വൈകല്യത്തെ വെല്ലുവിളിച്ച് സ്വപ്നത്തിലേക്ക് നടന്നുകയറി ഷഫീഖ് പാണക്കാടൻ

ശാരീരിക പരിമിതികളെ മറികടന്ന് വിജയങ്ങൾ നേടുക എന്നത് വലിയൊരു കാര്യമാണ്. സമൂഹം ദൈന്യതയോടെ നോക്കുമ്പോൾ അവയെ വകവെക്കാതെ വിജയങ്ങളിലേക്ക് നടന്നുകയറാനുള്ള നിശ്ചയദാർഢ്യം എല്ലാവർക്കും ഒരുപോലെ ഉണ്ടാകില്ല. എന്നാൽ ഷഫീഖ് പാണക്കാടന് അത്തരത്തിൽ അപാരമായൊരു മനഃസാന്നിധ്യമുണ്ട്. ശാരീരിക വൈകല്യത്തെ അതിജീവിച്ച് തന്റെ ഒരു സ്വപ്നത്തിലേക്ക് സദൈര്യം നടന്നുകയറിയിരിക്കുകയാണ് മലപ്പുറം സ്വദേശി ഷഫീഖ് പാണക്കാടൻ.

ഒറ്റക്കാലിൽ മക്കയിലെ ജബൽ അൽ നൂർ മല നടന്നുകയറിയിരിക്കുകയാണ് ഷഫീഖ്. രണ്ടായിരത്തിലേറെ അടി ഉയരമുള്ള മലയാണ് ജബൽ അൽ നൂർ. പ്രവാചകനായ മുഹമ്മദ് നബിക്ക് ദിവ്യ സന്ദേശം ലഭിച്ചെന്ന് കരുതപ്പെടുന്ന ഹിറാഗുഹ സ്ഥിതി ചെയ്യുന്ന മല. സാധാരണ സമയങ്ങളിൽ പോലും ജബൽ അൽ നൂർ മലകയറ്റം കഠിനമാണ്. പക്ഷെ ആ കഠിനമായ പ്രവൃത്തിയെ തന്റെ നിശ്ചയദാർഢ്യം കൊണ്ട് കീഴടക്കിയിരിക്കുകയാണ് ഷഫീഖ്. ഒന്നേമുക്കാൽ മണിക്കൂർ കൊണ്ടാണ് ഷഫീഖ് ഒറ്റക്കാലിൽ മലകയറിയത്. ഉംറ നിർവഹിക്കാൻ മക്കയിലെത്തിയപ്പോളായിരുന്നു ഷഫീഖിന്റെ മലകയറ്റം.

2004ൽ ലോറി ഇടിച്ചുണ്ടായ ഒരു അപകടത്തിലാണ് ഷഫീഖിന് ഒരു കാൽ നഷ്ടമായത്. എന്നാൽ ഷഫീഖ് തളർന്നുനിൽക്കാൻ തയ്യാറായിരുന്നില്ല. ജീവിതത്തോട് പോരാടി. അത്തരത്തിൽ വയനാട് ചുരവും റാസൽഖൈമയിലെ ജബൽ ജൈസ് പർവതവും നടന്നുകയറി ഷഫീഖ് വൈകല്യത്തെ വെല്ലുവിളിച്ചു. ഇത് കൂടാതെ പൊതുരംഗത്തും ഷഫീഖ് ഒരു സജീവ സാന്നിധ്യമാണ്. ഇറാനിൽ നടന്ന ആംപ്യൂട്ടി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂരിൽ വച്ചുനടന്ന സംസ്ഥാന ഭിന്നശേഷിക്കാരുടെ നീന്തൽ മത്സരത്തിൽ വിജയിയാകുകയും ഭിന്നശേഷിക്കാർക്കായി 2021ൽ സാമൂഹിക നീതി വകുപ്പിന്റെ അവാർഡ് നേടുകയും ചെയ്തിട്ടുണ്ട് ഷഫീഖ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News