാല്‍ പുത്തലന്‍ സെക്രട്ടറിയുമായി ഒരു സന്നദ്ധ സംഘം രൂപം കൊണ്ടു. തുര്‍ക്കി കുഞ്ഞഹമ്മദ്, മുഹമ്മദ് ബല്യാപ്പു, പുത്തലന്‍ ഉസ്മാന്‍ എന്നിവരായിരുന്നു അതിന്റെ നേതൃത്വത്തില്‍ ആദ്യകാലങ്ങളില്‍. വയനാടിന്റെ നിഗൂഢമായ ആഴങ്ങളിലേക്ക് അവര്‍ നീന്തിപ്പോയി. പിന്നീടിത്രകാലമായ് അവര്‍ രക്ഷിച്ച ജീവനുകള്‍ പലത്. ഒരോര്‍മപോലും ഇല്ലെന്ന് കരുതിയ ചുഴികള്‍ മറികടന്ന്
അവശേഷിച്ച ശരീരങ്ങളുമായി അവര്‍ തിരിച്ചുവന്ന വഴികളും ഒരുപാട്. തുര്‍ക്കി ജീവന്‍ രക്ഷാ സമിതി വയനാട് ആദ്യം വിളിക്കുന്ന ആശ്രയമായി മാറിയതും പെട്ടെന്ന്.

അതിന് പിന്നീട് ഒരു നേതാവുണ്ടായി.അയാളുടെ പേര് ഷാലിക്ക എന്നായിരുന്നു. മുഴുവന്‍ പേര് ഷാല്‍ പുത്തലന്‍!

* 2012 ഓഗസ്റ്റ് 20.അയാളെ നഷ്ടപ്പെട്ട ദിവസം

വെണ്ണിയോട് പുഴ ഒരു മഴയിലും ഒഴുകാത്ത വിധത്തില്‍ അന്നൊഴുകി. അന്നുണ്ടായ ഒരു അപകടത്തില്‍ ഷാലിക്കക്ക് ആഴങ്ങളില്‍ നിന്ന് തിരിച്ചുവരാനായില്ല.അനേകം നിലവിളികള്‍ക്ക് മുന്‍പിലേക്ക് എടുത്തുചാടിയ അയാള്‍ പുഴയുടെ ആഴങ്ങളില്‍പ്പെട്ടു. ഏറ്റവുമാദ്യം നീന്തിയെത്തുന്ന അയാളെ നഷ്ടപ്പെട്ടുവെന്ന് ആരും വിശ്വസിച്ചില്ല. അത്രയും കഠിനമായ ഒരു ദുഖത്തില്‍ അയാളെ പിന്നീട് ഓര്‍മിക്കേണ്ടിവരുമെന്നും ആരും കരുതിയില്ല.

* ഷാല്‍ പുത്തലന്‍ എന്ന ഊര്‍ജ്ജം

ദുരന്ത സ്ഥലങ്ങളിലെ പരിശീലനം, പുഴകളിലും കുത്തൊഴുക്കുകളിലും രക്ഷാപ്രവര്‍ത്തനം എന്നിങ്ങനെ ഒരു തലമുറക്ക് ഷാല്‍ അതിജീവന പാഠം പകര്‍ന്നുനല്‍കിയിരുന്നു അക്കാലത്തിനിടെ. ഷാല്‍ പുത്തലന്‍ വിടപറഞ്ഞ് ഒരു ദിവസം കഴിയും മുന്‍പേ അതെ പുഴയില്‍ നടന്ന മറ്റൊരപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ കുതിച്ചുചാടിയവരാണ് അയാള്‍ വളര്‍ത്തിയ പോരാളികള്‍. ഷാലിനെ നഷ്ടപ്പെട്ട പുഴയില്‍ പിന്നീടും അപകടങ്ങളുണ്ടായി അവര്‍ അതേ പുഴയില്‍ പിന്നെയും ജീവനുകള്‍ക്കായി ഇറങ്ങി. കാരാപ്പുയിലും ബാണാസുരയിലും എന്നിങ്ങനെ അവര്‍ നീന്തിയെത്താത്ത കഠിന കയങ്ങളില്ല വയനാട്ടില്‍.

* കടലുണ്ടി ട്രെയിന്‍ ദുരന്തം

2001 ജൂണ്‍ 22 ന് കടലുണ്ടി റെയില്‍വേ പാലത്തില്‍ 59 പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി അപകടം നടന്നപ്പോള്‍ വയനാട്ടില്‍ നിന്ന് കുതിച്ചെത്തിയ ഒരു കൂട്ടം മനുഷ്യരുടെ പേരും തുര്‍ക്കിജീവന്‍ രക്ഷാ സമിതി എന്നായിരുന്നു.

അപകട സ്ഥലങ്ങളില്‍ തുര്‍ക്കി എന്ന പേര് ഒരു സാധാരണ വാര്‍ത്തയായി പിന്നീട് മാറി.ചുമട്ടു തൊഴിലാളിയും ഓട്ടോ ഡ്രൈവറും തുടങ്ങി അവര്‍ അതി സാധാരണ മനുഷ്യരായിരുന്നു. പണി പാതിക്ക് നിര്‍ത്തി ഓടിപ്പോയി പുഴയില്‍ ചാടിയ ആ മനുഷ്യര്‍ പറയുന്നത് ഇതായിരിക്കും.

`ഒരു മിനിട്ട് നേരത്തേ എത്തിയാല്‍ ഒരു പക്ഷേ..’

അത് ഷാല്‍ പുത്തലന്‍ എന്ന മനുഷ്യന്‍ പകര്‍ന്ന ആദര്‍ശമായിരുന്നു. അയാള്‍ ഇന്നും ഓര്‍മിക്കപ്പെടുന്നു. ആ ഓര്‍മക്ക് 12 വര്‍ഷങ്ങളായിരിക്കുന്നു. മറ്റൊരു പെരുമഴക്കാലത്ത്, ഇരുള്‍ മൂടിയ ആകാശത്തിന് കീഴില്‍ സദാ ജാഗ്രതയില്‍ തുര്‍ക്കി ബസാറിലെ പോരാളികളുണ്ട്. അവരുടെ പ്രിയപ്പെട്ട ആ മനുഷ്യന്റെ ഓര്‍മയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News